ആരോഗ്യവർഷം’ പദ്ധതിക്ക് തുടക്കം; ലോഗോ പ്രകാശനം ചെയ്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ. റോജി എം. ജോൺ

ആരോഗ്യവർഷം’ പദ്ധതിക്ക് തുടക്കം; ലോഗോ പ്രകാശനം ചെയ്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ. റോജി എം. ജോൺ.
കൊച്ചി : കലൂർ സി.എൽ.സിയുടെ 39-ാം വാർഷികാഘോഷവും മെറിറ്റ് ഈവനിംഗ് 2026-ഉം സംഘടിപ്പിച്ച ചടങ്ങിൽ ‘ആരോഗ്യവർഷം’ പദ്ധതിയുടെ ലോഗോ ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ. റോജി എം. ജോൺ പ്രകാശനം ചെയ്തു.
ഇടവകയിലെ കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ആരോഗ്യപരിപാലനത്തിന് കൂടുതൽ പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കലൂർ സി.എൽ.സി ആരോഗ്യവർഷം’ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. വരും ഒരു വർഷക്കാലയളവിൽ ഓരോ മാസവും വിവിധ മെഡിക്കൽ ക്യാമ്പുകൾ, ആരോഗ്യ പരിശോധനകൾ, ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, വിദഗ്ധരുടെ നേതൃത്വത്തിലുള്ള സെമിനാറുകൾ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കലൂർ സി.എൽ.സി അംഗങ്ങൾ അറിയിച്ചു.
ലോഗോ പ്രകാശനം നിർവഹിച്ചുകൊണ്ട് മന്ത്രി ശ്രീ. റോജി എം. ജോൺ, ആരോഗ്യസംരക്ഷണം ഓരോ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണെന്നും, ആരോഗ്യത്തെ മുൻനിർത്തി ഒരു വർഷം നീണ്ടുനിൽക്കുന്ന ഇത്തരം ജനകീയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് മാതൃകാപരമാണെന്നും* പറഞ്ഞു. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി ആരോഗ്യബോധവത്കരണവും സേവനപ്രവർത്തനങ്ങളും ശക്തിപ്പെടുത്താൻ ‘ആരോഗ്യവർഷം’ പദ്ധതിക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
“ആരോഗ്യമുള്ള കുടുംബം – ആരോഗ്യകരമായ സമൂഹം” എന്ന സന്ദേശവുമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളിലൂടെ ഇടവകയിലെ എല്ലാ കുടുംബങ്ങളിലേക്കും ആരോഗ്യപരിചരണവും ബോധവത്കരണവും എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ചടങ്ങിൽ എറണാകുളം നിയോജകമണ്ഡലം എം.എൽ.എ ശ്രീ. ടി. ജെ. വിനോദ്, വൈപ്പിൻ നിയോജകമണ്ഡലം എം.എൽ.എ ശ്രീ. ടോണി ചമ്മണി, ഇടവക വികാരി റവ. ഫാ. പോൾസൺ സിമേന്തി, സഹവികാരിമാരായ റവ. ഫാ. ആഷിക് ലെനിൻ, റവ. ഫാ. നിബിൻ കുര്യാക്കോസ്, റവ. ഫാ. റെനിൽ തോമസ്, കലൂർ സൗത്ത് ഡിവിഷൻ കൗൺസിലർ ശ്രീ. എം. ജി. അരിസ്റ്റോട്ടിൽ, അതിരൂപത സി.എൽ.സി. പ്രസിഡന്റ് അലൻ ടൈറ്റസ്, ഇടവക സി.എൽ.സി. പ്രസിഡന്റ് ആന്റണി ഷിനോയ്, സി എൽ സി അംഗങ്ങളായ ഫ്രാൻസിസ് ജേക്കബ്, നെൽസൺ ടി. ജോസഫ് മറ്റു സി എൽ സി അംഗങ്ങളും സന്നിഹിതരായിരുന്നു.