ലെയോ പാപ്പായുടെ പ്രഥമ അപ്പസ്‌തോലിക സന്ദര്‍ശനത്തിന് ആരംഭം .- പാപ്പ തുര്‍ക്കിയുടെ മണ്ണില്‍

ലെയോ പാപ്പായുടെ പ്രഥമ അപ്പസ്‌തോലിക സന്ദര്‍ശനത്തിന് ആരംഭം – പാപ്പ തുര്‍ക്കിയുടെ മണ്ണില്‍.
അങ്കാര: ആദ്യ അപ്പസ്‌തോലിക സന്ദര്‍ശനം നടത്തിയ രാജ്യമെന്ന ഖ്യാതിയോടെ ലെയോ പാപ്പ തുര്‍ക്കിയുടെ മണ്ണില്‍ കാലു കുത്തി. പാപ്പയും സംഘവും റോമില്‍ നിന്നു പുറപ്പെട്ട വിമാനം നവംബര്‍ 27 ന് വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12:22 ന് (ഇന്ത്യന്‍ സമയം ഉച്ചക്കഴിഞ്ഞു 02.52നു) അങ്കാരയിലെ വിമാനതാവളത്തിലെത്തി. അങ്കാരയിലുള്ള എസെന്‍ബോഗ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ പാപ്പയെ തുര്‍ക്കിയിലെ ഭരണകൂട നേതൃത്വവും സൈനികരും ചേര്‍ന്ന് സ്വീകരിച്ചു.
വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവേ അപ്പസ്‌തോലിക യാത്രയെ ‘ചരിത്ര നിമിഷം’ എന്നാണ് ലെയോ പാപ്പ വിശേഷിപ്പിച്ചത്. ലോകമെമ്പാടും സമാധാനം പ്രധാനമാണെന്ന് പ്രഖ്യാപിക്കാനും, എല്ലാ ആളുകളെയും ഐക്യത്തിലേക്കും സഹോദര്യത്തിലേക്കും ക്ഷണിക്കാനും യാത്ര മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മാധ്യമപ്രവര്‍ത്തകരോട് പാപ്പാ പറഞ്ഞു. ക്രിസ്ത്യന്‍, മുസ്ലീം വിശ്വാസത്തിലുള്ളവര്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു അവസരമായാണ് ഈ യാത്രയെ കാണുന്നതെന്നും പാപ്പ സൂചിപ്പിച്ചിരിന്നു.
തുര്‍ക്കി റിപ്പബ്ലിക്കിന്റെ സ്ഥാപകനും ആദ്യ പ്രസിഡന്റുമായ മുസ്തഫ കെമാല്‍ അതാതുര്‍ക്കിന്റെ സ്മരണയ്ക്കായി നിര്‍മ്മിച്ച അതാതുര്‍ക്ക് ശവകുടീരം സന്ദര്‍ശനമാണ് പാപ്പയുടെ യാത്ര ക്രമീകരണങ്ങളിലെ ആദ്യ പരിപാടി. (ഇന്ത്യന്‍ സമയം ഉച്ചക്കഴിഞ്ഞു 03.55) ശവകുടീരത്തിലെത്തി പുഷ്പങ്ങള്‍ സമര്‍പ്പിച്ചതിനു ശേഷം തുര്‍ക്കിയുടെ പ്രസിഡന്റ് തയിബ് എര്‍ദോഗനുമായും സിവില്‍ സൊസൈറ്റി പ്രതിനിധികളെയും നയതന്ത്ര സേനയെയും പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ വച്ച്
കൂടിക്കാഴ്ച നടത്തി.
തന്റെ അപ്പസ്‌തോലിക യാത്രകളുടെ തുടക്കം തുര്‍ക്കിയെയില്‍ നിന്നും ആരംഭിക്കുവാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടാണ് പാപ്പാ, തന്റെ സന്ദേശം ആരംഭിച്ചത്.
ലോകം ഈ കാലഘട്ടത്തില്‍ അനുഭവയ്ക്കുന്ന വിവിധ ദുരിതങ്ങളും പാപ്പാ വിവരിച്ചു. സ്വാര്‍ത്ഥപരമായ തീരുമാനങ്ങളില്‍ ചവിട്ടിമെതിക്കപ്പെടുന്ന നീതിയും സമാധാനവും, ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളികളാണെന്നും, അവയ്ക്കു നേരെ ഉത്തരവാദിത്വമുള്ളവരായി നിലകൊള്ളണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.
തന്റെ സന്ദര്‍ശനത്തിന്റെ അടയാളമായി ഉപയോഗിച്ചിരിക്കുന്ന ദര്‍ദാനെല്ലി പാലം, തുര്‍ക്കിയെ രാജ്യത്തിന്റെ പ്രത്യേക ദൗത്യം എടുത്തു കാണിക്കുന്നുവെന്നും, ഏഷ്യയെയും യൂറോപ്പിനെയും, പൗരസ്ത്യലോകത്തെയും, പാശ്ചാത്യ ലോകത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിലുപരി, ഈ അടയാളം തുര്‍ക്കിയെ അതില്‍ തന്നെ പരസ്പരം ബന്ധിപ്പിക്കുന്നതാണെന്നും പാപ്പാ പ്രത്യേകം പറഞ്ഞു.
രാജ്യത്തിന്റെ ഐക്യത്തിന് ക്രിസ്ത്യാനികള്‍ക്കും സംഭാവനകള്‍ നല്‍കുവാന്‍ സാധിക്കുമെന്നതിനു താന്‍ ഉറപ്പു നല്‍കുന്നതായും പാപ്പാ പറഞ്ഞു. അവരും തുര്‍ക്കിയുടെ സ്വത്വത്തിന്റെ ഭാഗമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
തന്റെ സന്ദര്‍ശനത്തിന്റെ അടയാളമായി ഉപയോഗിച്ചിരിക്കുന്ന ദര്‍ദാനെല്ലി പാലം, ഏഷ്യയെയും യൂറോപ്പിനെയും, പൗരസ്ത്യലോകത്തെയും പാശ്ചാത്യ ലോകത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിലുപരി, ഈ അടയാളം തുര്‍ക്കിയെ അതില്‍ തന്നെ പരസ്പരം ബന്ധിപ്പിക്കുന്നതാണെന്നും പാപ്പ പറഞ്ഞു
സ്‌നേഹത്തിന്റെ പാലങ്ങള്‍ പണിയുക എന്നതാണ് ഏറ്റവും അത്യാവശ്യമുള്ള കാര്യമെന്നും മതത്തിനു ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന തുര്‍ക്കിയില്‍, എല്ലാ ദൈവമക്കളുടെയും അന്തസ്സിനെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കേണ്ടത് അത്യാവശ്യമാണെന്നും പാപ്പ പറഞ്ഞു. ഇന്നലെ അങ്കാരയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി രാത്രിയില്‍ തന്നെ പാപ്പ ഇസ്താംബൂളിലേക്ക് പോയിരിന്നു. ഇവിടെ പാപ്പയുടെ വിവിധ സന്ദര്‍ശന പരിപാടികള്‍ ഇന്നു നടക്കും.