സഭാവാര്‍ത്തകള്‍ – 26 .11. 23

by admin | November 24, 2023 9:20 am

സഭാവാര്‍ത്തകള്‍ – 26 .11. 23

 

വത്തിക്കാൻ വാർത്തകൾ

 

ഫ്രാന്‍സിസ് പാപ്പാ രചിച്ച എന്റെ പുല്‍ക്കൂട് എന്ന

ഗ്രന്ഥം പ്രകാശനം ചെയ്തു.

 

വത്തിക്കാൻ സിറ്റി : 1223 ല്‍ യേശുവിന്റെ ജനനനിമിഷങ്ങളെ ജീവനുള്ള കഥാപാത്രങ്ങളെ കൊണ്ട് ഇറ്റലിയിലെ ഗ്രെച്ചോയില്‍ വിശുദ്ധ ഫ്രാന്‍സിസ് ആദ്യമായി പുനരാവിഷ്‌ക്കരിച്ചതിന്റെ എണ്ണൂറാം വാര്‍ഷികത്തില്‍, പുല്‍ക്കൂട്ടില്‍ വിവിധങ്ങളായ കഥാപാത്രങ്ങളുടെ ഔന്നത്യവും, വൈശിഷ്ട്യതയും എടുത്തുകാണിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ രചിച്ച എന്റെ പുല്‍ക്കൂട് (il mio presepe) എന്ന ഗ്രന്ഥം നവംബര്‍ മാസം ഇരുപത്തിയൊന്നാം തീയതി ചൊവ്വാഴ്ച്ച പ്രകാശനം ചെയ്തു. തന്റെ അജപാലനശുശ്രൂഷയുടെ വിവിധ അവസരങ്ങളില്‍ നടത്തിയ ചിന്തകളെയും, പ്രസംഗങ്ങളെയും, ധ്യാനങ്ങളെയും യേശുവിന്റെ ജനനരംഗത്തെ സംബന്ധിച്ചും, പുല്‍ക്കൂട്ടിലെ പല കഥാപാത്രങ്ങളെ സംബന്ധിച്ചും ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇന്നും പുനരാവിഷ്‌കരിക്കുന്ന ബെത്‌ലെഹെമിലെ രാത്രിരംഗം എല്ലാവരുടെയും, അവിശ്വാസികളുടെപോലും ഹൃദയങ്ങളെ സ്പര്‍ശിക്കാന്‍ ഉതകുന്നതാണെന്ന് പാപ്പാ തന്റെ രചനയിലൂടെ ഈ പുസ്തകത്തില്‍ പറയുന്നു

 

അതിരൂപത വാർത്തകൾ

 

വികസന പദ്ധതികളുടെ ഗുണഭോക്താക്കളാകാൻ എല്ലാവർക്കും അവസരം

ഉണ്ടാവണം- ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

 

കൊച്ചി : നമുക്ക് ചുറ്റും നടക്കുന്ന വികസന പദ്ധതികളുടെയും ക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളാകാൻ എല്ലാ വിഭാഗം ജനങ്ങൾക്കും അവസരം ഉണ്ടാകണം. സ്ഥിരമായി ചിലവിഭാഗങ്ങൾ ഇരകൾ മാത്രമായി മാറുന്ന സാഹചര്യം വേദനാജനകമാണ് എന്ന്ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ ശുപാർശകൾ സമയബന്ധിതമായി നടപ്പിലാക്കുക, കെടാവിളക്ക് പദ്ധതി പ്രഖ്യാപിച്ചപ്പോൾ കുട്ടികൾക്ക് നിഷേധിക്കപ്പെട്ട സ്കോളർഷിപ്പ് പുനഃസ്ഥാപിക്കുക, പാലസ്തീൻ- ഇസ്രായേൽ വിഷയത്തിൽ സമാധാനം പുനസ്ഥാപിക്കാൻ അന്താരാഷ്ട്ര തല നടപടികൾ ഉണ്ടാകണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  വരാപ്പുഴ അതിരൂപത പാസ്റ്ററൽ കൗൺസിൽ വാർഷിക യോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിറ്റം, ഫാ. എബിജിൻ അറക്കൽ, ഫാ യേശുദാസ് പഴമ്പിള്ളി, ഫാ.ഡഗ്ളസ് പിൻഹീറോ, എന്നിവർ പ്രസംഗിച്ചു.

 

കെ എൽ സി എ ഗ്ലോബൽ ഫോറം – ദുബായിൽ യോഗം ചേർന്നു.

ദുബായ് :  കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) സംസ്ഥാന ഭാരവാഹികൾ ദുബായിലെ ലത്തീൻ കത്തോലിക്കാ സമൂഹവുമായി കൂടിക്കാഴ്ച നടത്തി. ആഗോളതല പ്രവർത്തനങ്ങളുടെ ഭാഗമായി കെഎൽസിഎ ഗ്ലോബൽ ഫോറം പ്രവർത്തനങ്ങളുമായി സഹകരിക്കാൻ കേരള ലാറ്റിൻ കമ്മ്യൂണിറ്റി ദുബായ് (കെആർഎൽസിസി ദുബായ്) ഭാരവാഹികളുടെ യോഗത്തിൽ ധാരണയായി. ലോകത്തെമ്പാടുമുള്ള പ്രവാസികളായ ലത്തീൻ കത്തോലിക്കരെ സമുദായ പ്രവർത്തനങ്ങളിൽ കൂടുതൽ സഹകരിപ്പിക്കുന്നതിന് വേണ്ടിയാണ് വിവിധ രാജ്യങ്ങളിൽ കെ എൽ സി എ ഗ്ലോബൽ ഫോറം പ്രവർത്തനമാരംഭിക്കുന്നതെന്ന് ദുബായിൽ ചേർന്ന യോഗത്തിൽ klca സംസ്ഥാന പ്രസിഡൻറ് അഡ്വ ഷെറി ജെ തോമസ് പറഞ്ഞു.

Share this:

Source URL: https://keralavani.com/%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be-%e0%b4%b0%e0%b4%9a%e0%b4%bf%e0%b4%9a%e0%b5%8d/