പാപ്പാ:ക്രിസ്തുപ്രഘോഷണത്തിന്‍റെ സാഹോദര്യ സരണിയില്‍ സഞ്ചരിക്കുക!

പാപ്പാ:ക്രിസ്തുപ്രഘോഷണത്തിന്‍റെ സാഹോദര്യ

സരണിയില്‍ സഞ്ചരിക്കുക!

 

 വത്തിക്കാന്‍  : പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാ പ്രഭാഷണം: പൗലോസപ്പസ്തോലന്‍ ഗലാത്തിയക്കാര്‍ക്കെഴുതിയ ലേഖനത്തിലെ ആശയങ്ങളെ അധികരിച്ചുള്ള പുതിയ പരമ്പര.

ഈ ബുധനാഴ്ചയും (23/06/2021) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ പതിവുപോലെ പൊതുദര്‍ശനം അനുവദിച്ചു. ഈ പ്രതിവാര പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ വേദി കഴിഞ്ഞ ആഴ്ചയിലെപ്പോലെ തന്നെ വത്തിക്കാന്‍ നഗരത്തിനകത്ത്, വിശുദ്ധ ദാമസ് പാപ്പായുടെ നാമത്തിലുള്ള അങ്കണമായിരുന്നു. വിവിധ രാജ്യക്കാരും ഭാഷാക്കാരുമായിരുന്ന നിരവധി തീര്‍ത്ഥാടകരും സന്ദര്‍ശകരും ചത്വരത്തില്‍ സന്നിഹിതരായിരുന്നു. “സ്പൈഡര്‍മാന്‍” വേഷ ധാരിയായി ഇറ്റലിയിലെ ശിശുരോഗാശുപത്രികളിലെത്തി കുഞ്ഞു രോഗികളുടെ മനസ്സിലാനന്ദവും വദനത്തില്‍ പുഞ്ചിരിയും വിടര്‍ത്തുന്ന ഇറ്റലി സ്വദേശിയായ മത്തിയ വില്ലര്‍ദീത്തയും (Mattia Villardita) സ്പൈഡര്‍മാന്‍ വേഷത്തില്‍ ഈ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുകയും പാപ്പായുമൊത്ത് ഏതാനും നിമിഷങ്ങള്‍ ചിലവഴിക്കുകയും ചെയ്തു. പാപ്പാ ചത്വരത്തിലെത്തിയപ്പോള്‍ ജനങ്ങളുടെ ആനന്ദാരവങ്ങള്‍ ഉയര്‍ന്നു. കുഞ്ഞുങ്ങളെ തൊട്ടു തലോടിയും, ആശീര്‍വ്വദിച്ചും, പലരോടും കുശലം പറഞ്ഞും, ഹസ്തദാനമേകിയും ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചും കൊണ്ട് ജനങ്ങള്‍ക്കിടയിലൂടെ നടന്ന്, വേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ ഏതാണ്ട് 09.30 ആയപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1 മണിയോടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു. തദ്ദനന്തരം ജനങ്ങളെ സംബോധനചെയ്ത പാപ്പാ, പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ താന്‍ പ്രാര്‍ത്ഥനയെ അധികരിച്ച് നടത്തിപ്പോന്നിരുന്ന പ്രബോധന പരമ്പര കഴിഞ്ഞയാഴ്ച അവസാനിച്ചതിനെ തുടര്‍ന്ന്, പുതിയൊരു പരമ്പരയ്ക്ക് തുടക്കം കുറിച്ചു. പൗലോസപ്പസ്തോലന്‍ ഗലാത്തിയക്കാര്‍ക്കെഴുതിയ ലേഖനത്തിലെ ആശയങ്ങളാണ് പാപ്പാ തന്‍റെ വിചിന്തനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

 

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

പ്രാർത്ഥനയ്ക്കായി നീക്കിവച്ച നീണ്ട പരമ്പരയ്ക്കു ശേഷം, ഇന്ന് നാം പുതിയൊരു പ്രബോധന പരമ്പരയ്ക്ക് തുടക്കം കുറിക്കുകയാണ്.  പൗലോസിന്‍റെ പരിവര്‍ത്തനത്തെയും യേശുക്രിസ്തുവിനായി ജീവിതം സമര്‍പ്പിക്കാനുള്ള അദ്ദേഹത്തിന്‍റെ തീരുമാനത്തെയും കുറിച്ച് മനസ്സിലാക്കാന്‍ നമുക്ക് സാധിക്കുന്ന തരത്തിലുള്ള ജീവചരിത്രപരമായ നിരവധി പരാമര്‍ശങ്ങള്‍ അദ്ദേഹം ഈ കത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

 

പൗലോസപ്പസ്തോലന്‍റെ പ്രേഷിതയാത്ര:

 

ഈ ലേഖനത്തില്‍ തെളിയുന്ന പ്രഥമ സവിശേഷത, തന്‍റെ പ്രേഷിതയാത്രയില്‍ ചുരുങ്ങിയത് രണ്ട് തവണയെങ്കിലും ഗലാത്യയിലെ സമൂഹങ്ങളെ സന്ദർശിച്ച അപ്പസ്തോലൻ നടത്തിയ മഹത്തായ സുവിശേഷവത്ക്കരണ പ്രവർത്തനമാണ്. പൗലോസ് ആ പ്രദേശത്തെ ക്രിസ്ത്യാനികളെ സംബോധന ചെയ്യുന്നു. ഭൂമിശാസ്ത്രപരമായി ഏതു മേഖലയെയാണ് സൂചിപ്പിക്കുന്നതെന്ന് നമുക്ക് കൃത്യമായി അറിയില്ലെന്നു മാത്രമല്ല, ഈ കത്തെഴുതിയ തീയതിയെക്കുറിച്ചും നമുക്കു ഉറപ്പിച്ചു പറയാനാകില്ല. ഗലാത്തിയർ ഒരു പുരാതന കെൽറ്റിക് ജനതയായിരുന്നുവെന്ന് നമുക്കറിയാം. നിരവധിയായ വിധിവൈപരീത്യങ്ങളെ തരണംചെയ്ത് അവര്‍ ആന്‍സിറ, ഇന്ന് തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറ, തലസ്ഥാനമായുള്ള, അനറ്റോലിയായിലെ അതിവിസ്തൃതമായ ആ പ്രദേശത്ത് താമസമാക്കുകയായിരുന്നു. രോഗം മൂലമാണ് താന്‍ ആ പ്രദേശത്ത് തങ്ങാന്‍ നിര്‍ബന്ധിതനായതെന്ന് പൗലോസ് സൂചിപ്പിക്കുന്നുണ്ട് (ഗാലാത്തി 4,13). എന്നാല്‍, അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍, വിശുദ്ധ ലൂക്കാ, കൂടുതലും കാണുന്നത് ഒരു ആദ്ധ്യാത്മിക പ്രചോദനമാണ്. “ഏഷ്യയില്‍ വചനം പ്രസംഗിക്കുന്നതില്‍ നിന്ന് പരിശുദ്ധാത്മാവ് അവരെ പിന്തിരിപ്പിച്ചതുകൊണ്ട് അവര്‍ ഫ്രീജിയാ, ഗലാത്തിയാ എന്നിവിടങ്ങളിലൂടെ യാത്ര ചെയ്തു (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 16,6). ഈ രണ്ടു വസ്തുതകളും പരസ്പരവിരുദ്ധങ്ങളല്ല: മറിച്ച്, സുവിശേഷവത്ക്കരണത്തിന്‍റെ പാത എല്ലായ്പ്പോഴും നമ്മുടെ ഇച്ഛയെയും പദ്ധതികളെയും ആശ്രയിച്ചല്ല ഇരിക്കുന്നതെന്നും നമ്മെത്തന്നെ രൂപപ്പെടുത്താനും അപ്രതീക്ഷിത വഴികളിലൂടെ സഞ്ചരിക്കാനുമുള്ള സന്നദ്ധത ആവശ്യമാണെന്നും സൂചിപ്പിക്കുന്നു. എന്നിരുന്നാലും ഗലാത്തിയ പ്രദേശത്തുടനീളം ചെറു സമൂഹങ്ങള്‍ സ്ഥാപിക്കുന്നതില്‍, തന്‍റെ അശ്രാന്തമായ സുവിശേഷത്ക്കരണ പ്രവര്‍ത്തനത്തിലൂടെ അപ്പസ്തോലന്‍ വിജയിച്ചു എന്ന് നമുക്കു കാണാം. ഒരു നഗരത്തില്‍, ജനങ്ങള്‍ക്കിടയില്‍, ഒരു പ്രദേശത്ത് എത്തിയ പൗലോസ്, ഉട‌ന്‍ തന്നെ ഒരു വലിയ കത്തീദ്രല്‍ പണിയുകയല്ല ചെയ്തത്. നമ്മുടെ ഇന്നതെ ക്രിസ്തീയ സംസ്ക്കാരത്തിന്‍റെ പുളിമാവായ ചെറുസമൂഹങ്ങള്‍ രൂപീകരിക്കുകയാണ് ചെയ്തത്. ഇന്നും ഇതാണ് പ്രഥമ സുവിശേഷവത്ക്കരണത്തിന്‍റെ രീതി.

 


Related Articles

കെടുതികളിൽ വീണ്ടെടുപ്പിനുള്ള ശേഷിയാണ് പ്രത്യാശ

കെടുതികളിൽ വീണ്ടെടുപ്പിനുള്ള ശേഷിയാണ് പ്രത്യാശ   വത്തിക്കാൻ : മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ പാപ്പാ ഫ്രാൻസിസ് പങ്കുവയ്ക്കുന്ന പ്രത്യാശയുടെ ചിന്തകൾ – “പ്രത്യാശയുടെ ശക്തി” – പുസ്തകപരിചയം :

ജീവിതമാണ് ചരിത്രമാകുന്നത് : പാപ്പാ ഫ്രാന്‍സിസ്

വത്തിക്കാൻ  : “ജീവിതമാണ് ചരിത്രമാകുന്നത്!”  പാപ്പാ ഫ്രാന്‍സിസ് 2020-ലേയ്ക്കു പ്രബോധിപ്പിച്ച ആഗോള മാധ്യമദിന സന്ദേശം . നല്ലകഥകളും കെട്ടുകഥകളും ജനുവരി 24–Ɔο തിയതി വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരുടെ മധ്യസ്ഥനായ വിശുദ്ധ

കാലാതിവർത്തിയായ മരിയഗീതം : വിമലേ അംബികേ…

കാലാതിവർത്തിയായ മരിയഗീതം : വിമലേ അംബികേ… വത്തിക്കാൻ : ഫാത്തിമാ നാഥയുടെ തിരുനാളിൽ ഈ ഗാനം ഒരു പ്രാർത്ഥനയായ് സമർപ്പിക്കുന്നു – ഗാനത്തിന്‍റെ വരികളും താഴെ ചേർക്കുന്നു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<