സഭാവാര്‍ത്തകള്‍ – 09.06.24

by admin | June 7, 2024 7:09 am

സഭാവാര്‍ത്തകള്‍ – 09.06.24

 

വത്തിക്കാൻ വാർത്തകൾ

ഹൃദയം നഷ്ടപ്പെട്ട ഒരു ലോകത്തിനു യേശുവിന്റെ തിരുഹൃദയം അര്‍ത്ഥം നല്‍കട്ടെ : ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാൻ സിറ്റി :  യേശുവിന്റെ തിരുഹൃദയത്തിനു സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ജൂണ്‍ മാസത്തിന്റെ പ്രത്യേകതകള്‍ എടുത്തുപറഞ്ഞുകൊണ്ടും, യേശുവിന്റെ തിരുഹൃദയ ഭക്തി കൂടുതല്‍ പ്രചാരത്തിലാക്കുവാന്‍ മുന്‍കാലത്തിലെ പഠനരേഖകളുടെയും, തിരുവചനഭാഗങ്ങളുടെയും, ചിത്രങ്ങളുടെയും അടിസ്ഥാനത്തില്‍ താന്‍ പുതിയ ഒരു രേഖ തയ്യാറാക്കുന്നുവെന്ന സന്തോഷകരമായ വാര്‍ത്ത ഫ്രാന്‍സിസ് പാപ്പാ പങ്കുവച്ചു. ഈ പുതിയ രേഖ തിരുഹൃദയഭക്തിയുടെ ആത്മീയ സൗന്ദര്യം ആസ്വദിക്കുവാന്‍ എല്ലാവരെയും സഹായിക്കുമെന്നും പാപ്പാ പറഞ്ഞു. ദൈവ സ്‌നേഹത്തിന്റെ വിവിധ തലങ്ങള്‍ ധ്യാനിക്കുന്നതിനും, അനുഭവിക്കുന്നതിനും സഭാ നവീകരണത്തിന്റെ പാതയെ പ്രകാശിപ്പിക്കുന്നതിനും, തിരുഹൃദയഭക്തി സഹായകരമാകുമെന്നും, ഹൃദയം നഷ്ടപ്പെട്ട ഒരു ലോകത്ത് അര്‍ത്ഥവത്തായ സന്ദേശം നല്‍കുവാന്‍ ഈ ഭക്താഭ്യാസം ഏറെ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. സെപ്തംബര്‍ മാസമാണ് ഫ്രാന്‍സിസ് പാപ്പായുടെ പുതിയ രേഖ പ്രസിദ്ധീകരിക്കപ്പെടുന്നത്.

 

അതിരൂപത വാർത്തകൾ

 

മോണ്‍. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം – വല്ലാര്‍പാടത്ത് പന്തലൊരുങ്ങുന്നു

കൊച്ചി  : വരാപ്പുഴ അതിരൂപതയുടെ നിയുക്ത സഹായ മെത്രാന്‍ മോണ്‍. ആന്റണി വാലുങ്കലിന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് വല്ലാര്‍പാടം ബസിലിക്കയില്‍ നിര്‍മ്മിക്കുന്ന പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍ മോണ്‍.മാത്യു കല്ലിങ്കല്‍ നിര്‍വഹിച്ചു.പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന 380 അടി നീളവും 120 അടി വീതിയുമുള്ള പന്തലാണ് വല്ലാര്‍പാടത്ത് ഒരുക്കുന്നത്.  ജൂണ്‍ 30 ഞായറാഴ്ച വൈകീട്ട് 4 മണിക്കാണ് മോണ്‍. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ ആരംഭിക്കുന്നത്.
വരാപ്പുഴ അതിരൂപതയിലെ വിവിധ ദേവാലയങ്ങളിലും സ്ഥാപനങ്ങളില്‍ നിന്നും കേരളത്തിനകത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങളില്‍ നിന്നുമുള്ള  വിശ്വാസസമൂഹം മെത്രാഭിഷേക ചടങ്ങുകളില്‍ പങ്കെടുക്കാന്‍എത്തും.

 

ഫലവൃക്ഷത്തൈകള്‍ വിതരണ ഉദ്ഘാടനം നടത്തി

കൊച്ചി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവകകളിലുമായി വിതരണം ചെയ്യുന്ന പതിനായിരത്തിയൊന്ന് വൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനം വരാപ്പുഴ മെത്രാസന മന്ദിരത്തില്‍ വച്ച് അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വഹിച്ചു. വരാപ്പുഴ അതിരൂപതയുടെ നിയുക്ത സഹായ മെത്രാന്‍ മോണ്‍. ആന്റണി വാലുങ്കല്‍, വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം, ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, വൈസ് ചാന്‍സലര്‍ ഫാ.ലിക്‌സണ്‍ ആസ്വസ് , പ്രൊക്കുറേറ്റര്‍ ഫാ. സോജന്‍ മാളിയേക്കല്‍ , ഫാ.സെബാസ്റ്റ്യന്‍ മൂന്നു കുട്ടുങ്കല്‍, ഫാ. സിജന്‍ മണുവേലി പറമ്പില്‍ , ഫാ. സ്മിജോ കളത്തി പറമ്പില്‍, ഫാ.ഡിനോയ് റിബേര
വിവിധ സംഘടനാഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Share this:

Source URL: https://keralavani.com/%e0%b4%b8%e0%b4%ad%e0%b4%be%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-09-06-24/