ഫാ. പിയര്‍ എല്‍ റായിയുടെ രക്തം ലെബനനില്‍ സമാധാനത്തിന്റെ വിത്താകട്ടെ: ലിയോ പതിനാലാമന്‍ പാപ്പാ

ഫാ. പിയര്‍ എല്‍ റായിയുടെ രക്തം ലെബനനില്‍ സമാധാനത്തിന്റെ വിത്താകട്ടെ: ലിയോ പതിനാലാമന്‍ പാപ്പാ.
ലെബനനില്‍ മാര്‍ച്ച് ഒന്‍പതിന് ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ഫാ. പിയര്‍ എല്‍ റായിയെ അദ്ദേഹത്തിന്റെ മൃതസംസ്‌കാരദിനത്തില്‍ അനുസ്മരിച്ച് ലിയോ പതിനാലാമന്‍ പാപ്പാ. തന്റെ ജനത്തിന് നല്ല ഇടയാനായി ശുശ്രൂഷ ചെയ്ത അദ്ദേഹം ചിന്തിയ രക്തം ലബനനില്‍ സമാധാനത്തിന്റെ വിത്താകട്ടെയെന്ന് പരിശുദ്ധ പിതാവ് ആശംസിച്ചു. മാര്‍ച്ച് 11 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ പൊതുകൂടിക്കാഴ്ച അനുവദിച്ച വേളയില്‍ വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പാപ്പാ.
കൊല്ലപ്പെട്ട ഫാ. പിയറിന്റെ പേരിലെ ‘എല്‍ റായി’ എന്നത്, അറബ് ഭാഷയില്‍ ‘ഇടയന്‍’ എന്നാണ് പരിഭാഷപ്പെടുത്തുക എന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, യേശുവെന്ന നല്ലിടയന്റെ സ്‌നേഹവും ത്യാഗമനോഭാവവും സ്വന്തമാക്കി എപ്പോഴും തന്റെ ജനത്തിനൊപ്പം കൂടെ നിന്ന ഒരു യഥാര്‍ത്ഥ ഇടയനായിരുന്നുവെന്ന് പ്രസ്താവിച്ചു. ഒരു ബോംബാക്രമണത്തില്‍ തന്റെ ഇടവകയിലെ ചിലര്‍ക്ക് പരിക്കേറ്റുവെന്ന് കേട്ടയുടനെ, അവര്‍ക്ക് സഹായമേകാന്‍ എത്തിയ അവസരത്തില്‍ ഉണ്ടായ മറ്റൊരു ബോംബാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് പാപ്പാ വിശദീകരിച്ചു.
ലെബനനിലെ ജനം അവിടെ ഇപ്പോഴും തുടരുന്ന യുദ്ധമെന്ന ഭീകരത അനുഭവിക്കുകയാണെന്ന് ഓര്‍മ്മിപ്പിച്ച ലിയോ പതിനാലാമന്‍ പാപ്പാ, അതിരൂക്ഷമായ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന അവിടുത്തെ ജനത്തിന് തന്റെ സാമീപ്യം ഉറപ്പുനല്‍കി. ഇറാനിലും മധ്യപൂര്‍വ്വദേശങ്ങളില്‍ മുഴുവനിലും സമാധാനം ഉണ്ടാകുവാന്‍ വേണ്ടി തുടര്‍ന്നും പ്രാര്‍ത്ഥിക്കാന്‍ പരിശുദ്ധ പിതാവ് ഏവരെയും ആഹ്വാനം ചെയ്തു.
നിഷ്‌കളങ്കരായ നിരവധി കുട്ടികളുള്‍പ്പെടെ ഒരുപാട് ജീവിതങ്ങളാണ് നിലവിലെ യുദ്ധങ്ങള്‍ ഇല്ലാതാക്കുന്നതെന്ന് അനുസ്മരിച്ച പാപ്പാ, ഈ ദുരിതങ്ങള്‍ മൂലം വിഷമിക്കുന്നവര്‍ക്ക് നമ്മുടെ പ്രാര്‍ത്ഥനകള്‍ ആശ്വാസമാകട്ടെയെന്നും, ഭാവിക്കായുള്ള പ്രത്യാശയുടെ വിത്താകട്ടെയെന്നും ആശംസിച്ചു.
താന്‍ സേവനം ചെയ്തിരുന്ന ക്‌ളായ എന്ന മാറോണീത്ത സഭയുടെ ഇടവകയില്‍ മാര്‍ച്ച് പതിനൊന്ന് ബുധനാഴ്ചയാണ് ഫാ. പിയര്‍ എല്‍ റായിയുടെ മൃതസംസ്‌കാരം നടന്നത്.