കർദ്ദിനാൾ സംഘത്തിന് പുതിയ ഡീൻ: കർദ്ദിനാൾ ലൂയിസ് അന്തോണിയോ താഗ്ലെ
കർദ്ദിനാൾ സംഘത്തിന് പുതിയ ഡീൻ: കർദ്ദിനാൾ ലൂയിസ് അന്തോണിയോ താഗ്ലെ
ഫിലിപ്പീൻസിലെ മനിലയിൽ ജനിച്ച കർദ്ദിനാൾ ലൂയിസ് അന്തോണിയോ താഗ്ലെ കർദ്ദിനാൾ സംഘത്തിന്റെ പുതിയ ഡീനായി തിരഞ്ഞെടുക്കപ്പെട്ടു. സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ ഡികാസ്റ്ററിയിൽ, പ്രഥമ സുവിശേഷവത്കരണത്തിനും പുതിയ പ്രാദേശികസഭകൾക്കും വേണ്ടിയുള്ള വിഭാഗം പ്രൊ-പ്രീഫെക്ടായ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ലിയോ പതിനാലാമൻ പാപ്പാ അംഗീകരിച്ചു. 2020 മുതൽ 2026 വരെ ഈ സ്ഥാനത്തുണ്ടായിരുന്ന കർദ്ദിനാൾ ജ്യോവന്നി ബത്തിസ്ത റേ തന്റെ ചുമതലയിൽനിന്ന് രാജി വച്ചതിനെത്തുടർന്നായിരുന്നു ഈ മാറ്റങ്ങൾ.
ഡീക്കൻ, പുരോഹിതൻ, മെത്രാൻ എന്നീ മൂന്ന് നിലകളിലുള്ള കർദ്ദിനാൾമാരുള്ള കർദ്ദിനാൾ സംഘത്തിലെ, മെത്രാൻ നിലയിലുള്ള കർദ്ദിനാൾമാർ ഒക്ടോബർ എട്ടാം തീയതിയായിരുന്നു കർദ്ദിനാൾ താഗ്ലെയെ ഡീൻ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ഈ തിരഞ്ഞെടുപ്പ് പാപ്പാ അംഗീകരിച്ചതിനെത്തുടർന്നാണ് ഒക്ടോബർ 9-ന് ഇതുസംബന്ധിച്ച വിവരങ്ങൾ പരിശുദ്ധ സിംഹാസനം പുറത്തുവിട്ടത്.
പുതിയ ഈ നിയമനത്തോടെ, ലോകമെമ്പാടുമുള്ള കർദ്ദിനാൾമാരുടെ ഡീൻ എന്ന സ്ഥാനം വഹിക്കുന്ന കർദ്ദിനാൾ താഗ്ലെയാകും, പുതിയൊരു പാപ്പായെ തെരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായാൽ കോൺക്ലേവ് വിളിച്ചുകൂട്ടുകയും അതിനെ നയിക്കുകയും ചെയ്യുക. 2025 ഏപ്രിൽ 26-ന് ഫ്രാൻസിസ് പാപ്പായുടെ മൃതസംസ്കാരചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചതും, പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട വിശുദ്ധ ബലിയർപ്പിച്ചതും അപ്പോൾ കർദ്ദിനാൾമാരുടെ ഡീൻ ആയിരുന്ന കർദ്ദിനാൾ റേ ആയിരുന്നു.
നാളിതുവരെ കർദ്ദിനാൾ സംഘത്തിന്റെ ഡീൻ ആയിരുന്ന കർദ്ദിനാൾ റേ, സബീന-പോജ്ജ്യോ മിർത്തെത്തോ രൂപതയുടെ സ്ഥാനികമെത്രാനെന്ന സ്ഥാനം നിലനിർത്തുമെന്ന് വത്തിക്കാൻ വ്യക്തമാക്കി. “കർദ്ദിനാൾ സംഘത്തിന്റെ എമെരിറ്റസ് ഡീൻ” എന്ന പേരും അദ്ദേഹത്തിന് ലഭിക്കും. കർദ്ദിനാൾ ആഞ്ചെലോ സൊഡാനോ കർദ്ദിനാൾ സംഘത്തിന്റെ ഡീൻ സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്ന്, 2020-ൽ അഞ്ചു വർഷത്തേക്ക് ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട കർദ്ദിനാൾ റേയെ ഫ്രാൻസിസ് പാപ്പാ 2025-ൽ രണ്ടാമത് ഇതേ സ്ഥാനത്ത് പുതുക്കി നിയമിക്കുകയായിരുന്നു. കാനോനിക നിയമം 352 § 2 അനുസരിച്ച്, മെത്രാൻ നിലയിലുള്ള കർദ്ദിനാൾമാരാണ് ഡീനെ തിരഞ്ഞെടുക്കുന്നതെങ്കിലും, അവർക്ക് ഒരു നിയതമായ കാലാവധി തീരുമാനിച്ചതും, രണ്ടാമത് ഒരു പ്രാവശ്യം കൂടിയേ ഈ പദവിയിൽ തുടരാൻ സാധിക്കുകയുള്ളൂ എന്ന തീരുമാനം എടുത്തതും ഫ്രാൻസിസ് പാപ്പായാണ്.
വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിലെ സബ്സ്റ്റിട്യൂട്ട് പദവി, മെത്രാന്മാർക്കായുള്ള ഡികാസ്റ്ററി അദ്ധ്യക്ഷൻ, തുടങ്ങി വിവിധ ഉത്തരവാദിത്വങ്ങൾ നിര്വഹിച്ചിട്ടുള്ള കർദ്ദിനാൾ റേ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മുതൽ ലിയോ പതിനാലാമൻ പാപ്പാ വരെ നാല് പാപ്പാമാർക്കൊപ്പം വത്തിക്കാനിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്.
