വാഴ്ത്തപ്പെട്ട മദര്‍ ഏലിശ്വയുടെ ജീവചരിത്രം

വാഴ്ത്തപ്പെട്ട മദര്‍ ഏലിശ്വയുടെ ജീവചരിത്രം
ഓച്ചന്തുരുത്തിന്റെ ഓമന പുത്രിയും കൂനമ്മാവിന്റെ സുകൃതിനിയും വരാപ്പുഴയുടെ വരദാനവുമായ ധന്യ മദര്‍ ഏലിശ്വ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തപ്പെടുമ്പോള്‍ കേരള സഭയ്ക്ക് ഭാരത സഭയ്ക്ക് ഇന്ന് അഭിമാനത്തിന്റെ സുദിനം! ആനന്ദത്തിന്റെ പൊന്‍സുദിനം!
ഭാരത സഭയിലെ ആദ്യത്തെ കര്‍മ്മലിത്താ സന്യാസിനിയും കേരള സഭയുടെ ആദ്യ സന്യാസിനിയും കര്‍മ്മലീത്ത നിഷ്പാദുക മൂന്നാം സഭ സ്ഥാപികയും വരാപ്പുഴ അതിരൂപതാംഗവുമായ ധന്യ മദര്‍ ഏലിശ്വയെ സാര്‍വത്രികസഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ പിതാവ് ലെയോ 14 – ാ മന്‍ പാപ്പ വാഴ്ത്തപ്പെട്ട പദവിയിലേക്ക്ഉയര്‍ത്തുന്നു.
വൈപ്പിന്‍ ദ്വീപിലെ ഓച്ചന്തുരുത്ത് കുരിശിങ്കല്‍ ഇടവക വൈപ്പിശ്ശേരി തറവാട്ടിലെ ക്യാപ്റ്റന്‍ തൊമ്മന്‍ – താണ്ടാ ദമ്പതികളുടെ സീമന്ത പുത്രിയായി 1831 ഒക്ടോബര്‍ 15ന് ജനിച്ച ഏലിശ്വ ബാല്യം മുതലേ തികഞ്ഞ ദൈവമാതൃ ഭക്തിയും പാവങ്ങളോട് സഹാനുഭൂതിയും ഉള്ളവളായിരുന്നു. പതിനാറാം വയസ്സില്‍ കൂനമ്മാവിലെ വാകയില്‍ തറവാട്ടിലെ വറീതുമായി വിവാഹം നടക്കുകയും ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും അന്ന എന്ന് അവര്‍ കുഞ്ഞിന് പേരിടുകയും ചെയ്തു. എന്നാല്‍ ഒന്നരവര്‍ഷത്തിനു ശേഷം വറീത് രോഗം ബാധിച്ചു മരണപ്പെടുകയും രണ്ടാം വിവാഹത്തിന് വിസമ്മതിച്ച ഏലിശ്വ ഏകാന്തതയിലും ദീര്‍ഘനേരത്തെ പ്രാര്‍ത്ഥനയിലും പാവങ്ങളെ സഹായിക്കുന്നതിലും ആശ്വാസം കണ്ടെത്തി. വൈധവ്യത്തിന്റെ കനലില്‍ ചവിട്ടി നിന്നപ്പോഴും ഇടുങ്ങിയതും പരിക്കനുമായ പാതയാണ് അവള്‍ സധൈര്യംതിരഞ്ഞെടുത്തത്.
തന്റെ ശിഷ്ടജീവിതം ദൈവത്തിനും ആത്മീയതയ്ക്കുമായി ഉഴിഞ്ഞു വയ്ക്കാന്‍ തീരുമാനിച്ച ഏലിശ്വയുടെ ഭക്തിയിലും സേവന ജീവിതത്തിലും ആകൃഷ്ടരായി മകള്‍ അന്നയും സഹോദരി ത്രേസ്യയും അവളുടെ പാത പിന്തുടര്‍ന്ന് ആത്മീയ ജീവിതം നയിച്ചു. കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളി വികാരിയായിരുന്ന ഇറ്റാലിയന്‍ വൈദികന്‍ ലെയൊപ്പോള്‍ഡ് OCD യോട് ആത്മീയ കാര്യങ്ങളെല്ലാം വെളിപ്പെടുത്തുകയും അദ്ദേഹം അത് അന്നത്തെ വരാപ്പുഴ മെത്രാനായിരുന്ന ബെര്‍ണഡിന്‍ ബെച്ചനെല്ലി പിതാവിനെ 1862ല്‍ അറിയിക്കുകയും ചെയ്തു. മൂന്നുപേരെയും സന്യാസ ജീവിതത്തിലേക്ക് സ്വീകരിക്കുകയും ചെയ്തു. അങ്ങനെ സന്യാസം കേട്ടുകേള്‍വി പോലുമില്ലാതിരുന്ന കാലഘട്ടത്തില്‍ ലൗകിക സന്തോഷങ്ങള്‍ വെടിഞ്ഞ് ദൈവസ്നേഹത്താല്‍ ജലിച്ച് പരിശുദ്ധാത്മാവിനാല്‍ പ്രചോദിതയായി ദിവ്യകാരുണ്യ നാഥനില്‍ വേരൂന്നി മദര്‍ ഏലീശ്വ കേരളത്തിലെ ആദ്യത്തെ സന്യാസിനി സഭയ്ക്ക് 1866 ഫെബ്രുവരി 13ന് കൂനമ്മാവില്‍രൂപംകൊടുത്തു.
എല്ലാ കാര്യങ്ങളിലും ദൈവത്തിന് പ്രഥമസ്ഥാനം കൊടുത്ത ഏലീശ്വാമ്മ സഭയുടെ കല്‍പ്പനകളും സഭാധികാരികളോടുള്ള അനുസരണയും വിധേയത്വവും സന്യാസ വ്രതങ്ങളും ഏറ്റവും സൂക്ഷത്തോടെ അനുഷ്ഠിച്ച തപസ്വിനിയാണ്. ദിവ്യകാരുണ്യ ഈശോയുടെ മുഖത്ത് കണ്ണുംനട്ട് അവിടുത്തെ കരുണ അനുഭവിച്ച്, അഭ്യസിച്ച്, കരുണയുടെ മുഖമായ ഏലീശ്വാ സുവിശേഷ ഭാഗ്യങ്ങളുടെ സാക്ഷിയായിമാറി.
ഓച്ചന്തുരുത്ത് വൈപ്പിശ്ശേരി തറവാട്ടില്‍ ഒരു നല്ല മകളായി ജീവിച്ച് കൂനമ്മാവ് വാകയില്‍ തറവാട്ടില്‍ ഉത്തമ ഭാര്യയുടെ, അമ്മയുടെ ഉത്തരവാദിത്തങ്ങള്‍ പൂര്‍ണമായും നിര്‍വഹിച്ച ഏലീശ്വാമ്മ തന്റെ വ്രതത്രയ സമര്‍പ്പണത്തിലൂടെ ഈശോയെ കണ്ടെത്തിയ യോഗിനിയാണ്. കുടുംബങ്ങളുടെ സമുദ്ധാരകയാണ്.പ്രാര്‍ത്ഥന ജീവിതമാക്കി ജീവിതം പ്രാര്‍ത്ഥനയാക്കി ദിവ്യകാരുണ്യ നാഥനില്‍ വിലയം പ്രാപിച്ചവളാണ്.
** ദിവ്യകാരുണ്യ സന്നിധിയില്‍ മണിക്കൂറുകളോളം ചെലവഴിച്ച് തന്നെക്കുറിച്ചുള്ള ദൈവിക പദ്ധതി തിരിച്ചറിഞ്ഞ് ദൈവ സ്നേഹത്തിന്റെ, ദിവ്യകാരുണ്യത്തിന്റെ പൊന്‍പ്രഭ സ്വന്തമാക്കിയവള്‍. പ്രാര്‍ത്ഥന എന്ന കലയില്‍ സ്ഫുടം ചെയ്ത ഉള്‍വിളികള്‍ സ്വര്‍ണപ്രഭയോടെ കര്‍മ്മരംഗങ്ങളിലേക്കും പടുത്തുയര്‍ത്തിയവളാണ് ഏലീശ്വാമ്മ**
. ഒരു സന്യാസിനി അനശ്വരമായ സമ്പത്തിന് വേണ്ടി നിലകൊള്ളേണ്ടവളാണെന്ന് സഭാ മക്കളെ പഠിപ്പിച്ച ഏലീശ്വാമ്മ സമ്പൂര്‍ണ്ണ വിരക്തിയുടെ മകുടോദാഹരണമാണ്. ***
സ്ത്രീ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തില്‍ സമൂഹത്തില്‍ മാറ്റിനിര്‍ത്തപ്പെട്ടവരെ നെഞ്ചിലേറ്റി, സ്ത്രീ ശാക്തീകരണത്തിനും സ്ത്രീവിദ്യാഭ്യാസത്തിനുമായി പ്രയത്നിച്ച് സ്ത്രീ സമൂഹത്തെ തേജസ്വിനികളാക്കിയ 19 ആം നൂറ്റാണ്ടിലെ കേരളത്തിലെ നവോത്ഥാന നായിക.
കൂനമ്മാവില്‍ ആദ്യ സന്യാസിനി സഭയും 1868 ജൂലൈ 20 ന് പെണ്‍കുട്ടികള്‍ക്ക് വേണ്ടി മാത്രമായി ഒരു വിദ്യാലയം കൂനമ്മാവില്‍ സ്ഥാപിക്കുകയും ബോര്‍ഡിങ്ങും അനാഥാലയവുമൊക്കെ സ്ഥാപിച്ച്, പെണ്‍കുട്ടികളെ കൈത്തൊഴില്‍ പഠിപ്പിച്ച്, പ്രത്യേകിച്ച് കൊന്തകെട്ടു പഠിപ്പിച്ച് സ്ത്രീ സമൂഹത്തെ ശാക്തീകരിച്ച കേരളക്കരയുടെ ആത്മീയ സാമൂഹിക നവോത്ഥാന നായികയാണ്മദര്‍എലീശ്വാ.
പ്രതിസന്ധികളും പ്രശ്നങ്ങളും മദര്‍ എലീശ്വായുടെ സന്തതസഹചാരിയായിരുന്നു. റീത്ത് വിഭജനത്തെ തുടര്‍ന്ന് തന്റെ സ്വത്തുക്കളും ആദ്യ ഭവനവും പ്രിയപ്പെട്ട മകള്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണും വിദ്യയുടെ വെളിച്ചം പകര്‍ന്ന സ്‌കൂളും അനാഥമന്ദിരവും ബോര്‍ഡിങ് ഭവനവും എല്ലാം ത്യജിച്ച് സര്‍വസംഗപരിത്യാഗിയായി ക്രൂശിതനില്‍ ദൃഷ്ടിയുറപ്പിച്ച് കുരിശിനപ്പുറമുള്ള ഉത്ഥാന കൃപ സ്വപ്നം കണ്ട് പടിയിറങ്ങിയവളാണ്. ജീവിതാനുഭവങ്ങളുടെ രോഗങ്ങളുടെ സഹനങ്ങളുടെ പ്രശ്നങ്ങളുടെയൊക്കെ അഗ്നിയില്‍ ശുദ്ധീകരിക്കപ്പെട്ടവള്‍. സഹനത്തിന്റെ നടുവില്‍ ദൈവഹിതം വെളിവാകുന്നതിനുവേണ്ടി കാത്തിരുന്ന വിവേകമതിയായ അമ്മ. എല്ലാ നഷ്ടങ്ങളും ലാഭമായി കണ്ട് അമ്മ സന്യാസ സമര്‍പ്പണത്തിന്റെ സൗരഭ്യം വര്‍ദ്ധിപ്പിച്ചു. ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ ക്രിസ്തുവിന്റെ ജീവിതത്തിലേക്കുള്ള ചവിട്ടുപടികള്‍ ആണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് വിശ്വാസ വെളിച്ചത്തില്‍ ജീവിച്ച ധീര വനിതയാണ്മദര്‍ഏലീശ്വ.
ദൈവത്തെ മാത്രം സ്നേഹിച്ച് ദൈവം അല്ലാതെ മറ്റൊന്നും തനിക്കില്ലെന്ന് വിളിച്ചുപറഞ്ഞ് തന്റെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളെയും ദൈവാരാധനകളാക്കി മാറ്റിയ മദര്‍ ഏലിശ്വ 1913 ജൂലൈ 18-ആം തീയതിയാണ് ദൈവസന്നിധിയിലേക്ക് യാത്രയായത്.
വരാപ്പുഴ അതിരൂപതയിലെ പരിശുദ്ധ കര്‍മ്മലമാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും നാമധേയത്തിലുള്ള ബസിലിക്കയിലാണ് മദര്‍ ഏലിശ്വയുടെ ഭൗതിക ശരീരം അടക്കം ചെയ്യപ്പെട്ടത്. പിന്നീടു മദറിന്റെ ഭൗതിക അവശിഷ്ടങ്ങള്‍ വരാപ്പുഴ സെന്റ് ജോസഫ് കര്‍മ്മല മഠത്തിലെ സ്മൃതി മന്ദിരം എന്ന കപ്പേളയിലേക്ക് മാറ്റി.
അനേകം തീര്‍ത്ഥാടകരും വിശ്വാസികളും അവളുടെ ശവകുടീരം സന്ദര്‍ശിക്കുകയും മാധ്യസ്ഥം തേടുകയും അനുഗ്രഹങ്ങള്‍ നേടുകയുംചെയ്യുന്നു.
2008 മെയ് 30 ആം തീയതി മദര്‍ ഏലിശ്വയെ തിരുസഭ ദൈവദാസി പദവിയിലേക്ക് ഉയര്‍ത്തി. 2023 നവംബര്‍ 8-ാം തീയതി മദര്‍ ഏലീശ്വയുടെ വീരോചിതമായ പുണ്യജീവിതം അംഗീകരിച്ചുകൊണ്ട് ‘ധന്യ’ എന്ന പ്രഖ്യാപനം നടത്തി.
കേരള സഭയുടെ ആദ്യ സന്ന്യാസിനിയും ഭാരതത്തിലെ ആദ്യ കര്‍മലിത്താ സന്യാസിനി സഭാസ്ഥാപികയുമായ ധന്യ മദര്‍ ഏലിശ്വയെ 2025 നവംബര്‍ 8 ന് വൈകുന്നേരം 4.30 മണിക്ക് വല്ലാര്‍പാടം ദേശിയ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍.നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലി മധ്യേ ലെയോ 14-ാമന്‍ പാപ്പയുടെ പ്രതിനിധി കര്‍ദിനാള്‍ സെബാസ്റ്റിയന്‍ ഫ്രാന്‍സിസ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും.