ലോകത്തെ ഏഴു സമ്പന്ന രാഷ്ട്രങ്ങളുടെ (G7) ഉച്ചകോടിയോടു ദരിദ്രരാഷ്ടങ്ങളുടെ കടങ്ങൾ എഴുതിത്തള്ളാൻ അഭ്യർത്ഥിച്ച് കാരിത്താസ് അന്തർദ്ദേശീയ സംഘടന :  

by admin | June 15, 2021 8:57 am

ലോകത്തെ ഏഴു സമ്പന്ന രാഷ്ട്രങ്ങളുടെ (G7) ഉച്ചകോടിയോടു

ദരിദ്രരാഷ്ടങ്ങളുടെ കടങ്ങൾ എഴുതിത്തള്ളാൻ അഭ്യർത്ഥിച്ച്

കാരിത്താസ് അന്തർദ്ദേശീയ സംഘടന :  

വത്തിക്കാന്‍  : ഇംഗ്ലണ്ടിലെ കോൺവാളിൽ കാർബിസ് ബേ ഗ്രാമത്തിലാണ് മൂന്ന് ദിവസത്തെ G7 ഉച്ചകോടി നടക്കുന്നത്. അജണ്ടയിലെ പ്രധാന വിഷയം പകർച്ചവ്യാധിയിൽ നിന്നുമുള്ള ആഗോള വീണ്ടെടുപ്പാണ്.

ദരിദ്രരാഷ്ട്രങ്ങളുടെ കടം റദ്ദാക്കാതെയും കോവിഡിനെതിരെയുള്ള പ്രതികരണത്തിലും വീണ്ടെടുപ്പിനുമായി ഫണ്ടുകൾ പുനർനിക്ഷേപിക്കാതെയും കാലാവസ്ഥാ പ്രതിസന്ധിയെ ചെറുക്കാതെയും ഒരു മെച്ചപ്പെട്ട പുനർനിർമാണം സാധ്യമല്ല എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് അന്തർദേശീയ കാരിത്താസ് സംഘടന ഏഴു സമ്പന്ന രാഷ്ട്രങ്ങളായ ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, അമേരിക്കാ എന്നീ രാജ്യങ്ങളുടെ ഉച്ചകോടി സമ്മേളനത്തിൽ തങ്ങളുടെ അഭ്യർത്ഥന മുന്നോട്ടുവച്ചത്. ഉച്ചകോടിയിൽ അതിഥികളായി യൂറോപ്യൻ യൂണിയൻ, ഓസ്ട്രേലിയാ, തെക്കനാഫ്രിക്കാ, തെക്കൻ കൊറിയാ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമുണ്ട്.

ലോകത്തിൽ വ്യാപകമായ സാമൂഹ്യ അനീതികളെ വ്യക്തമാക്കി തന്ന കോവിഡ് 19, ഭാവിയുടെ പുനർനിർമ്മാണത്തിനുള്ള ഏക മാർഗ്ഗം അത്തരം അനീതികളുടെ നിർമ്മാർജനമാണെന്ന് കാണിച്ചുതരുന്നെന്നും അന്തർദ്ദേശീയ കാരിത്താസ് സംഘടനയുടെ സെക്രട്ടറി ജനറലായ അലോഷ്യസ് ജോൺ പറഞ്ഞു. കോവിഡ് ഏറ്റം ബാധിച്ചവരെ പിൻതുണയ്ക്കാനും നീതിപൂർവ്വകവും ഹരിതവുമായ ഒരു വീണ്ടെടുപ്പിനെ സഹായിക്കാനും G7 രാജ്യങ്ങൾ നേതൃത്വം നൽകണമെന്നും അതിന്റെ ആദ്യപടിയാവണം കടങ്ങളുടെ റദ്ദാക്കലെന്നും ഏറ്റവും അത്യാവശ്യമുള്ളിടത്ത് പണമെത്തിക്കാൻ ഇതാണ് വേഗമാർന്ന മാർഗ്ഗമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതാണ്ട് 200 രാജ്യങ്ങളിൽ ഏറ്റം അടിത്തട്ടിലുള്ളവരുമായി ഇടപഴകി പ്രവർത്തിക്കുന്ന കാരിത്താസ് കടം ജനങ്ങളിലുണ്ടാക്കുന്ന നാടകീയമായ അനന്തര ഫലങ്ങൾക്ക് സാക്ഷികളാണ്. സാംബിയ അതിന്റെ ദേശീയ വാർഷീക ബട്ജറ്റിന്റെ 45% മാണ് കടം വീട്ടാൻ ഉപയോഗിക്കേണ്ടിവരുന്നത്. ഇത്തരം ഒരു ഭാരവുമായി എങ്ങനെയാണ് ഒരു രാജ്യത്തിന്റെ പുനർനിർമ്മാണം നടത്താനും, കോവിഡ് മൂലമുള്ള പ്രതിസന്ധിയിൽ ആരോഗ്യ സംവിധാനങ്ങളെ പുഷ്ടിപ്പെടുത്താനും കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു. ആഫ്രിക്കൻ രാജ്യങ്ങൾക്ക് സ്വകാര്യ കടം തിരിച്ചടക്കാൻ 23.4 ബില്യൺ ഡോളറാണ് 2021 ൽ ആവശ്യമായുള്ളത്. ഇത് ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിന് മുഴുവൻ വാക്സിൻ വാങ്ങാനാവശ്യമായതിന്റെ മൂന്നിരട്ടിയോളം വരുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇന്നത്തെ പ്രതിസന്ധിയിൽ സർക്കാരുകൾക്ക് നേരിട്ടു പണം ലഭ്യമാകാൻ അന്താരാഷ്ട്ര നാണയനിധി (IMF) ലഭ്യമാക്കുന്ന പണമെടുക്കുന്നതിനുള്ള പ്രത്യേക അവകാശങ്ങൾ (Special Drawing Rights) ഉപയോഗപ്പെടുത്താനും കാരിത്താസ് G7 രാഷ്ട്രങ്ങളുടെ ശ്രദ്ധ ക്ഷണിച്ചു.

ഈ പ്രത്യേക അവകാശങ്ങൾ വഴി ആഗോള പ്രതിസന്ധിയെ നേരിടാൻ ഗ്രാൻറുകൾ നൽകി ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും, വാക്സിൻ ലഭ്യമാക്കാനും നീതിയുക്തവും ഹരിതവുമായ പുനർനിർമ്മാണത്തിൽ നിക്ഷേപിക്കാനും ആവശ്യപ്പെട്ട കാരിത്താസ് G7 പരിസ്ഥിതി പ്രതിസന്ധി ഗൗരവമായി കാണണമെന്നും ഫോസിൽ ഇന്ധനങ്ങൾക്കുള്ള സബ്സിഡികൾ നിർത്തലാക്കാൻ പ്രതിജ്ഞയെടുക്കണമെന്നും കൂട്ടിച്ചേർത്തു.

Share this:

Source URL: https://keralavani.com/%e0%b4%b2%e0%b5%8b%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%8f%e0%b4%b4%e0%b5%81-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d/