ഉദയംപേരൂര്‍ സൂനഹദോസിന്റെ 425 -ാം വാര്‍ഷിക ആഘോഷങ്ങള്‍ എറണാകുളത്ത് നടന്നു

by admin | August 23, 2024 9:40 am

ഉദയംപേരൂര്‍ സൂനഹദോസിന്റെ 425 -ാം വാര്‍ഷിക ആഘോഷങ്ങള്‍ എറണാകുളത്ത് നടന്നു.

കൊച്ചി :  ഉദയംപേരൂര്‍ സൂനഹദോസിന്റെ 425 -ാം വാര്‍ഷിക ആഘോഷങ്ങള്‍ ഓഗസ്റ്റ് 22, വ്യാഴാഴ്ച എറണാകുളത്ത് പിഒസിയില്‍ സംഘടിപ്പിച്ചു. 1599ല്‍ നടന്ന ഉദയംപേരൂര്‍ സൂനഹദോസ് കേരളത്തിന്റെ നവോത്ഥാനത്തിന് നാന്ദി കുറിച്ച ചരിത്ര സംഭവമാണ്. സാമൂഹിക മതാത്മക മേഖലകളിലെ അനാചാരങ്ങള്‍ക്കും നീതികേടുകള്‍ക്കും എതിരെ ഉയര്‍ന്ന ആദ്യത്തെ ശബ്ദ വിപ്ലവമായിരുന്നു ഉദയംപേരൂര്‍ സൂനഹദോസ് .

കെആര്‍എല്‍സിസി ഹെറിറ്റേജ് കമ്മീഷന്‍ വരാപ്പുഴ അതിരൂപതയുടെ സഹകരണത്തോടെയാണ് വാര്‍ഷിക ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത് ഇതോടനുബന്ധിച്ച് ശില്പശാലയും പൊതുസമ്മേളനവും നടന്നു.

ഉച്ചയ്ക്ക് 2:30 ന് നടക്കുന്ന ശില്പശാലയില്‍ കേരള നവോത്ഥാന സമാരംഭം എന്ന വിഷയത്തില്‍ ചരിത്രകാരനായ ഡോ. കുര്യാസ് കുമ്പളക്കുഴി, മലയാള ഭാഷയിലെ സുദീര്‍ഘവും സമ്പൂര്‍ണ്ണവുമായ പ്രഥമ ഗദ്യരചന എന്ന വിഷയത്തില്‍ കേരള നോളെജ് ഇക്കണോമി മിഷന്‍ ഡയറക്ടര്‍ ഡോ. പി. എസ്. ശ്രീകല, ഉദയംപേരൂര്‍ സൂനഹദോസിന്റെ കാലാതിവര്‍ത്തിയായ പ്രസക്തി എന്ന വിഷയത്തില്‍ ഇന്ത്യന്‍ കാത്തലിക് പ്രസ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഇഗ്‌നേഷ്യസ് ഗോണ്‍സാല്‍വസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

കോട്ടപ്പുറം രൂപതാ മെത്രാന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ മോഡറേറ്റര്‍ ആയിരിക്കും. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് സ്വാഗതം ആശംസിച്ചു

തുടര്‍ന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് അഡ്വ. വി. ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു.

വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.

ഷെവ. ഡോ. പ്രിമൂസ് പെരിഞ്ചേരി രചിച്ച ‘ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍ (1599) ആധുനിക മലയാള ഭാഷാന്തരണം’ എന്ന ഗ്രന്ഥം ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ ജസ്റ്റീസ് (റിട്ട) മേരി ജോസഫിനു നല്‍കി പ്രകാശനം ചെയ്തു. കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല പുസ്തകം പരിചയപ്പെടുത്തി. ഹെരിറ്റേജ് കമ്മീഷന്‍ സെക്രട്ടറി ഡോ. ആന്റണി പാട്ടപ്പറമ്പില്‍, ഡോ. പ്രീമൂസ് പെരിഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.

 

Source URL: https://keralavani.com/%e0%b4%89%e0%b4%a6%e0%b4%af%e0%b4%82%e0%b4%aa%e0%b5%87%e0%b4%b0%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%82%e0%b4%a8%e0%b4%b9%e0%b4%a6%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1/