സഭാ വാർത്തകൾ- 22.01.23

by admin | January 20, 2023 10:50 am

സഭാ വാർത്തകൾ – 22.01.23

 

വത്തിക്കാന്‍ വാർത്തകൾ

 

ക്രൈസ്തവർ സമാധാനസ്ഥാപകരാകണം: ഫ്രാൻസിസ് പാപ്പാ

ഫിൻലാന്റിൽ നിന്നുള്ള എക്യൂമെനിക്കൽ പ്രതിനിധി സംഘത്തെ ജനുവരി 19-ന് വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ,  യുദ്ധങ്ങളുടെയും അടിച്ചമർത്തലുകളുടെയും ഈ ലോകത്ത്, തങ്ങളുടെ പൊതുവായ വിളി തിരിച്ചറിഞ്ഞ്, ക്രൈസ്തവർ അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും വക്താക്കളാകണമെന്ന് ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. 

ഫിൻലന്റിൽ വച്ച് രക്തസാക്ഷിത്വം വഹിച്ച വിശുദ്ധ ഹെൻറിയുടെ തിരുനാളിനോടനുബന്ധിച്ച് പതിവുപോലെ ഫിൻലന്റിൽനിന്നുള്ള സമൂഹം റോമിലേക്ക് നടത്തുന്ന തീർത്ഥാടനത്തിന്റെ ഭാഗമായി വത്തിക്കാനിലെത്തിയ ആളുകളെയാണ് പാപ്പാ സ്വീകരിച്ച് സംസാരിച്ചത്. പരസ്പരമുള്ള ഐക്യത്തിന്റെയും, ഒരുമിച്ച് പ്രാർത്ഥിക്കാനുള്ള വിളിയും, വിഭജനങ്ങളെ തരണം ചെയ്യാനുള്ള ക്ഷണവുമാണ് വിശുദ്ധ ഹെൻറിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

അതിരൂപതാ വാർത്തകൾ

കെആര്‍എല്‍സിസി  നാല്പതാമത് ജനറല്‍ അസംബ്ലി സമാപിച്ചു

കോട്ടയം: :  സുവിശേഷാധിഷ്ഠിത ജീവിതം നയിക്കാന്‍ യുവജനങ്ങള്‍ക്കു കഴിയണമെന്നതാണ് കെആര്‍എല്‍സിസി നാല്പതാമത് ജനറല്‍ അസംബ്ലി നല്‍കുന്ന സന്ദേശമെന്ന് കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു . കെആര്‍എല്‍സിസി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യാന്‍ ചേര്‍ന്ന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. യുവജനങ്ങള്‍ സ്വയം തിരിച്ചറിയണം. തങ്ങളുടെ ചുറ്റുമുള്ള ലോകത്ത് എന്താണ് നടക്കുന്നതെന്ന് പഠിച്ച് വിശകലനം ചെയ്യാന്‍ അവര്‍ക്കു കഴിയണം. അതനുസരിച്ച് തീരുമാനങ്ങളെടുക്കാന്‍ കഴിയണം. ഈ തീരുമാനങ്ങള്‍ സുവിശേഷാധിഷ്ഠിതമായിരിക്കണമെന്നും ബിഷപ് വ്യക്തമാക്കി. 

 

*ഈശോക്കൊച്ച് – നിർധനരായ ക്യാൻസർ രോഗികൾക്ക് ഒരു കൈത്താങ്ങായി*

വരാപ്പുഴ അതിരൂപതയുടെ കേരളവാണി പബ്ലിക്കേഷൻസ് ഇറക്കിയ “ഈശോക്കൊച്ച് “എന്ന പുസ്തകം നിർധനരായ ക്യാൻസർ രോഗികൾക്ക് ഒരു കൈത്താങ്ങായി മാറി..
കാൻസർ പിടി മുറുക്കിയപ്പോഴും ക്രിസ്തുവിന്റെ കൈകൾ മുറുകെ പിടിച്ച് പുഞ്ചിരിയോടെ മരണത്തിലേക്ക് നടന്നു നീങ്ങിയ അജ്ന  എന്ന   യുവതിയുടെ ജീവിതകഥയാണ് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത് . ബുക്ക് വിൽപ്പന നടത്തി കിട്ടുന്ന തുക നിർധനരായ ക്യാൻസർ രോഗികൾക്ക് നൽകുമെന്ന് കളത്തിപ്പറമ്പിൽ പിതാവ് പുസ്തക പ്രകാശന വേളയിൽ ഉറപ്പുനൽകിയിരുന്നു. വരാപ്പുഴ അതിരൂപതയുടെ തന്നെ സ്ഥാപനമായ ഇ എസ് എസ് എസിന്റെ ആശാകിരണം പദ്ധതി ജാതിമതഭേദമെന്യേ എല്ലാ നിർധനരായ ക്യാൻസർ രോഗികൾക്കും വർഷങ്ങളായി സഹായം നൽകി കൊണ്ടിരിക്കുകയാണ്.. ഇക്കഴിഞ്ഞ ദിവസം ഇ എസ് എസ് എസ് ഡയറക്ടർ ഫാ. മാര്‍ട്ടിൻ അഴിക്കകത്ത് പിതാവിൽനിന്ന് ആശാകിരണം പദ്ധതിയിലേക്ക് മൂന്നുലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി.

 

Share this:

Source URL: https://keralavani.com/%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%b5%e0%b4%be%e0%b5%bc%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b5%be-22-01-23/