വരാപ്പുഴ അതിരൂപതയിൽ കുടുംബ വിശുദ്ധീകരണ വർഷത്തിന് തുടക്കമായി

by admin | December 27, 2022 7:09 am

വരാപ്പുഴ

അതിരൂപതയിൽ

കുടുംബവിശുദ്ധീകരണ

വർഷത്തിന്

തുടക്കമായി

 

കൊച്ചി : വരാപ്പുഴ അതിരൂപതയിൽ കുടുംബ വിശുദ്ധീകരണ വർഷം 2023 അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ തിരിതെളിച്ചും വിശുദ്ധീകരണത്തിന്റെ അടയാളമായി കുന്തുരുക്കം പുകച്ചും ഉദ്ഘാടനം ചെയ്തു. ആഗോള കത്തോലിക്കാ സഭ പ്രഖ്യാപിച്ചിട്ടുള്ള സിനഡിന്റെയും കേരള സഭാനവീകരണ പ്രവർത്തനങ്ങളുടെയും പശ്ചാത്തലത്തിൽ കോവിഡനന്തര ആത്മീയ വരൾച്ചയിൽ നിന്നും സുസ്ഥിരവും ക്രിസ്തുവിലേക്ക് തുടരുന്നതുമായ ആത്മീയ വളർച്ചയിലേക്ക് ഉയരുക എന്ന ലക്ഷ്യത്തോടെയാണ് കേരളസഭയിൽത്തന്നെ ആദ്യമായി കുടുംബ വിശുദ്ധീകരണ വർഷമായി ആചരിക്കാൻ വരാപ്പുഴ അതിരൂപത ആഹ്വാനം ചെയ്തിട്ടുള്ളത്. നമ്മുടെ കുടുംബങ്ങളിൽ പ്രാർത്ഥനാന്തരീക്ഷവും ആത്മീയ സംസ്ക്കാരവും നിലനിൽക്കുന്നതിനും പള്ളി എന്റെ ആത്മീയ തറവാട് എന്ന ബോധ്യം ഊട്ടിയുറപ്പിക്കാനുമായി ബി.സി.സി. കൾ ശുശ്രൂഷാ സമിതികൾ എന്നിവയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് കുടുംബങ്ങളെ നവീകരിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. അതിരൂപതാ ബി.സി.സി. ഡയറക്ടറേറ്റിന്റെ ഏകോപനത്തിൽ എല്ലാ ശുശ്രൂഷാ സമിതികളുടെയും പങ്കാളിത്തത്തോടും എല്ലാ വൈദികരുടെയും സന്യസ്തരുടെയും അല്മായ സഹോദരങ്ങളുടെയും സഹകരണത്തോടും കൂടെ ഒരു വർഷം നീണ്ടുനിൽക്കുന്ന കർമ്മപരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ ക്രിസ്തുമസ് പാതിരാക്കുർബ്ബാന മധ്യേ നടന്ന ചടങ്ങിൽ കുടുംബ വിശുദ്ധീകരണവർഷത്തിന്റെ ലോഗോയും അഭിവന്ദ്യ മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. അതിരൂപതാ വികാരി ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞി മിറ്റം, ചാൻസലർ ഫാ. എബിജിൻ അറയ്ക്കൽ, ബി.സി.സി. ഡയറക്ടർ ഫാ.യേശുദാസ് പഴമ്പിള്ളി, കത്തീഡ്രൽ വികാരി ഫാ.പീറ്റർ കൊച്ചു വീട്ടിൽ, ഫാ.ഡിനോയ് റിബേരോ, ഫാ.ബെൻസൻ ആലപ്പാട്ട്, ഫാ. സോനു അംബ്രോസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

 

Share this:

Source URL: https://keralavani.com/%e0%b4%b5%e0%b4%b0%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%82%e0%b4%aa%e0%b4%a4%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81/