സഭാവാര്‍ത്തകള്‍ – 25 .02. 24.

by admin | February 23, 2024 8:03 am

സഭാവാര്‍ത്തകള്‍ – 25 .02. 24.

 

വത്തിക്കാൻ വാർത്തകൾ

ബാഹ്യമോടികള്‍ അഴിച്ചുമാറ്റി നമ്മെത്തന്നെ കണ്ടെത്താനുള്ള സമയമാണ് നോമ്പുകാലം : ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍  : ബാഹ്യമോടികളും, നമ്മെത്തന്നെ മറ്റുള്ളവരുടെ മുന്നില്‍ നല്ലവരായി കാട്ടാന്‍ നാമണിയുന്ന പൊയ്മുഖങ്ങളും അഴിച്ചുമാറ്റി, നമ്മുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയാനും, ദൈവത്തിലേക്ക് തിരികെ വരാനുമുള്ള സമയമാണ് നോമ്പുകാലമെന്ന് ഫ്രാന്‍സിസ് പാപ്പാ.

ഈ നോമ്പുകാലത്ത് പ്രാര്‍ത്ഥനയ്ക്കും, ദൈവസ്വരം ശ്രവിച്ചുകൊണ്ട് അവന്റെ സന്നിധിയിലുളള നിശബ്ദമായ ആരാധനയ്ക്കും നമ്മുടെ ജീവിതത്തില്‍ ഇടം കൊടുക്കാമെന്നും
മറ്റുള്ളവരാല്‍ കാണപ്പെടാനും, സ്വീകാര്യരാകാനും, അഭിനന്ദിക്കപ്പെടാനും, സാമൂഹ്യപ്രാധാന്യം നേടാനുമുള്ള നമ്മുടെ മോഹങ്ങളെ മാറ്റിനിറുത്തി, നമ്മിലേക്ക് തന്നെ, നമ്മുടെ ഹൃദയത്തിലേക്ക്, തിരികെപ്പോകാന്‍ പരിശ്രമിക്കാമെന്ന് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ ഉദാഹരണം അവതരിപ്പിച്ചുകൊണ്ട് പാപ്പാ ഓര്‍മ്മിപ്പിച്ചു.

 

രൂപത വാർത്തകൾ

ദിവ്യകാരുണ്യ അല്‍ഭുതങ്ങളുടെ ആദ്യ ഗാലറി ഉദ്ഘാടനം ചെയ്തു.

കൊച്ചി : കത്തോലിക്ക തിരുസഭ അംഗീകരിച്ച ദിവ്യകാരുണ്യ അല്‍ഭുതങ്ങളുടെ ആദ്യ ഗാലറി കുമ്പളങ്ങിയില്‍ ഉദ്ഘാടനം ചെയ്തു. സമരിയ ഓള്‍ഡ് ഏജ് ഹോമില്‍ സ്ഥാപിതമായ ഗാലറിയുടെ ഉദ്ഘാടനം കൊച്ചി രൂപതാ വികാരി ജനറല്‍ മോണ്‍. ഷൈജു പരിയാത്തുശ്ശേരി നിര്‍വഹിച്ചു. കത്തോലിക്ക തിരുസഭ അംഗീകരിച്ച 101 ദിവ്യകാരുണ്യ അല്‍ഭുതങ്ങളുടെ എക്സിബിഷനുകള്‍ പലരാജ്യങ്ങളിലും നടന്നിട്ടുണ്ടെങ്കിലും ലോകത്തൊരിടത്തും ദിവ്യകാരുണ്യ അല്‍ഭുതങ്ങള്‍ക്ക് സ്ഥിരം ഗാലറിയില്ല. പ്രത്യേകതരം ഫ്രെയ്മില്‍ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള വിവരണങ്ങളോടെ കാന്‍വാസില്‍ തീര്‍ത്തിരിക്കുന്ന ഗാലറി ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ലോകത്തിലെ ആദ്യ സ്ഥിരം ഗാലറിയാണ്. രാവിലെ എട്ടു മുതല്‍ രാത്രി 8 വരെ പൊതുജനങ്ങള്‍ക്ക് ഗാലറി സന്ദര്‍ശിക്കാം.  (സെലസ്റ്റിന്‍ കുരിശിങ്കല്‍
9846333811)

 

കാല്‍വരി സ്മരണയില്‍ കുരിശേന്തി കണ്ണൂർ രൂപതയിലെ വൈദികര്‍.

കണ്ണൂർ  : കാല്‍വരിയിലെ യേശുവിന്റെ പീഡാനുഭവ സ്മരണയില്‍ കണ്ണൂര്‍ രൂപതയിലെ വൈദികര്‍ വലിയ നോമ്പിന്റെ ആദ്യവെള്ളിയാഴ്ച കുരിശിന്റെ വഴി നടത്തി. രൂപത മെത്രാന്‍ ഡോ. അലക്സ് വടക്കുംതലയുടെ നേതൃത്വത്തിലാണ് പയ്യന്നൂര്‍ അമലോത്ഭവമാതാ ദൈവാലയത്തില്‍ നിന്നും ഏഴിമല ലൂര്‍ദ്ദ്മാതാ തീര്‍ത്ഥാടന ദൈവാലയത്തിലേക്ക് കുരിശിന്റെ വഴി നടത്തിയത്.

കുരിശിന്റെ വഴിയില്‍ അഭിവന്ദ്യ അലക്‌സ് പിതാവിനൊപ്പം 36 ഓളം വൈദീകരാണ് മരക്കുരിശുകളുമേന്തി കുരിശിന്റെ വഴിയില്‍ പങ്കെടുത്തത്. വൈദീകരുടെ നവീകരണത്തിനും വൈദിക ജീവിതത്തിലേക്ക് കൂടുതല്‍ ദൈവ വിളികള്‍ ഉണ്ടാകുന്നതിനും ഭവനമില്ലാതെ വേദനിക്കുന്ന മക്കള്‍ക്ക് ഭവന പദ്ധതി ലഭിക്കുവാനും യുവജന വര്‍ഷത്തില്‍ യുവജങ്ങളെ സമര്‍പ്പിച്ചും ആരംഭിച്ച ബിഷപ്പിന്റെ പ്രാരംഭ പ്രാര്‍ഥനയോടെ പയ്യന്നൂര്‍ അമലോത്ഭവമാതാ ദൈവാലയത്തില്‍ നിന്നും രാവിലെ 6.30 ന് ആരംഭിച്ച കുരിശിന്റെ വഴിയില്‍ യേശുവിന്റെ പിഡാസഹനങ്ങളെ അനുസ്മരിച്ചുകൊണ്ടുള്ള പ്രാര്‍ഥനകളും ഗാനങ്ങളുമായി 9 മണിയോടെയാണ് ഏഴിമല ലൂര്‍ദ്ദ്മാതാ തീര്‍ത്ഥാടന ദൈവാലയത്തില്‍ സമാപിച്ചത്.

Share this:

Source URL: https://keralavani.com/%e0%b4%b8%e0%b4%ad%e0%b4%be%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-25-02-24/