അനുതാപത്തോടും ക്ഷമയോടും കൂടെ… ഉത്ഥിതനെ തേടുന്നവർ

അനുതാപത്തോടും ക്ഷമയോടും കൂടെ…   ഉത്ഥിതനെ തേടുന്നവർ

വത്തിക്കാൻ : പെസഹാക്കാലം മൂന്നാംവാരം ഞായര്‍ – ലൂക്കാ 24, 35-48 സുവിശേഷചിന്തകൾ …

 

1. അനുതാപത്തിലേയ്ക്കും  സാക്ഷ്യം നൽകലിലേയ്ക്കുമുള്ള വിളി
ഉത്ഥാനത്തിനുശേഷം ശിഷ്യന്മാരുടെ ഇടയിൽ പ്രത്യക്ഷനാകുന്ന യേശു അവരുടെ സംശയങ്ങളെല്ലാം ദുരീകരിച്ചതിനുശേഷം, അവരെ ഈ ലോകം മുഴുവനെയും അനുതാപത്തിലേയ്ക്ക് ക്ഷണിക്കുവാനും, ഉത്ഥിതനായ ക്രിസ്തുവിനു സാക്ഷികളാകുവാനുംവേണ്ടി ഒരുക്കുകയാണ്. യേശുവിനാൽ ഭരമേല്പിക്കപ്പെട്ട ഈ ദൗത്യം വിശുദ്ധ പത്രോസ് തന്‍റെ  പ്രസംഗത്തിൽ നിർവഹിക്കുന്നത് ഇന്നത്തെ ഒന്നാം വായനയിൽ നാം ശ്രവിക്കുന്നു. അഥവാ നാം പാപം ചെയ്യുകയാണെങ്കിൽ പിതാവിന്‍റെ മുമ്പിൽ നീതിമാനായ ക്രിസ്തു മദ്ധ്യസ്ഥനായുണ്ടെന്ന് രണ്ടാം വായന വിവരിക്കുന്നു. 

2.  മൂന്നു  ചോദ്യങ്ങൾക്ക് ഉത്തരം:
പെസഹാ കാലത്തിലെ ഈ മൂന്നാം ഞായറാഴ്ച മാത്രമാണ് വിശുദ്ധ ലൂക്കയുടെ സുവിശേഷം വിചിന്തനത്തിനായി തിരുസഭ നമുക്ക് തരുന്നത്. മറ്റുള്ള ഞായറാഴ്ചകളിലെല്ലാം വിശുദ്ധ യോഹന്നാന്‍റെ സുവിശേഷമാണ് നാം ശ്രവിക്കുന്നത്. തിരുസഭ വിശുദ്ധ ലൂക്കയുടെ സുവിശേഷത്തിലെ അവസാന അധ്യായത്തിലെ അവസാന തിരുവചനങ്ങൾ നമുക്കായി നൽകിക്കൊണ്ട് ആദിമ ക്രൈസ്തവരുടെ ഇടയിൽ നിലനിന്നിരുന്ന, എന്നാൽ ഇന്ന് നമ്മുടെ ഉള്ളിലും നിലനിൽക്കുന്ന മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു.
ഒന്നാമത്തെ ചോദ്യം : എങ്ങനെയാണ് ക്രൂശിതനായവൻ “മിശിഹാ” എന്ന രക്ഷകനാകുന്നത്?
രണ്ടാമത്തെ ചോദ്യം : ഉത്ഥാനം യാഥാർഥ്യമാണോ? അതോ ശിഷ്യന്മാരുടെ ഭാവനയിൽ തെളിഞ്ഞ ആശയം മാത്രമാണോ?
മൂന്നാമത്തെ ചോദ്യം : എങ്ങനെയാണ് തിരുവെഴുത്തുകളിലൂടെ യേശുവിന്‍റെ മരണത്തെ മനസിലാക്കാൻ സാധിക്കുന്നത്?

3. രക്ഷകനായ ക്രിസ്തു:
എമ്മാവൂസിലേക്കു പോയ ശിഷ്യന്മാർ ജറുസലേമിലേയ്ക്ക് മടങ്ങിവന്ന് അവർക്ക് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് മറ്റു ശിഷ്യന്മാരോട് സംസാരിക്കുന്ന വേളയിൽതന്നെ അവരുടെ മദ്ധ്യേ പ്രത്യക്ഷനായി അവരുടെ സംശയങ്ങൾക്കെല്ലാം മറുപടി നൽകി യേശു അവരെ ധൈര്യപ്പെടുത്തുന്നു. തന്‍റെ കൈകളും കാലുകളും കാണിച്ചുകൊണ്ടും, അവയിൽ സ്പർശിച്ചുനോക്കാൻ അവരെ ക്ഷണിച്ചുകൊണ്ടും താൻ അരൂപിയല്ലെന്നും മറിച്ച് അസ്ഥിയും മാംസവുമുള്ള ജീവിക്കുന്ന യേശുവാണെന്ന് വ്യക്തമാക്കുന്നു. എന്തിനേറെ, അവരിൽനിന്നു ഭക്ഷണം ചോദിച്ചുവാങ്ങി ഭക്ഷിച്ചുകൊണ്ട് അവരുടെ സംശയത്തെ പൂർണ്ണമായും ഇല്ലാതാക്കുന്നു. 

4. മുറിച്ചു നല്കൽ:
മോശയുടെ നിയമത്തിലും പ്രവാചകന്മാരിലും സങ്കീർത്തനത്തിലും (പഴയ നിയമത്തിൽ) യേശുവിനെക്കുറിച്ച് പറയപ്പെട്ടവയെല്ലാം വീണ്ടും വിശദീകരിച്ചുകൊണ്ട് ക്രൂശിതനായ താൻ തന്നെയാണ് രക്ഷകനായ ക്രിസ്തു എന്ന് വ്യക്തമാക്കുന്നു. ഓർക്കുക, ചില കാര്യങ്ങൾ കാണണമെങ്കിൽ കാഴ്ചപ്പാട് മാറണം. കൂടെ നടന്നവൻ ഹൃദയം ജ്വലിപ്പിച്ചവനാണ്, എന്നിട്ടും അവനെ തിരിച്ചറിയുന്നതിന് അപ്പം മുറിക്കലിന്‍റെ നേരത്ത് മാത്രം. മുറിവേറ്റവൻ ഭക്ഷണമേശയിൽ അപ്പമെടുത്തു മുറിച്ചു നൽകിയപ്പോഴാണ് അവരുടെ കണ്ണുകൾ തുറക്കപ്പെട്ടതെന്ന് ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു. അതായത്, കൂടെയുള്ളവരുടെ കണ്ണുകൾ തുറക്കണമെങ്കിൽ സ്വന്തമായുള്ളത് തന്നെ മുറിച്ചു നൽകണമെന്ന് സാരം. ചുരുക്കത്തിൽ, മുറിച്ചു നൽകിയാൽ മാത്രമേ എന്നെയും നിന്നെയും തിരിച്ചറിയാൻ കൂടെയുള്ളവർക്ക് സാധിക്കൂ. .

5. ദൗത്യം നൽകുന്നു:
യേശു താൻ ഉത്ഥിതനായ, ജീവിക്കുന്ന ക്രിസ്തുവാണെന്ന് ശിഷ്യന്മാർക്ക് വെളിപ്പെടുത്തിക്കൊണ്ട് അവർക്ക് യേശു ദൗത്യം ഏൽപ്പിക്കുന്നു. പാപമോചനത്തിനുള്ള അനുതാപം യേശുവിന്‍റെ നാമത്തിൽ ജറുസലേമിൽ ആരംഭിച്ച്, എല്ലാ ജനതകളോടും പ്രഘോഷിക്കുവാൻ പറയുന്നു. ഉത്ഥാനത്തിനു മുൻപ് ഗലീലിയായിലും യൂദയായിലും ജറുസലേമിലും മാത്രം മുഴങ്ങിക്കേട്ട യേശുവിന്‍റെ വചനം ഉത്ഥാനത്തിനുശേഷം ശിഷ്യന്മാരിലൂടെ ജനതകളുടെ ഇടയിലേക്ക്, ലോകം മുഴുവൻ പ്രഘോഷിക്കപ്പെടുകയാണ്. 

5. കൈമാറ്റത്തിന്‍റെ സാക്ഷികളാവുക:
യേശു പറയുന്നു: “നിങ്ങൾ ഇവയ്ക്ക് സാക്ഷികളാണ്” എന്നാണ്. ശിഷ്യന്മാർ മാത്രമല്ല, യേശുവിന്‍റെ ശരീരം സ്പർശിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്ന നാം ഓരോരുത്തരും ഇതിന് സാക്ഷികളാണ്. 

6. ഉപസംഹാരം:
ഉത്ഥിതനെക്കുറിച്ചുള്ള സ്നേഹം ഹൃദയത്തിൽ നിറവാകുമ്പോൾ യുക്തിക്കതീതമായത് ദർശനമാകും. ആ സ്നേഹം അനിർവചനീയമായ അനുഭവമായതു കൊണ്ടുതന്നെ അലസരായി നില്ക്കാൻ സാധിക്കില്ല. നമ്മൾ സാക്ഷികളായി മാറും. അങ്ങനെ, ജെറുസലേമിൽനിന്ന് ആരംഭിച്ച്‌ എല്ലാ ജനതകളോടും ദൈവസ്നേഹത്തിന്‍റേയും പാപമോചനത്തിനത്തിന്‍റേയും പ്രഘോഷണവുമായി ശിഷ്യന്മാർ ഇറങ്ങിത്തിരിച്ചതുപോലെ നമ്മുടെ ജീവിതവും പ്രഘോഷണവും സാക്ഷ്യമായി രൂപപ്പെടും. ആമേൻ.

 

 


Related Articles

പാപ്പാ: അനുകമ്പയുടെയും ആർദ്രതയുടെയും തിരുനാളാണ് ക്രിസ്തുമസ്

2021ൽ വത്തിക്കാനിൽ സ്ഥാപിക്കപ്പെട്ട ക്രിസ്തുമസ് മരം പാപ്പാ: അനുകമ്പയുടെയും ആർദ്രതയുടെയും തിരുനാളാണ് ക്രിസ്തുമസ്  വത്തിക്കാ൯: 2021 നവംബർ 22-ആം തിയതി തിങ്കളാഴ്ച്ച വത്തിക്കാനിൽ വിശുദ്ധ ക്ലമന്റീനാ ഹാളിൽ

മരണത്തെ വിറകൊള്ളിക്കുന്ന പ്രാർത്ഥനയുടെ ശക്തി

മരണത്തെ വിറകൊള്ളിക്കുന്ന പ്രാർത്ഥനയുടെ ശക്തി വത്തിക്കാൻ : ഏപ്രിൽ 15, വ്യാഴം പാപ്പാ ഫ്രാൻസിസ് സാമൂഹ്യശ്രൃംഖലയിൽ കണ്ണിചേർത്ത സന്ദേശം : “ഒരു ക്രിസ്ത്യാനി  പ്രാർത്ഥിക്കുമ്പോൾ മരണംപോലും വിറകൊള്ളുന്നു.

സഹിക്കുന്ന ക്രിസ്തു നമ്മിൽ സന്നിഹിതനാകുന്ന ധ്യാനദിനങ്ങൾ

സഹിക്കുന്ന ക്രിസ്തു നമ്മിൽ സന്നിഹിതനാകുന്ന ധ്യാനദിനങ്ങൾ വത്തിക്കാൻ : മാർച്ച് 29, തിങ്കളാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച ഒറ്റവരി ചിന്ത : “ഈ നാളുകളിൽ യേശുവിന്‍റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<