കക്ഷി രാഷ്ടീയത്തിനതീതമായി തൊഴിലാളികൾ ഒന്നിക്കണം: ജസ്റ്റിസ് ബാബു മാത്യു

by admin | May 3, 2023 7:10 am

കക്ഷി രാഷ്ടീയത്തിനതീതമായി

തൊഴിലാളികൾ  ഒന്നിക്കണം:

ജസ്റ്റിസ് ബാബു മാത്യു.

 

കൊച്ചി :  തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിന്റെ ഭാഗമായി നാലു കോഡുകളാക്കി മാറ്റിയെങ്കിലും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിനു പകരം തൊഴിലാളികൾ മുൻ കാലങ്ങളിൽ അനുഭവിച്ചിരുന്ന പല തൊഴിൽ നിയമങ്ങളും ആനുകൂല്യങ്ങളും ഇല്ലാതാവുന്ന കാഴ്ച്ചയാണ് ഇന്ന് കാണുന്നത് എന്ന് ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പറഞ്ഞു. കേരള ലേബർ മൂവ്മെന്റ് വരാപ്പുഴ അതിരൂപത സമിതി നടത്തിയ മെയ് ദിന സമ്മേളനം എറണാകുളം സോഷ്യൽ സർവ്വിസ് സൊസൈറ്റി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ കക്ഷി രാഷ്ടീയ ഭേദമന്യേ തൊഴിലാളികൾ എല്ലാവരും ഒരു കുട കീഴിൽ അണിനിരക്കാൻ സാഹചര്യമുണ്ടാകണം. കേരളം ഉൾപ്പെടെ ഇന്ത്യയിലെമ്പാടും മുതലാളിത്ത കേന്ദ്രങ്ങൾ നിയന്ത്രിക്കുന്ന തരത്തിലാണ് ഇന്ന് കാര്യങ്ങൾ ഉള്ളതെന്നും തൊഴിലാളികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ആട്ടോമേഷന്റേയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റേയും ആവിർഭാവത്തോടെ പല തൊഴിൽ മേഖലകളിലും തൊഴിൽ നഷ്ടമുണ്ടാകുന്നുണ്ട്. അസംഘടിത തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യഭ്യാസം നല്കിയാൽ മാത്രമേ അവരുടെ കുടുംബ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സാധിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ കേരള ലേബർ മൂവ്മെന്റ് വരാപ്പുഴ അതിരൂപത പ്രസിഡന്റ് ബിജു പുത്തൻപുരക്കൽ അദ്ധ്യക്ഷനായിരുന്നു. ഡയറക്ടർ ഫാ. മാർട്ടിൻ അഴീക്കകത്ത് കെ എൽ എം സംസ്ഥാന പ്രസിഡന്റ് ബാബു തണ്ണിക്കോട്ട്, കെ എൽ സി എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ്, ഡൊമസ്റ്റിക് വർക്കേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് ശ്രീമതി ഷെറിൻ ബാബു, സജി ഫ്രാൻസിസ് , ബേസിൽ മുക്കത്ത് , മാത്യു ഹിലാരി,ജിപ്സി ആന്റണി, ജോർജ്ജ് പോളയിൽ , ശ്രീമതി ഫ്രാൻസിസ്ക ദാസ്, മോളി ജൂഡ് തുടങ്ങിയവർ പ്രസംഗിച്ചു. നിർമ്മാണ ക്ഷേമനിധിയുൾപ്പെടെയുള്ള ക്ഷേമനിധി പെൻഷൻ, ആനുകൂല്യങ്ങൾ കുടിശിഖയുള്ളത് ഉടൻ കൊടുത്തു തീർക്കണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കെ എൽ സി.എ സംസ്ഥാന പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ഷെറി ജെ തോമസിനെ സമ്മേളനം ആദരിച്ചു.

Share this:

Source URL: https://keralavani.com/%e0%b4%95%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%80%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%a4%e0%b5%80%e0%b4%a4%e0%b4%ae%e0%b4%be/