പറയുന്നതുപോലെ എഴുതരുത് ;  എഴുതുന്നതു പോലെ പറയണം

പറയുന്നതുപോലെ എഴുതരുത് ;  എഴുതുന്നതു പോലെ പറയണം

 

കേരളത്തിൽ സംവരണേതര വിഭാഗങ്ങൾ എന്ന പേരിൽ 164 സമുദായങ്ങളുടെ പട്ടിക ഉൾക്കൊള്ളുന്ന സർക്കാർ ഉത്തരവ് 114/2021 പുറത്തിറക്കിയപ്പോൾ EWS സംവരണത്തിന് അർഹരായ വിഭാഗങ്ങൾക്ക് അത് പ്രയോജനകരമായി. റവന്യൂ ഓഫീസുകളിൽ ജാതി സർട്ടിഫിക്കറ്റ് സംബന്ധിച്ച് സംവരണേതര വിഭാഗങ്ങളുടെ ജാതി ഈ 164 എണ്ണത്തിൽ ഏതെങ്കിലും ആണെങ്കിലാണ് പുതിയ സാമ്പത്തിക സംവരണത്തിന് അർഹത ലഭിക്കുന്നത്. അതുപ്രകാരം കേരളത്തിലെ സിറിയൻ കാത്തലിക് വിഭാഗത്തിൽപ്പെട്ട വർക്ക് റവന്യൂ രേഖകളിൽ ജാതി സർട്ടിഫിക്കറ്റ് നൽകേണ്ടത് സിറിയൻ കാത്തലിക് എന്നായിരിക്കണം.

സർക്കാർ രേഖകളിലെ സിറിയൻ കത്തോലിക്കർ

പുതിയ സർക്കാർ ഉത്തരവ് ഇറങ്ങിയതോടുകൂടി ആർ സി (റോമൻ കാത്തലിക്) എന്ന, സഭാ പരമായ തെറ്റായ ഉപയോഗം സിറിയൻ കത്തോലിക്കരുടെ ഇടയിൽ വ്യാപകമായി ഉണ്ട് എന്നത് കത്തോലിക്കാ സമൂഹങ്ങൾക്കിടയിൽ, മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ ചർച്ചയാകുന്ന മറ്റൊരു വിഷയമാണ്. യഥാർത്ഥത്തിൽ സഭാ നിർവചനങ്ങൾ പ്രകാരം കേരളത്തിലെ ലത്തീൻ കത്തോലിക്കാ വിഭാഗത്തിൽ ഉള്ളവരെയാണ് റോമൻ കാത്തലിക്കർ എന്ന് പറയേണ്ടത്. ലത്തീൻ കത്തോലിക്കരായ ചിലരുടെയൊക്കെ രേഖകളിൽ RCLC (റോമൻ കത്തോലിക്ക ലാറ്റിൻ ക്രിസ്ത്യൻ) എന്നും കാണാം. റവന്യൂ രേഖകളിൽ ഇതുസംബന്ധിച്ച് ഇനിമുതൽ ഒരു കാര്യം വ്യക്തമാണ് – സിറിയൻ കാത്തലിക് എന്ന് എഴുതുന്നവർക്ക് മാത്രമാണ് തൊഴിലിനും വിദ്യാഭ്യാസത്തിനും സംവരണേതർ എന്ന നിലയിലുള്ള സംവരണം ലഭിക്കുക. നിലവിൽ റോമൻ കാത്തലിക് എന്ന് മാത്രം രേഖകളിൽ എഴുതിയവർക്ക്, തങ്ങൾ സിറിയൻ കാത്തലിക് ആണ് എന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടിവരും. മുകളിൽ സൂചിപ്പിച്ച 114/2021 ഉത്തരവിലെ ജാതി പട്ടികയിൽ നമ്പർ 163 ആയി രേഖപ്പെടുത്തിയിട്ടുള്ള സിറിയൻ കാത്തലിക് വിഭാഗമായ സംവരണേതർക്ക് മാത്രമായിരിക്കും അനുകൂലം ലഭിക്കുക. അതുകൊണ്ടുതന്നെ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ ഇനി വരുന്ന തലമുറ റവന്യൂ രേഖകളിൽ സിറിയൻ കാത്തലിക് എന്ന് മാത്രം എഴുതാൻ നിർബന്ധിതരാകുകയും ചെയ്യും.

സർക്കാർ രേഖകളിലെ ലത്തീൻ കത്തോലിക്കർ

സർക്കാർ രേഖകളിൽ കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവ്വീസ് റൂൾസ് പാർട്ട് ഒന്ന് ലിസ്റ്റ് മൂന്നിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിൽ (OBC) ലാറ്റിൻ കാത്തലിക്സ് എന്നാണ് ലത്തീൻ കത്തോലിക്കരുടെ ജാതി രേഖപ്പെടുത്തിയിട്ടുള്ളത്. ഇതുസംബന്ധിച്ച് ലാറ്റിൻ ക്രിസ്ത്യൻസ് എന്ന പദം കൂടി ചേർത്ത് ഭേദഗതി വരുത്തി 15/1995 നമ്പറായി 18.8.95 ൽ സർക്കാർ ഉത്തരവ് ഇറക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് 113/2010 നമ്പർ സർക്കാർ ഉത്തരവ് പ്രകാരം സ്കൂൾ രേഖകളിൽ ലത്തീൻ കത്തോലിക്കരുടെ ഉപജാതി എന്തുതന്നെയായിരുന്നാലും റവന്യൂ വകുപ്പ് നൽകേണ്ട ജാതി സർട്ടിഫിക്കറ്റ് ലത്തീൻ കത്തോലിക്ക എന്ന് തന്നെ ആയിരിക്കണം എന്നും ഉത്തരവിറക്കി. ജാതി സർട്ടിഫിക്കറ്റ് സംബന്ധിച്ച വിഷയത്തിൽ 1947 ന് മുമ്പ് ലത്തീൻ കത്തോലിക്കാ വിശ്വാസികൾ ആയിരിക്കണം എന്ന പരാമർശം ലഘൂകരിക്കുന്നതിന് 55/2012 നമ്പർ സർക്കാർ ഉത്തരവിറക്കുകയും ഗുണഭോക്താവും പിതാവും ലത്തീൻ കത്തോലിക്കാ സമുദായാംഗങ്ങൾ ആയിരുന്നുവെന്ന് ബിഷപ്പുമാർ നൽകുന്ന സർട്ടിഫിക്കറ്റ് റവന്യൂ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിന് സഹായകരമായ രേഖയായി പരിഗണിക്കണം എന്നും ഉൾചേർത്തു. ചുരുക്കത്തിൽ, നിലവിൽ റോമൻ കത്തോലിക്കർ എന്ന് മാത്രം രേഖകളിൽ ഉള്ള ലത്തീൻ കത്തോലിക്കരല്ലാത്തവർ, ലത്തീൻ കത്തോലിക്കാ സംവരണം അനർഹമായി ഉപയോഗപ്പെടുത്താത്ത വിധത്തിൽ, റോമൻ കത്തോലിക്കർ എന്നെഴുതുന്ന ലത്തീൻ വിഭാഗത്തിലുള്ളവർക്ക് കൂടി ലത്തീൻ കത്തോലിക്കാ ജാതി സംവരണം ലഭിക്കുമെന്നത് ഉറപ്പാക്കുന്ന സ്പഷ്ടീകര ഉത്തരവുകൾ ഇറങ്ങിയാൽ മാത്രമാണ് ലത്തീൻ കത്തോലിക്കർക്ക് രേഖകളിൽ ഇപ്പോഴത്തെ രീതിയിൽനിന്ന് രീതിയിൽ മാറ്റം വരുത്താനാകു.

 

Adv.Sherry J Thomas

sherryjthomas@gmail.com


Related Articles

എട്ടേക്കർ പള്ളി സുവർണ ജൂബിലി സ്മരണിക പ്രകാശനം ചെയ്തു.

എട്ടേക്കർ പള്ളി സുവർണ ജൂബിലി സ്മരണിക പ്രകാശനം ചെയ്തു.   കൊച്ചി : എടത്തല സെന്റ് ജൂഡ് ഇടവകയുടെ സുവർണ്ണ ജൂ ബിലിയോടനുബന്ധിച്ചു തയ്യാറാക്കിയ സ്മരണികയുടെ പ്രകാശനം

വരാപ്പുഴ അതിരൂപത പബ്ലിക് റിലേഷൻ ഡയറക്ടറായി ഫാ. യേശുദാസ് പഴമ്പിള്ളി സ്ഥാനമേറ്റു..

വരാപ്പുഴ അതിരൂപത പബ്ലിക് റിലേഷൻ ഡയറക്ടറായി ഫാ. യേശുദാസ് പഴമ്പിള്ളി സ്ഥാനമേറ്റു.   കൊച്ചി :  ഇന്ന് (27.02.23 )രാവിലെ 11 മണിക്ക് വരാപ്പുഴ അതിരൂപത മെത്രാസന

സഭാവാര്‍ത്തകള്‍ – 03. 03. 24.

സഭാവാര്‍ത്തകള്‍ – 03. 03. 24.   വത്തിക്കാൻ വാർത്തകൾ   സമാധാനത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം : ഫ്രാന്‍സിസ് പാപ്പാ വത്തിക്കാൻ : വിവിധ രാജ്യങ്ങളില്‍ നടമാടുന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<