ചെറുമകന്റെ മരണവാര്‍ത്തയറിഞ്ഞ് കണ്ണീരോടെ അള്‍ത്താരയിലെത്തിയ വൃദ്ധനെ ദിവ്യബലിയ്ക്കിടെ ചേര്‍ത്തുപിടിച്ചു വൈദികന്‍

 ചെറുമകന്റെ മരണവാര്‍ത്തയറിഞ്ഞ് കണ്ണീരോടെ അള്‍ത്താരയിലെത്തിയ വൃദ്ധനെ ദിവ്യബലിയ്ക്കിടെ ചേര്‍ത്തുപിടിച്ചു വൈദികന്‍

ചെറുമകന്റെ മരണവാര്‍ത്തയറിഞ്ഞ് കണ്ണീരോടെ അള്‍ത്താരയിലെത്തിയ വൃദ്ധനെ ദിവ്യബലിയ്ക്കിടെ ചേര്‍ത്തുപിടിച്ചു വൈദികന്‍

 

ബ്രസീലിലെ സാന്താ കാതറീന സംസ്ഥാനത്തെ ടുബാരോ രൂപതയ്ക്കു കീഴിലുള്ള സെന്റ് ഫ്രാന്‍സിസ് അസീസ്സി ഇടവക ദേവാലയത്തില്‍ നടന്ന ദിവ്യബലിയ്ക്കിടെ കരഞ്ഞുക്കൊണ്ട് അള്‍ത്താരയിലേക്ക് പ്രവേശിച്ച വൃദ്ധനെ ചേര്‍ത്തുപിടിച്ച വൈദികന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. ജനുവരി 18ന് വിശുദ്ധ കുര്‍ബാനയ്ക്കിടെ കൂദാശവചനം ചൊല്ലിക്കൊണ്ട് പ്രാര്‍ത്ഥിക്കുന്ന പ്രധാന ഭാഗത്തിനിടെയാണ് ഒരു വയോധികന്‍ കരഞ്ഞുക്കൊണ്ട് അള്‍ത്താരയിലേക്ക് പ്രവേശിച്ചത്.

പള്ളിയില്‍ വിശുദ്ധ കുര്‍ബാനയുടെ വിതരണത്തിനും മറ്റും സഹായിച്ചുക്കൊണ്ടിരിന്ന ശുശ്രൂഷകനായ മാര്‍ക്കോസിനെയാണ് ഫാ. കാര്‍ലോസ് ഹെന്റിക് ഫെര്‍ണാണ്ടസ് ചേര്‍ത്തുപിടിച്ചു സാന്ത്വനം പകര്‍ന്നത്. വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനിടെ അദ്ദേഹത്തിനെ ഒരു ബന്ധു വിളിക്കുകയായിരിന്നുവെന്നും ഏതാനും മിനിറ്റുകള്‍ക്ക് ശേഷം അദ്ദേഹം വളരെ ദുഃഖത്തോടെയാണ് ദേവാലയത്തിലേക്ക് പ്രവേശിച്ചതെന്നും ഇടവകക്കാര്‍ വെളിപ്പെടുത്തി. ചെറുമകന്‍ മരണപ്പെട്ട വിവരമായിരിന്നു ആ ഫോണ്‍ കോളിലുണ്ടായിരിന്നത്.

 

നെഞ്ചുപൊട്ടിയ ആ ദുഃഖഭാരത്തോടെ അള്‍ത്താരയിലേക്ക് പ്രവേശിച്ചപ്പോഴും അദ്ദേഹത്തിന്റെ കരച്ചിലിന് കാരണം തനിക്ക് അറിയില്ലായിരിന്നുവെന്ന് ഫാ. കാര്‍ലോസ് പറയുന്നു. ഞാന്‍ ദിവ്യകാരുണ്യ പ്രാര്‍ത്ഥന അവസാനിപ്പിക്കുമ്പോള്‍ അദ്ദേഹം വരുന്നത് കണ്ടു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു, പക്ഷേ വിറച്ചു വിറച്ചാണ് അദ്ദേഹം വന്നത്. അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാകുമെന്ന് പോലും ഭയപ്പെട്ട സാഹചര്യമാണ് ഉണ്ടായിരിന്നതെന്നും ഫാ. കാര്‍ലോസ് ഫെര്‍ണാണ്ടസ് മാധ്യമങ്ങളോട് പറഞ്ഞു.

മാര്‍ക്കോസിനെ ദീര്‍ഘനേരം കെട്ടിപ്പിടിച്ചുവെങ്കിലും ആ മനുഷ്യന്‍ കരഞ്ഞുകൊണ്ടിരിക്കുകയായിരിന്നുവെന്നും പിന്നീട് ഏതാനും വിശ്വാസികളെത്തിയാണ് അദ്ദേഹത്തെ മുറിയിലേക്ക് കൊണ്ടുപോയതെന്നും ഫാ. കാര്‍ലോസ് വെളിപ്പെടുത്തി. അദൃശ്യനായ ദൈവത്തെ സ്‌നേഹിക്കുകയും എന്നാല്‍ നമ്മുടെ കണ്‍മുന്നിലുള്ളവരെ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നത് പരസ്പരവിരുദ്ധമാണെന്ന ചിന്തയുള്ളതിനാലാണ് മാര്‍ക്കോയെ കാരണം അറിയാതെ തന്നെ ചേര്‍ത്തുപിടിച്ചതെന്നും വൈദികന്‍ പറയുന്നു. ആദ്യം ബ്രസീലില്‍ വൈറലായി മാറിയ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വീണ്ടും തരംഗമായി മാറുകയായിരിന്നു. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും എക്‌സിലുമായി ദശലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

 

admin

Leave a Reply

Your email address will not be published. Required fields are marked *