ബെത്ലഹേമിലെ ക്രിസ്തുമസ് ആഘോഷത്തിന് രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും തിരി തെളിഞ്ഞു

ബെത്ലഹേമിലെ ക്രിസ്തുമസ് ആഘോഷത്തിന് രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും തിരി തെളിഞ്ഞു.
ഇക്കഴിഞ്ഞ ഡിസംബര്‍ 6ന് ബെത്ലഹേമിലെ ചരിത്രപ്രസിദ്ധമായ തിരുപിറവി ദേവാലയത്തിന് മുന്നിലുള്ള ഭീമാകാരമായ ക്രിസ്തുമസ് ട്രീ പ്രകാശിപ്പിച്ച് ബെത്ലഹേം നഗരം ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കു തയാറായിരിക്കുകയാണ്.
യുദ്ധത്തിന്റെ മുറിവുകള്‍ക്കിടെ കഴിഞ്ഞ രണ്ട് വര്‍ഷമായി മുടങ്ങിയിരിന്ന ബെത്ലഹേമിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കാണ് ഇപ്പോള്‍ തിരി തെളിഞ്ഞത് . യേശു ജനിച്ച പട്ടണമായ ബെത്‌ലഹേമില്‍ എല്ലാ ക്രിസ്തുമസ് ആഘോഷങ്ങളും നേരത്തെ പരിമിതപ്പെടുത്തിയിരിന്നു. എന്നാല്‍, അടുത്തിടെയുണ്ടായ വെടിനിര്‍ത്തലിന് ശേഷം, ക്രിസ്തുമസ് ആഘോഷത്തിന് പ്രദേശത്ത് വീണ്ടും തുടക്കം കുറിച്ചിരിക്കുകയാണ്.
20 മീറ്റര്‍ ഉയരമുള്ള ക്രിസ്തുമസ് ട്രീയില്‍ വിളക്കുകള്‍ തെളിയിക്കുന്നതിന് സാക്ഷികളാകുവാന്‍ വെസ്റ്റ്ബാങ്കില്‍നിന്നും ഇസ്രയേലില്‍നിന്നും ആയിരക്കണക്കിനു പലസ്തീനികളെത്തിയിരുന്നു. വിളക്കു തെളിഞ്ഞപ്പോള്‍ ആര്‍പ്പുവിളികള്‍ ഉയര്‍ന്നു. ആയിരക്കണക്കിന് ആളുകള്‍ സ്‌ക്വയറില്‍ ഒത്തുകൂടി, സ്തുതിഗീതങ്ങള്‍ ആലപിക്കുകയും ഗായകസംഘത്തിന്റെ കരോള്‍ കേള്‍ക്കുകയും ചെയ്തു
അയല്‍ പട്ടണങ്ങളായ ബെയ്റ്റ് ജാല, ബെയ്റ്റ് സഹോര്‍ എന്നിവിടങ്ങളിലും വരും ദിവസങ്ങളില്‍ ക്രിസ്തുമസ് ട്രീ ലൈറ്റുകള്‍ സ്ഥാപിക്കുന്നുണ്ട്.