സഭാവാര്‍ത്തകള്‍ – 11.02.24.

by admin | February 8, 2024 6:17 am

സഭാവാര്‍ത്തകള്‍ – 11.02.24.

 

വത്തിക്കാൻ വാർത്തകൾ

 

ഭയം അകറ്റി ദൈവത്തിങ്കലേക്കു അടുക്കാന്‍ പ്രാര്‍ത്ഥന നമ്മെ സഹായിക്കുന്നു : ഫ്രാന്‍സിസ് പാപ്പാ.

വത്തിക്കാന്‍ സിറ്റി : 2024 പ്രാര്‍ത്ഥനയ്ക്കായുള്ള വര്‍ഷമായി ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ച സാഹചര്യത്തില്‍, ഫെബ്രുവരി മാസം ആറാം തീയതി, സമൂഹമാധ്യമമായ ട്വിറ്ററില്‍ പ്രാര്‍ത്ഥനയ്ക്ക് ജീവിതത്തിലുള്ള പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട്, പാപ്പാ, ഇങ്ങനെ ഹ്രസ്വ സന്ദേശം പങ്കുവച്ചു. അന്ധകാരപൂരിതമായ നിരവധി അനുഭവങ്ങളും, എതിര്‍പ്പുകളുമൊക്കെ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ അവയെ അതിജീവിക്കുവാന്‍ നമുക്കുള്ള ആയുധമാണ് പ്രാര്‍ത്ഥനയെന്ന് പാപ്പാ സന്ദേശത്തില്‍ അടിവരയിടുന്നു. ദൈവത്തില്‍ നിന്നും നമുക്ക് കരഗതമാകുന്ന രക്ഷയെ സ്വീകരിക്കുവാനും പ്രാര്‍ത്ഥനാജീവിതം നമ്മെ സഹായിക്കുന്നുവെന്നും പാപ്പാ എടുത്തു പറയുന്നു.

 

റോമില്‍ ഫ്രാന്‍സിസ് പാപ്പയുടെ കാര്‍മ്മികത്വത്തില്‍ വിഭൂതി ബുധന് തിരുക്കര്‍മ്മങ്ങള്‍.

വത്തിക്കാന്‍ സിറ്റി : ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക് പ്രവേശിക്കുവാന്‍ ഒരുങ്ങുന്നു. മാനസാന്തരത്തിന്റെയും കൃപയുടെയും ഈ ദിനങ്ങളില്‍ യേശുവിന്റെ മരുഭൂമിയിലെ ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങളെയാണ് ക്രൈസ്തവര്‍ അനുസ്മരിക്കുന്നത്.  ലത്തീന്‍ ആരാധനവല്‍സരമനുസരിച്ച് വിഭൂതി ബുധനാഴ്ചയാണ് (ഫെബ്രുവരി 14) ഔദ്യോഗികമായി നോമ്പാരംഭിക്കുന്നത്.

വിഭൂതി ബുധനാഴ്ച റോമിലെ അവെന്റൈന്‍ ഹില്ലില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികനാകും. സാന്താ സബീന ബസിലിക്കയിലേക്കുള്ള അനുതാപ പ്രദിക്ഷണത്തിലും പാപ്പ പങ്കെടുക്കും. വൈകുന്നേരം 5:00 മണിക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പണവും നെറ്റിയില്‍ ചാരം പൂശല്‍ കര്‍മ്മവും നടക്കും. മനുഷ്യാ…നീ മണ്ണാകുന്നു…. മണ്ണിലേക്ക് മടങ്ങുന്നു…. എന്ന് ഓര്‍മ്മപ്പെടുത്തി നെറ്റിയില്‍ ചാരം പൂശല്‍ തിരുകര്‍മ്മം എല്ലാ ക്രൈസ്തവദേവാലയങ്ങളിലും വിഭൂതി ബുധനാഴ്ച നടക്കും.

 

അതിരൂപത വാർത്തകൾ

 

ലൂര്‍ദ് ആശുപത്രിയില്‍ നവീകരിച്ച ഹോം കെയര്‍ സേവനം ഫ്‌ളാഗ് ഓഫ് ചെയ്തു.

കൊച്ചി : എറണാകുളം ലൂര്‍ദ് ആശുപത്രിയുടെ നവീകരിച്ച ഹോം കെയര്‍ സേവനം ‘ലൂര്‍ദ് അറ്റ് യുവര്‍ ഡോര്‍ സ്റ്റെപ്പി’ന്റെ  ഫ്‌ളാഗ് ഓഫ് കര്‍മം ആശുപത്രിയില്‍ നടന്നു. ലൂര്‍ദ് ഫാമിലി മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ സേവനം ലഭ്യമാക്കുന്നത്.
ഒരു ഡോക്ടറും നഴ്‌സും നഴ്‌സിങ് അസിസ്റ്റന്റും ആവശ്യമെങ്കില്‍ ഫിസിയോ തെറാപ്പിസ്റ്റും സോഷ്യല്‍ വര്‍ക്കറും സൈക്യാട്രിസ്റ്റു ഉള്‍പെടെയുള്ള സംഘം വീട്ടിലെത്തി പരിചരണം നല്കും.
ലൂര്‍ദ് ഫാമിലി മെഡിസിന്‍ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്കാണ് ഈ സേവനം ലഭ്യമാക്കുന്നത്. ആശുപത്രി സേവനം വീട്ടില്‍ ലഭ്യമാകുന്ന ഈ സംരംഭം ഏറെ രോഗികള്‍ക്ക് സഹായകമാകും എന്ന് ലൂര്‍ദ് ഡയറക്ടര്‍ ഫാ. ജോര്‍ജ് സെക്വീര പറഞ്ഞു.

Share this:

Source URL: https://keralavani.com/%e0%b4%b8%e0%b4%ad%e0%b4%be%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-11-02-24/