സഭാവാര്‍ത്തകള്‍ : 04. 01. 2026
സഭാവാര്‍ത്തകള്‍ : 04. 01. 2026

വത്തിക്കാൻ വാർത്തകൾ
ദൈവത്തില്‍ ശരണപ്പെട്ട് മുന്നോട്ടുപോകാം : ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി : വരും നാളുകളില്‍ നമ്മിലും നമുക്ക് ചുറ്റിലും അവിടുത്തെ കൃപയുടെയും കരുണയുടെയും അത്ഭുതങ്ങള്‍ നവീകരിക്കണമേയെന്ന് അപേക്ഷിക്കുകയാണെന്നു ലെയോ പാപ്പ. 2025-ലെ അവസാനദിനമായ ഡിസംബര്‍ 31-ന് വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയില്‍ സംസാരിക്കുകയായിരിന്നു പാപ്പ. കഴിഞ്ഞുപോകുന്ന ഈ വര്‍ഷത്തില്‍ ഏറെ പ്രധാനപ്പെട്ട പല കാര്യങ്ങളും നടന്നു: വിശുദ്ധവര്‍ഷത്തിന്റെ അവസരത്തില്‍ നിരവധി വിശ്വാസികള്‍ നടത്തിയ തീര്‍ത്ഥാടനം പോലെ ചിലത് സന്തോഷപ്രദമായിരുന്നു; പ്രിയപ്പെട്ട ഫ്രാന്‍സിസ് പാപ്പായുടെ വിയോഗവും, ഭൂമിയെ ദുഖത്തിലാഴ്ത്തികൊണ്ട് തുടരുന്ന യുദ്ധദൃശ്യങ്ങളും പോലെ ചിലത് ദുഃഖകരമായിരുന്നുവെന്നു പാപ്പ അനുസ്മരിച്ചു.
കര്‍ത്താവ് നമുക്കായി കഴിഞ്ഞ വര്‍ഷം ചെയ്തു തന്ന കാര്യങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യാനായാണ് ഇന്ന് നാം വിളിക്കപ്പെട്ടിരിക്കുന്നത്. അതോടൊപ്പം സത്യസന്ധമായ ആത്മപരിശോധന നടത്താനും, അവിടുന്നു നമുക്ക് നല്‍കിയ ദാനങ്ങളോടുള്ള നമ്മുടെ പ്രതികരണം എപ്രകാരമായിരുന്നുവെന്ന് വിലയിരുത്താനും, അവന്‍ നമുക്കേകിയ പ്രചോദനങ്ങളെ വിലമതിക്കാനും, അവന്‍ നമ്മില്‍ ഭരമേല്പിച്ചിരുന്ന താലന്തുകള്‍ ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ നിക്ഷേപിക്കാനും സാധിക്കാതിരുന്ന നിമിഷങ്ങളെയോര്‍ത്ത് ക്ഷമ യാചിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും തദവസരത്തില്‍ പാപ്പ പറഞ്ഞു.
അതിരൂപത വാർത്തകൾ

വരാപ്പുഴ അതിരൂപതയ്ക്ക് ഇത് അനുഗ്രഹ ദിനം.
കൊച്ചി : വരാപ്പുഴ അതിരൂപതയിലെ ബഹു. ഡീക്കന്മാരായ ആല്‍ഫിന്‍ ജോര്‍ജ് ചക്കുങ്കല്‍, ശരത് ജോസ് പനക്കല്‍ ലാല്‍ ആന്റണി വൈപ്പിശ്ശേരി, ക്രിസ്റ്റഫര്‍ ജോസഫ് ഇല്ലിപറമ്പില്‍, അമല്‍ ആന്റണി മാളിയേക്കല്‍, ഹിരണ്‍ ചൂളക്കല്‍, ആഷിക് ലെനിന്‍ മുക്കത്ത്, മിഥുന്‍ പോള്‍ ചേരിയില്‍ എന്നിവരുടെയും മുരിയാള്‍ഡോ സഭാംഗമായ ഡീക്കന്‍ ജികസണ്‍
ഗ്ലോഡിയുടെയും , അഗസ്റ്റിനിയന്‍ സഭാംഗമായ ഡീക്കന്‍ മാര്‍ട്ടിന്‍ ജോസഫ് പുതുവീട്ടിലിന്റെയും തിരുപ്പട്ട സ്വീകരണം 2025 ഡിസംബര്‍ 29 തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ ദൈവാലയത്തില്‍ വച്ച് നടത്തുകയുണ്ടായി.
വരാപ്പുഴ അതിരൂപത മെത്രാപോലിത്ത മോസ്റ്റ് റവ.ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന തിരുപ്പട്ട ദാന തിരുക്കര്‍മത്തില്‍ സഹായമെത്രാന്‍ അഭിവന്ദ്യ ആന്റണി വാലുങ്കല്‍ പിതാവും കോണ്‍ഗ്രിഗേഷന്‍ ഓഫ് ജോസഫ് മുരിയാള്‍ ഡെലീഗേറ്റ് സുപ്പീരിയര്‍ വെരി റവ : ഫാ. മിശിഹാ ദാസ്, ഓര്‍ഡര്‍ ഓഫ് അഗസ്റ്റിന്‍ റീജണല്‍ വികാര്‍, വെരി റവ : ഫാ. വില്‍സണ്‍ ഇഞ്ചരപ്പൂ OSA യും അതിരൂപത വൈദീകരും സന്യസ്തരും അല്മായരും പങ്കെടുത്തു.
വരാപ്പുഴ അതിരൂപതക്ക് ദൈവം നല്‍കിയ പുതുവത്സര സമ്മാനമാണ് പുതിയ പത്ത് വൈദീകര്‍ എന്നും, ദൈവത്തെ സ്‌നേഹിച്ചും മനുഷ്യന് നന്മ ചെയ്തും അര്‍പ്പണബോധത്തോടും പ്രാര്‍ത്ഥന ചൈതന്യത്തോടും ഓരോ വൈദികനും ജീവിക്കണം എന്നും ആര്‍ച്ച്ബിഷപ് ഓര്‍മപ്പെടുത്തി.
വിശ്വാസപരിശീലന കമ്മീഷന്‍ വാര്‍ത്തകള്‍
2026 ജനുവരി 10, ശനി, ഫാ. ജോളി തപ്പലോടത്ത് മേമ്മോറിയൽ ഫുട്‌ബോൾ ടൂർണ്ണമെന്റ്, കലുർ സെന്റ്റ് ആൽബർട്ട്സ് കോളേജ് ഗ്രൗണ്ടിൽ വച്ച് രാവിലെ 7.00 മുതൽ നടത്തപ്പെടും.
ജനുവരി 11, ഞായർ മോൺസിഞ്ഞോർ ഇമ്മാനുവൽ ലോപ്പസ് മെമ്മോറിയൽ ബൈബിൾ ക്വിസ് എറണാകുളം സെൻ്റ് അൻ്റണിസ് എച്ച്. എസ് എസിൽ വച്ച് ഉച്ചയ്ക്ക് 2.00 മുതൽ 4.00 വരെ നടത്തപ്പെടും.