സഭാവാര്‍ത്തകള്‍ : 21. 12. 25

സഭാവാര്‍ത്തകള്‍ : 21. 12. 25
വത്തിക്കാൻ വാർത്തകൾ
ക്രിസ്തുമസിനായി ഒരുങ്ങാനും, ക്രൈസ്തവപരമ്പര്യം കാത്തുസൂക്ഷിക്കാനും ആഹ്വാനവുമായി ലിയോ പതിനാലാമന്‍ പാപ്പാ
ജീവിതത്തിന്റെ നിരവധിയായ തിരക്കുകള്‍ക്കിടയിലും, അടുത്തെത്തിയിരിക്കുന്ന ക്രിസ്തുമസിനായി ശ്രദ്ധയോടും പ്രാര്‍ത്ഥനയോടും കൂടെ ഒരുങ്ങാനും, ക്രൈസ്തവ വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും കലയുടെയും ഭാഗമായ ക്രിസ്തുമസ് പുല്‍ക്കൂട് പോലെയുള്ള അടയാളങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കാത്തുസൂക്ഷിക്കാനും ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ പാപ്പാ. ക്രിസ്തുമസിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ, ഡിസംബര്‍ 17 ബുധനാഴ്ച പതിവുപോലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയില്‍ വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ്, ഇത്തരമൊരു ആഹ്വാനം പാപ്പാ മുന്നോട്ടുവച്ചത്.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ക്രിസ്തുമസാകുമെന്നും, നിങ്ങളുടെ വീടുകളില്‍ ക്രിസ്തുവിന്റെ ജനനത്തിന്റെ രഹസ്യത്തെ അനുസ്മരിപ്പിക്കുന്ന പുല്‍ക്കൂടുകള്‍ ഒരുങ്ങിയിട്ടുണ്ടാകുമെന്നും പറഞ്ഞ പാപ്പാ, നമ്മുടെ വിശ്വാസത്തിന്റെ മാത്രമല്ല, ക്രൈസ്തവസംസ്‌കാരത്തിന്റെയും കലയുടെയും ഭാഗമായ ഇത്തരമൊരു പ്രധാനപ്പെട്ട ഘടകം നഷ്ടപ്പെടാതെ തുടരട്ടെയെന്ന് ഇറ്റാലിയന്‍ ഭാഷ സംസാരിക്കുന്ന ആളുകളെ അഭിസംബോധന ചെയ്യവേ, ആശംസിച്ചു. യേശു നമുക്കിയിടയില്‍ വസിക്കാനായി മനുഷ്യനായി പിറന്നു എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നതാണ് പുല്‍ക്കൂടെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
അതിരൂപത വാർത്തകൾ

ക്രിസ്തുമസ് – സ്വര്‍ഗ്ഗസ്‌നേഹത്തിന്റെ തെളിച്ചം : ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍.
കൊച്ചി : മനുഷ്യ ചരിത്രത്തിലേക്ക് ഏറ്റവും എളിമയുള്ള രീതിയില്‍ സ്വര്‍ഗ്ഗ സ്‌നേഹം കടന്നുവന്നതിന്റെ ഉജ്ജ്വലമായ ആഘോഷമാണ് ക്രിസ്തുമസെന്ന്
വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വരാപ്പുഴ അതി മെത്രാസന മന്ദിരത്തില്‍ നടന്ന മാധ്യമപ്രവര്‍ത്തകരുടെ സംഗമത്തില്‍ ക്രിസ്തുമസ് സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബത്ലഹേമിലെ ആട്ടിടയന്മാര്‍ പുല്‍ക്കൂട്ടില്‍ ജീവിതത്തിന്റെ ഏറ്റവും വലിയ സന്തോഷം കണ്ടെത്തിയത് പോലെ ക്രിസ്തുവിനെ അറിയുന്നതിലൂടെ ലഭിക്കുന്ന സന്തോഷത്താല്‍ നമ്മുടെയൊക്കെ ജീവിതം പൂര്‍ണമാകട്ടെയെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ബിഷപ്പ് ഡോ.ആന്റണി വാലുങ്കല്‍ കേക്ക് ആശിര്‍വാദം നടത്തി.

വിശ്വാസപരിശീലന കമ്മീഷന്‍ വാര്‍ത്തകള്‍
2025 ഡിസംബര്‍ 13 -ാം തീയതി രാവിലെ 9.30 am ന് സെന്റ്. ആല്‍ബര്‍ട്ട്‌സ് കോളേജിലെ ബെച്ചിനെല്ലി ഹാളില്‍ വച്ച് വിശ്വാസ പരിശീലന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട അതിരൂപതതല കരോള്‍ മത്സരത്തില്‍
ഒന്നാം സമ്മാനം സെന്റ് ജോസഫ് ചര്‍ച്ച് തേവര,
രണ്ടാം സമ്മാനം ക്രൂസ് മിലാഗ്രിസ് ചര്‍ച്ച് കുരിശിങ്കല്‍,
മൂന്നാം സമ്മാനം OLPH ചര്‍ച്ച് ഓച്ചന്തുരുത്ത് എന്നിവര്‍ കരസ്ഥമാക്കി