സഭാവാര്‍ത്തകള്‍ – 03. 03. 24.

by admin | March 1, 2024 8:36 am

സഭാവാര്‍ത്തകള്‍ – 03. 03. 24.

 

വത്തിക്കാൻ വാർത്തകൾ

 

സമാധാനത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം : ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാൻ : വിവിധ രാജ്യങ്ങളില്‍ നടമാടുന്ന യുദ്ധത്തിന്റെ ഭീകരതയെ പറ്റി ഫ്രാന്‍സിസ് പാപ്പാ എടുത്തു പറയുകയും സമാധാനത്തിനായി യത്‌നിക്കണമെന്നും, പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.  സാധാരണക്കാരെയും, നിരപരാധികളെയും പ്രത്യേകമായി കുട്ടികളെയും ബാധിക്കുന്ന യുദ്ധങ്ങളുടെ ക്രൂരതകള്‍ അപലപനീയമാണെന്ന് പാപ്പാ പറഞ്ഞു.
യുദ്ധത്തില്‍ ഇരകളാകുന്നവര്‍ക്കുവേണ്ടി മാനുഷികമായും, സാമ്പത്തികമായും സഹായം നല്‍കുന്ന എല്ലാവരോടും തനിക്കുള്ള നന്ദിയും പാപ്പാ പ്രത്യേകം അടിവരയിട്ടു. സമാധാനത്തിന്റെ വക്താക്കളാകുവാനുള്ള എല്ലാവരുടെയും കടമയും പാപ്പാ ഓര്‍മ്മിപ്പിച്ചു. ലോകത്തിലെ വിവിധ ഇടങ്ങളില്‍ രൂക്ഷമാകുന്ന യുദ്ധങ്ങളുടെ ഭീകരതയെപ്പറ്റി എടുത്തു പറയുകയും സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

 

അതിരൂപത വാർത്തകൾ

 

യുവജന വർഷാചരണത്തിന്റെ ഭാഗമായി യുവജന നേതൃ സംഗമം നടത്തി.

കൊച്ചി : വരാപ്പുഴ അതിരൂപത യുവജന വർഷാചരണത്തിന്റെ ഭാഗമായി യുവജന നേതൃ സംഗമം എറണാകുളം പാപ്പാളി ഹാളിൽ നടന്നു. ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. യുവജന വർഷാചരണത്തിന്റെ ഭാഗമായി ഭവന നിർമ്മാണത്തിനും വിദ്യാഭ്യാസ സഹായം നൽകുന്നതിനുമായി ധനശേഖരണാർത്ഥം പുറത്തിറക്കിയ സമ്മാന കൂപ്പണിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള അഞ്ചുപേർ സമ്മാന ക്കൂപ്പണുകൾ ഏറ്റുവാങ്ങി.

 

രാഷ്ട്രീയപാർട്ടികളുടെ നയങ്ങളും സമീപനങ്ങളും ആശങ്കയുളവാക്കുന്നത്

കൊച്ചി : ഇന്ത്യയുടെ പ്രത്യേകിച്ച് കേരളത്തിൻ്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ രാഷ്ട്രീയ പാർട്ടികളുടെ നയങ്ങളും സമീപനങ്ങളും ആശങ്ക ഉളവാക്കുന്നതാണെന്ന് വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത രാഷ്ട്രീയ കാര്യസമിതി എറണാകുളത്ത് ആശീർഭവനിൽ സംഘടിപ്പിച്ച ദിശാബോധന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ കാര്യസമിതി ചെയർമാൻ ഫാ. ഫ്രാൻസിസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു.

Share this:

Source URL: https://keralavani.com/%e0%b4%b8%e0%b4%ad%e0%b4%be%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-03-03-24/