‘വിശുദ്ധ അഗസ്റ്റിന്റെ പുത്രന്‍’ വിശുദ്ധന്റെ ദേശമായ അള്‍ജീരിയയില്‍

 ‘വിശുദ്ധ അഗസ്റ്റിന്റെ പുത്രന്‍’ വിശുദ്ധന്റെ ദേശമായ അള്‍ജീരിയയില്‍

‘വിശുദ്ധ അഗസ്റ്റിന്റെ പുത്രന്‍’ വിശുദ്ധന്റെ ദേശമായ അള്‍ജീരിയയില്‍.

 

തന്റെ ആത്മീയപിതാമായ വിശുദ്ധ അഗസ്റ്റിന്‍ 35 വര്‍ഷത്തോളം മെത്രാനായി ശുശ്രൂഷ ചെയ്ത പുണ്യഭൂമിയില്‍ തീര്‍ത്ഥാടകനായി ലെയോ പതിനാലാമന്‍ പാപ്പ എത്തി.

ഏപ്രില്‍ 14 ചൊവ്വാഴ്ച രാവിലെ എട്ടേമുക്കാലോടെ നൂണ്‍ഷ്യേച്ചറില്‍നിന്ന് 22 കിലോമീറ്ററുകള്‍ അകലെയുള്ള അള്‍ജിയേഴ്സ് വിമാനത്താവളത്തിലേക്ക് കാറില്‍ എത്തിയ പാപ്പാ, അവിടെനിന്ന് ഏതാണ്ട് 440 കിലോമീറ്ററുകള്‍ യാത്രചെയ്ത് പത്തരയോടെ അന്നബായിലെത്തി. അഗസ്റ്റീനിയന്‍ സഭാംഗം കൂടിയായ പാപ്പാ ഇതിന് മുന്‍പ് 2004-ലും 2013-ലും വിശുദ്ധ അഗസ്റ്റിന്‍ ഏറെനാള്‍ ജീവിച്ചിരുന്നതും ഹിപ്പോണ എന്ന പേരില്‍ മുന്‍പ് അറിയപ്പെട്ടിരുന്നതുമായ ഈ പുരാതനനഗരത്തില്‍ എത്തിയിട്ടുണ്ട്. ആഗോള കത്തോലിക്കാ സഭയുടെ തലവനായി സ്ഥാനം ഏറ്റെടുത്ത് ‘ഞാന്‍ അഗസ്റ്റിന്റെ മകനാണ്’ എന്ന് പറഞ്ഞുകൊണ്ട് ലോകത്തെ അഭിസംബോധന ചെയ്ത നിമിഷം മുതല്‍ അള്‍ജീരിയന്‍ ജനത, പാപ്പയുടെ വരവിനായി കാത്തിരിക്കുകയായിരുന്നുവെന്ന്  കോണ്‍സ്റ്റന്റൈന്‍ (ഹിപ്പോ) രൂപതയുടെ മെത്രാന്‍ മിഷേല്‍ ഗിയ്യോ തന്റെ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു.

പാപ്പ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ശേഷം ആദ്യമായി ലെയോ പാപ്പ തന്റെ ആത്മീയ പിതാവിന്റെ സേവനമണ്ഡലത്തില്‍ എത്തിയപ്പോള്‍ അത് ചരിത്രമുഹൂര്‍ത്തമായി. അള്‍ജീരിയ സന്ദര്‍ശിക്കുന്ന ആദ്യത്തെ പാപ്പായെന്ന ഖ്യാതിയും, ചരിത്രത്തില്‍ അപ്രകാരം രേഖപ്പെടുത്തപ്പെടും. കനത്ത മഴയ്ക്കും കാറ്റിനുമിടയിലും പരിശുദ്ധ പിതാവിനെക്കാത്ത് ഏറെപ്പേര്‍ കാത്തുനിന്നിരുന്നു. റോമന്‍ സാമ്രാജ്യത്തിന്റെ ഒരു പ്രധാന തീരദേശ നഗരവും സാമ്പത്തിക കേന്ദ്രവുമായിരുന്നു പുരാതന ഹിപ്പോ അഥവാ അന്നബാ. 396 മുതല്‍ 430-ല്‍ 75-ാം വയസ്സില്‍ മരിക്കുന്നതുവരെ വിശുദ്ധ അഗസ്റ്റിന്‍ ബിഷപ്പായി സേവനമനുഷ്ഠിച്ച സ്ഥലമാണ് ഇത്. അള്‍ജീരിയയിലെ അപ്പസ്റ്റോലിക സന്ദര്‍ശനത്തിന്റെ സമാപനത്തില്‍, അന്നബയിലെ വിശുദ്ധ അഗസ്റ്റിന്റെ ബസിലിക്കയില്‍ പാപ്പാ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വിശുദ്ധന്റെ വലതു കൈയെല്ലിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന ദേവാലയമാണിത്. സന്ദര്‍ശനത്തിനിടെ പുഷ്പചക്രം അര്‍പ്പിച്ച് തന്റെ ആത്മീയ പിതാവ് നടന്നുപോയ ദേശത്തെ പുരാതന കല്ലുകള്‍ക്കിടയില്‍ പാപ്പ അല്‍പ്പനേരം പ്രാര്‍ത്ഥിക്കാന്‍ നിന്നു. വിശുദ്ധ അഗസ്റ്റിന്റെ ജീവിതത്തെ സ്മരിച്ച പാപ്പ, അള്‍ജീരിയന്‍ മണ്ണില്‍ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച സന്യസ്തരെയും അനുസ്മരിച്ചു പ്രാര്‍ത്ഥിച്ചു. ഒലിവുതൈ നടുകയും ചെയ്തു. പത്രോസിന്റെ പിന്‍ഗാമിയായി വീണ്ടും ഇവിടെ തിരിച്ചെത്താന്‍ തന്നെ സഹായിച്ച ദൈവിക പരിപാലനയുടെ നിഗൂഢമായ പദ്ധതിക്ക് നന്ദിയുള്ളവനാണെന്നു പാപ്പ പറഞ്ഞു. പിന്നാലെ അന്നബാസ് മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗായകസംഘം സമാധാനത്തെയും സാഹോദര്യത്തെയും കുറിച്ചുള്ള വിശുദ്ധ അഗസ്റ്റിന്റെ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗാനങ്ങള്‍ ആലപിക്കുന്നത് പാപ്പ കേട്ടു.
ത്രിദിന അള്‍ജീരിയ സന്ദര്‍ശനത്തിനുശേഷം, ലെയോ പാപ്പയും സംഘവും തന്റെ ആഫ്രിക്കന്‍ പര്യടനത്തിന്റെ രണ്ടാം ഘട്ടമായ കാമറൂണിലേക്ക് ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 10:15ന്  യാത്ര തിരിച്ചു.
കാമറൂണിലേക്ക് പാപ്പയെ യാത്രയാക്കുവാന്‍ വിമാനത്താവളത്തില്‍ അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍മദ്ജിദും സിവില്‍, സഭാ പ്രതിനിധികളുടെ സംഘവും എത്തിച്ചേര്‍ന്നിരിന്നു.

 

admin

Leave a Reply

Your email address will not be published. Required fields are marked *