വരാപ്പുഴ മൗണ്ട് കാർമ്മൽ  & സെൻറ്  ജോസഫ് ദൈവാലയം മൈനർ ബസിലിക്ക പദവിയിൽ 

വരാപ്പുഴ മൗണ്ട് കാർമ്മൽ  & സെൻറ്  ജോസഫ് ദൈവാലയം മൈനർ ബസിലിക്ക പദവിയിൽ 

കൊച്ചി : വരാപ്പുഴ അതിരൂപതയുടെ പ്രഥമ ഭദ്രാസന  ദൈവാലയവും വരാപ്പുഴ  അതിരൂപത ഭരണസിരാകേന്ദ്രവുമായിരുന്ന വരാപ്പുഴ മൗണ്ട് കാർമ്മൽ & സെൻറ് ജോസഫ്  ദേവാലയം പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പയുടെ അനുവാദത്തോടെ വത്തിക്കാനിലെ ആരാധനാക്രമങ്ങൾക്കായുള്ള തിരുസംഘം 2020 ഡിസംബർ 11 ആം തീയതിയിലെ കല്‌പന വഴി മൈനർ ബസിലിക്ക ആയി ഉയർത്തി .ഇതിൻറെ  ഔദ്യോഗിക പ്രഖ്യാപനം മലബാർ വികാരിയത്തിനെ വരാപ്പുഴവികാരിയത്ത്‌ എന്ന്  പുനർനാമകരണം ചെയ്തതിന്റെ  312-ആം  വാർഷികദിനമായ 2021 മാർച്ച് 13 ശനിയാഴ്ച വൈകിട്ട് 5 മണിക്ക്  വരാപ്പുഴ ദേവാലയത്തിൽ വച്ച് ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പിതാവിൻറെ  മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലിമധ്യേ നടക്കും.

 പെരിയാർ തീരത്ത് ചിരപുരാതനമായ വരാപ്പുഴയിൽ സ്ഥിതിചെയ്യുന്ന ഈ മഹാദേവാലയം കേരള കത്തോലിക്കാ സഭയുടെ നിലനിൽപ്പും ചരിത്ര ഭാഗധേയവും നിർണയിക്കാൻ വഹിച്ചപങ്ക് വളരെ വലുതാണ് .1659-ൽ  മലബാർവികാരിയത്തിന്റെ സ്ഥാപനനാന്തരമുള്ള രണ്ടര നൂറ്റാണ്ട് കേരളസഭയിലെ ഒരോ  ചരിത്രമുഹൂർത്തത്തിനും സാക്ഷ്യം വഹിച്ച ലോകപ്രസിദ്ധമായ പുണ്യഭൂമിയാണ് വരാപ്പുഴ .

 യൂറോപ്പിൽ നിന്നുള്ള പുണ്യ ചരിതരരും കർമധീരരുമായ പ്രേക്ഷിത സന്യാസിവര്യർ വഴിനടത്തി കാണിച്ചതാണ് മലയാളദേശത്തിൻറെ  സർവമേഖലകളിലെയും നവോത്ഥാനവും നവീകരണവും.  ദുഷിച്ച ജാതിവ്യവസ്ഥയുടെയും  സാമൂഹിക അനീതിയുടെയും ദുരാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഇരുളിൽ നിന്നും വിശ്വാസപരമായ അപഭ്രമ്ശങ്ങളിൽ  നിന്നും ദൈവജനത്തെയും കേരള സമൂഹത്തോടൊപ്പം വീണ്ടെടുക്കേണ്ടതായിവന്നു.

 വരാപ്പുഴ ദ്വീപിൽ പരിശുദ്ധ കർമ്മല മാതാവിന്റെ നാമധേയത്തിൽ 1673 -ൽ ആദ്യ ദേവാലയം പണിതുയർത്തിയത് മത്തേവൂസ്  പാതിരി എന്ന് മലയാളികൾ വിളിക്കുന്ന മാത്യു ഓഫ് സെൻറ് ജോസഫ് എന്ന ഇറ്റലിക്കാരനായ കർമലീത്താ മിഷണറി ആണ്.

 കൊച്ചി രാജ്യത്തിലെ നാടുവാഴിയായ ചേരാനല്ലൂർ കർത്താവ് വരേക്കാട്ട് രാമൻ കുമാരൻ കൈമൾ വരാപ്പുഴയിലും, ചാത്യാതും പള്ളിക്കായി  സ്ഥലം ദാനം ചെയ്തു എന്നതും  ധന്യ ചരിത്രമാണ് . പൂർവ ക്രൈസ്തവരുടെ  ഒരു ചെറു സമൂഹം വരാപ്പുഴയിൽ  അക്കാലത്തുണ്ടായിരുന്നു. വരാപ്പുഴ പള്ളിയോടൊപ്പം ആശ്രമ ഭവനവും സെമിനാരിയും മത്തേവൂസച്ചൻ സ്ഥാപിക്കുകയുണ്ടായി.  വരാപ്പുഴ സെമിനാരി റെക്ടർ ആയിരിക്കെ 1700 ഫെബ്രുവരിയിൽ മലബാർ വികാരി അപ്പസ്തോലിക്ക ആയി നിയമിതനായ ബിഷപ്പ് ആഞ്ചലോ ഫ്രാൻസിസ് മുതൽ 1904 വരാപ്പുഴ അതിരൂപതയുടെ ആസ്ഥാനം എറണാകുളത്തേക്ക് മാറ്റിസ്ഥാപിച്ച ബർണാഡ് ആർഗ്വിൻ സോണിസ്  മെത്രാപ്പോലീത്ത വരെ 9 മെത്രാന്മാരുടെയും അഞ്ച് മെത്രാപ്പൊലീത്തമാരുടെയും ഔദ്യോഗിക വസതി വരാപ്പുഴ ആശ്രമവും, കത്തീഡ്രൽ വരാപ്പുഴ ദൈവാലയവും ആയിരുന്നു .

 1886- ൽ വരാപ്പുഴ വികാരിയാത്  വരാപ്പുഴ അതിരൂപത‌യായി ഉയത്തപ്പെട്ടതിനുശേഷമുള്ള അരനൂറ്റാണ്ടോളം കാലം വരാപ്പുഴ പള്ളി തന്നെ ആയിരുന്നു കത്തീഡ്രൽ ദൈവാലയം .

 ചരിത്രപ്രാധാന്യം ,ദൈവാലയ നിർമ്മിതിയിലെ വാസ്തുകലാ വൈദഗ്ധ്യത്തിന്റെ ഔന്നത്യം, ഒരു രൂപതയിൽ ആ ദേവാലയത്തിന് ഉള്ള സവിശേഷമായ സ്ഥാനം , പ്രാദേശികമായും ദേശീയതലത്തിലും പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രം എന്നിങ്ങനെയുള്ള പൊതുവായ മാനദണ്ഡങ്ങളിൽ  ഭൂരിഭാഗവും ഉണ്ടോയെന്ന് പരിശോധിച്ചാണ് സാർവ്വത്രിക സഭ  ഒരു ദൈവാലയത്തിനു ബസിലിക്ക എന്ന കാനോനിക സ്ഥാനിക  പദവി നൽകുന്നത്. യുദ്ധങ്ങളും പ്രളയങ്ങളും രാഷ്ട്രീയ അധീശത്വ മാറ്റങ്ങളും, റോക്കോസ് , മേലുസ് ശീശ്മകൾ പോലുള്ള പ്രതിസന്ധികളും  അധികാരതർക്കങ്ങളും നയതന്ത്ര പ്രശ്നങ്ങളും ഉയർത്തിയ വെല്ലുവിളികളെയെല്ലാം അതിജീവിച്ച വിശ്വാസസ്‌തൈരത്തിന്റെ പ്രതീകമായ കേരളസഭയുടെ ദൈവാലയ മാതാവാണ് വരാപ്പുഴ ബസിലിക്ക എന്നത് അനന്യപൈതൃക മഹിമയുടെ നിദാനമാകുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം

 കർമലീത്താ നവീകരണ പ്രസ്ഥാനത്തിൻറെയും കർമലീത്താ പൈതൃകത്തെയും ഉത്തമ ദൃഷ്ടാന്തമായി വരാപ്പുഴ ദേവാലയം പരിശുദ്ധ കർമ്മല മാതാവിനും വിശുദ്ധ  യൗസേപിതാവിനും പ്രതിഷ്ഠിതമായി. ഇന്ത്യയിൽ വിശുദ്ധ യൗസേപിതാവിൻറെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെടുന്ന ആദ്യ ദൈവാലയമായി  വരാപ്പുഴ പള്ളി മാറുന്നു എന്നത് ചരിത്രത്തിന്റെ മഹാസുകൃതമായി കാണുന്നുവെന്ന് വരാപ്പുഴ ആർച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് അഭിപ്രായപ്പെട്ടു 

ഇപ്പോൾ വരാപ്പുഴ ദൈവാലയത്തിൽ അജപാലന ശുശ്രൂഷ നിർവഹിക്കുന്നത് മഞ്ഞുമ്മൽ കർമ്മലീത്താ നിഷ്പാദുക സന്യാസ സഭയിലെ അംഗങ്ങളായ വൈദീകരാണ് .


Related Articles

ജീവിതഗന്ധിയായ കാര്യങ്ങൾ പുതുമയോടെ അവതരിപ്പിക്കുന്നതാണ് മാധ്യമ പ്രവർത്തനം: ഫാ ഡാനി കപ്പൂച്ചിൻ

ജീവിതഗന്ധിയായ കാര്യങ്ങൾ പുതുമയോടെ അവതരിപ്പിക്കുന്നതാണ് മാധ്യമ പ്രവർത്തനം: ഫാ ഡാനി കപ്പൂച്ചിൻ കൊച്ചി : വരാപ്പുഴ അതിരൂപതയുടെ ഔദ്യോഗിക ന്യൂസ് ചാനലായ കേരളവാണി സെന്റ്. ആൽബർട്സ് ഹൈ

വരാപ്പുഴ അതിരൂപത മുൻ വികാരിജനറൽ മോൺ. ജോസഫ് പടിയാരംപറമ്പിൽ നിര്യാതനായി

വരാപ്പുഴ അതിരൂപത മുൻ വികാരിജനറൽ മോൺ. ജോസഫ് പടിയാരംപറമ്പിൽ നിര്യാതനായി.   കൊച്ചി : വരാപ്പുഴ അതിരൂപത മുൻ വികാരിജനറലും, അതിരൂപതയുടെ ഭദ്രാസന ദേവാലയമായ സെന്റ്. ഫ്രാൻസിസ്

തിളങ്ങുന്ന വിജയവുമായി വരാപ്പുഴ അതിരൂപതയിലെ വിദ്യാലയങ്ങൾ 

തിളങ്ങുന്ന വിജയവുമായി വരാപ്പുഴ അതിരൂപതയിലെ വിദ്യാലയങ്ങൾ.    കൊച്ചി.: ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ വരാപ്പുഴ അതിരൂപതയിലെ എല്ലാ വിദ്യാലയങ്ങളും മികച്ച വിജയം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<