സഭാവാർത്തകൾ- 16.07.23

by admin | July 13, 2023 7:48 am

സഭാവാർത്തകൾ –

16.07.23

വി. തോമസ് അക്വിനാസ് ആത്മീയതയുടെയും  മാനുഷികതയുടെയും അപാര വിജ്ഞാനമുള്ള  സഭാപുരുഷൻ :  ഫ്രാന്‍സീസ്  പാപ്പാ.

2023 ജൂലൈ 18ന്  വി.തോമസ് അക്വിനാസിനെ ദൈവശാസ്ത്ര പണ്ഡിതനായി (Doctor Angelicus) പ്രഖ്യാപിച്ചതിന്റെ 700° വാർഷിക ആഘോ ഷിക്കുന്ന വേളയില്‍ ജൂലൈ 11ന് പ്രസിദ്ധീകരിച്ച കത്തിൽ  പ്രാർത്ഥനയിലൂടെയും കൃതികളിലൂടെയും തന്റെ അപാരമായ ആത്മീയവും മാനുഷികവുമായ വിജ്ഞാനവും പങ്കുവച്ച സഭാപുരുഷനും  വൈദീകനും വേദപാരംഗതനുമായിരുന്നു  വി. തോമസ്സ് അക്വിനാസ്  എന്ന്  ഫ്രാൻസിസ് പാപ്പാ ലത്തീ൯ ഭാഷയിൽ എഴുതി. പ്രശംസനീയമായ പാണ്ഡിത്യം നിറഞ്ഞ ധാരാളം കൃതികൾ രചിക്കുകയും അനേകരെ  പഠിപ്പിക്കുകയും തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത തോമസ് അക്വിനാസ് ദൈവിക രഹസ്യങ്ങളെ യുക്തിസഹമായി അന്വേഷിക്കുകയും സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്തു കൊണ്ട് ആഴമായ വിശ്വാസത്തോടെ അവയെ ധ്യാനിക്കുകയായിരുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ തന്റെ കത്തില്‍  അടിവരയിട്ടു  പറഞ്ഞു.

 

വൈപ്പിൻ കടൽഭിത്തി നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണം – ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.

 

വൈപ്പിൻ : വൈപ്പിൻ കടൽഭിത്തി നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആവശ്യപ്പെട്ടു. നായരമ്പലം പഞ്ചായത്തിൽ വെളിയത്താൻപറമ്പ് കടലാക്രമണ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. 20 വർഷത്തിലേറെയായി അനുഭവിക്കുന്ന യാതനകൾ അവിടെ കൂടിയ ജനം അദ്ദേഹത്തോട് വിവരിച്ചു. സമയബന്ധിതമായി കടൽ നിർമ്മാണവും പുലിമുട്ട് നിർമ്മാണവും പൂർത്തിയാക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജാതിമതഭേദമന്യേ പ്രദേശത്തെ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.

 

മുതലപ്പൊഴിയിലെ ആവർത്തിക്കുന്ന ദുരന്തങ്ങൾ സർക്കാർ സംവിധാനങ്ങളുടെ കുറ്റകരമായ അനാസ്ഥയുടെ ഫലമാണെന്ന് കെആർഎൽസിസി പ്രസിഡണ്ട് ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ.

ഐതിഹാസികമായ വിഴിഞ്ഞം സമരം അവസാനിപ്പിക്കുമ്പോൾ നല്കിയ വാഗ്ദാനം നടപ്പിലാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടില്ല എന്നത് ഗുരുതരമായ വീഴ്ചയായി കാണേണ്ടതുണ്ട്. മത്സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണമാകുന്ന വിധം അപകടങ്ങൾ ആവർത്തിക്കുമ്പോൾ ജനങ്ങളുടെ പ്രതികരണം സ്വാഭാവികമാണ്. അതെല്ലാം “ഷോ” ആണെന്ന മന്ത്രിയുടെ പ്രതികരണം നിരുത്തരവാദിത്വപരവുമാണ്. ലത്തീൻ കത്തോലിക്ക സഭാനേതൃത്വത്തെ നിരന്തരം കുറ്റപ്പെടുത്താനും ജനങ്ങൾക്കുവേണ്ടി പ്രതികരിക്കുന്നവരെ അന്യായമായ വിധം കേസുകൾ എടുത്ത് ഭയപ്പെടുത്താനും നിശ്ശബ്ദരാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. ലത്തീൻ കത്തോലിക്കസഭയെ നിരന്തരം അപമാനിക്കുന്ന സർക്കാരിന്റെ ശ്രമങ്ങൾ ഗൗരവത്തോടെയാണ് കെആർഎൽസിസി നോക്കി കാണുന്നതെന്ന്‌
ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ വ്യക്തമാക്കി.

Share this:

Source URL: https://keralavani.com/%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%b5%e0%b4%be%e0%b5%bc%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b5%be-16-07-23/