വിശുദ്ധ ആഗ്‌നസിന്റെ തിരുനാള്‍ ദിനത്തില്‍ പാലിയം നിര്‍മ്മിക്കുന്നതിനായി കുഞ്ഞാടുകളെ സമര്‍പ്പിച്ചു



വിശുദ്ധ ആഗ്‌നസിന്റെ തിരുനാള്‍ ദിനത്തില്‍ പാലിയം നിര്‍മ്മിക്കുന്നതിനായി കുഞ്ഞാടുകളെ സമര്‍പ്പിച്ചു
ജനുവരി മാസം ഇരുപത്തിയൊന്നാം തീയതി, വിശുദ്ധ ആഗ്‌നസിന്റെ തിരുനാള്‍ ദിനത്തില്‍, രക്തസാക്ഷിത്വം, പ്രതീകങ്ങള്‍, സഭാഭരണം എന്നിവയെ കൂട്ടിയിണക്കുന്ന ഒരു പുരാതന പാരമ്പര്യം രാവിലെ 8:30-ന് വത്തിക്കാനില്‍ പുതുക്കപ്പെട്ടു. മെട്രോപ്പൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പുമാര്‍ക്കുള്ള പാലിയം നിര്‍മ്മിക്കുന്നതിനുള്ള കമ്പിളി നല്‍കുന്ന കുഞ്ഞാടുകളെ വെഞ്ചരിക്കുന്ന ചടങ്ങാണിത്. ഫ്രാന്‍സിസ് പാപ്പയുടെ കാലത്ത് നിര്‍ത്തിവെച്ചിരുന്ന ഈ ചടങ്ങ് ലിയോ പതിനാലാമന്‍ പാപ്പ പുനരാരംഭിച്ചിരിക്കുകയാണ്.
രാവിലെ അപ്പസ്‌തോലിക് കൊട്ടാരത്തിലെ ഉര്‍ബന്‍ എട്ടാമന്റെ ചാപ്പലില്‍ വെച്ച്, യുവ രക്തസാക്ഷിയായ വിശുദ്ധ ആഗ്‌നസുമായി നൂറ്റാണ്ടുകളായി നേരിട്ട് ബന്ധമുള്ള ഈ ആചാരത്തിന്റെ ഭാഗമായി ലെയോ പതിനാലാമന്‍ പാപ്പ കുഞ്ഞാടുകളെ വെഞ്ചരിച്ചു.
വിശുദ്ധ ആഗ്‌നസും കുഞ്ഞാടും തമ്മിലുള്ള ബന്ധം പ്രതീകാത്മകവും ഭാഷാപരവുമാണ്. ചിത്രരചനകളിലും മറ്റും, വിശുദ്ധ ആഗ്‌നസിനെ പലപ്പോഴും ഒരു കുഞ്ഞാടിനൊപ്പമാണ് ചിത്രീകരിക്കാറുള്ളത്. മരണമുഖത്ത് പോലും തള്ളിപ്പറയാന്‍ തയ്യാറാകാതിരുന്ന തന്റെ മണവാളനായ ക്രിസ്തുവിനോടുള്ള വിശുദ്ധയുടെ നിര്‍മ്മലത, ത്യാഗം, വിശ്വസ്തത എന്നിവയുടെ അടയാളമാണിത്. നാലാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയില്‍ ആരംഭിച്ചുവെന്ന് കരുതപ്പെടുന്ന ഈ വെഞ്ചരിപ്പ് കര്‍മ്മം, സജീവമായ ഒരു ഓര്‍മ്മയായി കാലങ്ങളോളം നിലനിന്നു.
റോമിലെ ട്രെ ഫോണ്ടാനെ ആശ്രമത്തിലെ ട്രാപ്പിസ്റ്റ് സന്യാസിമാരാണ് ഈ കുഞ്ഞാടുകളെ സംഭാവന ചെയ്യുന്നത്. സന്യാസിമാര്‍ ഈ കുഞ്ഞാടുകളെ വളര്‍ത്തുന്നതിനും പരിപാലിക്കുന്നതിനുമായി നസറെത്തിലെ തിരുക്കുടുംബ സന്യാസിനി സമൂഹത്തിലെ കന്യാസ്ത്രീകളെ ഏല്‍പ്പിക്കുന്നു. ഈ കന്യാസ്ത്രീകളാണ് കുഞ്ഞാടുകളെ അണിയിച്ചൊരുക്കുന്നത്. കുഞ്ഞാടുകളുടെ മുതുകില്‍ അവര്‍ ഒരു ചെറിയ മേലങ്കി അണിയിക്കുന്നു:
* വിശുദ്ധയുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മയ്ക്കായി ഒരെണ്ണത്തിന് ചുവപ്പ് നിറത്തിലുള്ള മേലങ്കിയും
* വിശുദ്ധയുടെ കന്യകാത്വത്തിന്റെ ഓര്‍മ്മയ്ക്കായി മറ്റേതിന് വെള്ള നിറത്തിലുള്ള മേലങ്കി നല്‍കുന്നു
അതേ നിറത്തിലുള്ള പൂമാലകളും ചെറിയ റിബണുകളും കൊണ്ട് കുഞ്ഞാടുകളെ അലങ്കരിക്കുന്നു. ഈ അണിയിച്ചൊരുക്കലിന് ശേഷം, രണ്ട് കുഞ്ഞാടുകളെയും ഓരോ കുട്ടയിലാക്കി പാപ്പായുടെ ആശീര്‍വാദത്തിനായി കൊണ്ടുവരുന്നു. അതിനുശേഷം അവയെ വിശുദ്ധ ആഗ്‌നസിന്റെ ബസിലിക്കയിലേക്ക് കൊണ്ടുപോകുന്നു.
ഈ കുഞ്ഞാടുകളെ കൊല്ലുകയില്ല, മറിച്ച് അവയുടെ രോമം കത്രിച്ചെടുക്കുകയാണ് ചെയ്യുന്നത്. പ്പാപ്പയും മെട്രോപ്പൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പുമാരും തമ്മിലുള്ള പ്രത്യേക ബന്ധത്തെ സൂചിപ്പിക്കുന്ന ആരാധനാക്രമ വസ്ത്രമായ ‘പാലിയം’ നിര്‍മ്മിക്കുന്നതിനാണ് ഈ കമ്പിളി ഉപയോഗിക്കുന്നത്. കറുത്ത പട്ട് കൊണ്ട് തുന്നിയ ആറ് കുരിശുകളാല്‍ അലങ്കരിച്ച വെളുത്ത കമ്പിളി പട്ടയാണ് പാലിയം. റോമന്‍ സഭയുമായുള്ള കൂട്ടായ്മയെയും, സഭാ പ്രവിശ്യകളില്‍ മെട്രോപ്പൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പുമാര്‍ക്കുള്ള അജപാലന ഉത്തരവാദിത്തത്തെയും ഇത് ദൃശ്യമായി സൂചിപ്പിക്കുന്നു.
വിശുദ്ധ പത്രോസ് പൗലോസ് അപ്പസ്‌തോലന്മാരുടെ തിരുനാള്‍ ദിനമായ ജൂണ്‍ 29-ന് മാര്‍പ്പാപ്പ പാലിയം വെഞ്ചരിക്കുകയും മെട്രോപ്പൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പുമാര്‍ക്ക് നല്‍കുകയും ചെയ്യുന്നു.
വിശുദ്ധ ആഗ്‌നസിന്റെ തിരുനാള്‍ ദിനത്തില്‍ കുഞ്ഞാടുകളെ വെഞ്ചരിക്കുന്നതോടെ ആരംഭിക്കുന്ന ഈ പ്രക്രിയ, മാസങ്ങള്‍ നീണ്ട കരകൗശല വേലകള്‍ക്കൊടുവില്‍, സഭയിലെ ശ്രേണിപരമായ കൂട്ടായ്മയെ വെളിപ്പെടുത്തുന്ന ഗൗരവമേറിയ ചടങ്ങായി മാറുന്നു.
ഉര്‍ബന്‍ എട്ടാമന്റെ ചാപ്പലില്‍ ലെയോ പതിനാലാമന്‍ പാപ്പ നടത്തിയ ഈ കര്‍മ്മം സഭാപരമായ അര്‍ത്ഥങ്ങളാല്‍ സമ്പന്നമാണ്: നാലാം നൂറ്റാണ്ടിലെ ഒരു യുവ രക്തസാക്ഷിയുടെ സാക്ഷ്യം മുതല്‍ പ്രാദേശിക സഭകളുടെ അജപാലന ഭരണം വരെ നീളുന്ന ഈ പാരമ്പര്യം, സഭ എങ്ങനെയാണ് ഓര്‍മ്മയും വിശ്വാസവും ഉത്തരവാദിത്തവും ഒന്നിപ്പിക്കുന്നത് എന്ന് ലളിതമായ പ്രതീകങ്ങളിലൂടെ വിളിച്ചോതുന്നു.