സഹരക്ഷക, എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നീ ശീര്‍ഷകങ്ങള്‍ ഒഴിവാക്കണമെന്ന് വത്തിക്കാന്‍

 സഹരക്ഷക, എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നീ ശീര്‍ഷകങ്ങള്‍ ഒഴിവാക്കണമെന്ന് വത്തിക്കാന്‍

പരിശുദ്ധ കന്യകാമറിയത്തിന് നല്‍കുന്ന വിശേഷണങ്ങളായ സഹരക്ഷക, എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നീ ശീര്‍ഷകങ്ങള്‍ ഒഴിവാക്കണമെന്ന് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി : പരിശുദ്ധ കന്യകാമറിയത്തിന് നല്‍കുന്ന വിശേഷണങ്ങളെ സംബന്ധിച്ചു വത്തിക്കാനിലെ, വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററി പ്രത്യേക രേഖ പ്രസിദ്ധീകരിച്ചു. ഏതെല്ലാം മരിയന്‍ ശീര്‍ഷകങ്ങളാണ് പൊതുവായി ഉപയോഗിക്കേണ്ടത് എന്നതിനെ സംബന്ധിച്ചാണ് ഡിക്കാസ്റ്ററി രേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സഹരക്ഷക, എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നീ ശീര്‍ഷകങ്ങള്‍ ഒഴിവാക്കണമെന്നു ലെയോ പതിനാലാമന്‍ പാപ്പ അംഗീകാരം നല്‍കിയിരിക്കുന്ന രേഖയില്‍ പറയുന്നു.

നവംബര്‍ നാലാം തീയതി ചൊവ്വാഴ്ചയാണ് വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കസ്റ്ററി, പരിശുദ്ധ മറിയത്തിന്റെ ശീര്‍ഷകങ്ങളെ സംബന്ധിച്ചുള്ള പുതിയ രേഖ ‘മാത്തെര്‍ പോപ്പുളി ഫിദെലിസ്’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചത്.  ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കര്‍ദ്ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസും, സെക്രട്ടറി മോണ്‍സിഞ്ഞോര്‍ അര്‍മാന്‍ദോ മത്തേയോയും ചേര്‍ന്നു ഒപ്പുവച്ച രേഖയ്ക്ക്, ഒക്ടോബര്‍ മാസത്തില്‍ തന്നെ ലെയോ പതിനാലാമന്‍ പാപ്പ അംഗീകാരം നല്‍കിയിരിന്നു.

വിശ്വാസികളുടെ അമ്മയെന്ന നിലയില്‍ ക്രിസ്തുവിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്ന മറിയത്തിന്റെ, ജീവിതത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട്, മരിയന്‍ ഭക്തിയെ സംബന്ധിക്കുന്ന ഒരു സൈദ്ധാന്തിക രേഖയാണിത്

വിശുദ്ധ ഗ്രന്ഥം, സഭാപിതാക്കന്മാര്‍, വേദപാരംഗതന്മാര്‍, പൗരസ്ത്യ പാരമ്പര്യ ഘടകങ്ങള്‍, സമീപകാല പരിശുദ്ധ പിതാക്കന്മാരുടെ ചിന്തകള്‍ എന്നിവയാണ് ഈ രേഖയ്ക്ക് അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്. രേഖയില്‍ ചില മരിയന്‍ ശീര്‍ഷകങ്ങളെ വിശകലനം ചെയ്യുകയും, ചില ഉപയോഗങ്ങള്‍ക്കെതിരെ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്. വിശ്വാസികളുടെ മാതാവ്, ആത്മീയ അമ്മ, വിശ്വാസ സമൂഹത്തിന്റെ അമ്മ തുടങ്ങിയ ശീര്‍ഷകങ്ങള്‍ ഉപയോഗിക്കുന്നതിനെ രേഖ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ സഹരക്ഷക, എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നിവ ഉപയോഗിച്ച് പരിശുദ്ധ മറിയത്തെ വിളിക്കുന്നത് അനുചിതമാണെന്നും വത്തിക്കാന്‍ അറിയിച്ചു.

കൃപകളുടെ മാതാവ്, എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നീ ശീര്‍ഷകങ്ങള്‍ ചില അര്‍ത്ഥത്തില്‍ സ്വീകാര്യമെന്നു തോന്നാമെങ്കിലും, ഇവയുടെ അര്‍ത്ഥവിശദീകരണങ്ങള്‍ ഏറെ അപകട സാധ്യതകള്‍ മുന്‍പോട്ടു വയ്ക്കുന്നുവെന്നു രേഖയില്‍ പരാമര്‍ശിക്കുന്നു. ചില മരിയന്‍ ശീര്‍ഷകങ്ങള്‍ ശരിയായ വ്യാഖ്യാനത്തിലൂടെ വിശദീകരിക്കാന്‍ കഴിയുമെങ്കിലും, അവ ഒഴിവാക്കുന്നതാണ് നല്ലതെന്ന് രേഖയില്‍ എടുത്തു പറയുന്നു.

സഹരക്ഷക എന്ന ശീര്‍ഷകത്തിന്റെ കൃത്യമായ അര്‍ത്ഥം വ്യക്തമല്ല, അതില്‍ അടങ്ങിയിരിക്കുന്ന സിദ്ധാന്തം പൂര്‍ണ്ണ അര്‍ത്ഥത്തിലുള്ളതല്ല. ശീര്‍ഷകങ്ങളില്‍ പ്രകടിപ്പിച്ച ഉപദേശം തിരുവെഴുത്തുകളിലും അപ്പസ്‌തോലിക പാരമ്പര്യത്തിലും എങ്ങനെ ഉണ്ടെന്ന് വ്യക്തമല്ലായെന്നു 1996ല്‍ വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്‌സിംഗര്‍ (പിന്നീട് പാപ്പയായ ബെനഡിക്ട് പതിനാറാമന്‍ പാപ്പ) പരാമര്‍ശിച്ചിട്ടുണ്ട്. സഹരക്ഷക എന്ന ശീര്‍ഷകം ഉപയോഗിക്കുന്നതിനെതിരെ, ഫ്രാന്‍സിസ് പാപ്പായും മൂന്നു പ്രാവശ്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ ശീര്‍ഷകം ക്രിസ്തുവിന്റെ ഏക രക്ഷാധികാര മധ്യസ്ഥതയെ അവ്യക്തമാക്കാന്‍ സാധ്യതയുണ്ടെന്നും രേഖ ചൂണ്ടിക്കാട്ടുന്നു.

admin

Leave a Reply

Your email address will not be published. Required fields are marked *