പൊന്നുരുന്നിയിലെ വല്യച്ചന്‍ ഇനി ധന്യന്‍ തിയോഫിന്‍

 പൊന്നുരുന്നിയിലെ വല്യച്ചന്‍ ഇനി ധന്യന്‍ തിയോഫിന്‍

 

പൊന്നുരുന്നിയിലെ വല്യച്ചന്‍ ഇനി ധന്യന്‍ തിയോഫിന്‍.

 

കൊച്ചി : പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ വിശുദ്ധിയുടെ പാതയില്‍ ജീവിച്ച കപ്പൂച്ചിന്‍ വൈദികന്‍ തിയോഫിനച്ചനെ ധന്യപദവിയിലേക്ക് ഉയര്‍ത്തി. കെസിബിസിയുടെയും കെആര്‍എല്‍സിസിയുടെയും പ്രസിഡന്റും കോഴിക്കോട് ആര്‍ച്ച്ബിഷപ്പുമായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിമധ്യേ വരാപ്പുഴ അതിരൂപത ചാന്‍സലര്‍ ഫാ. എബിജിന്‍ അറയ്ക്കല്‍ ധന്യനായി പ്രഖ്യാപിച്ച പാപ്പയുടെ ഉത്തരവ് ഇറ്റാലിയന്‍ ഭാഷയില്‍ വായിച്ചു.

സിസിഎംഎസ്‌ഐ പ്രസിഡന്റ് ഫാ. ജോര്‍ജ് ആന്റണി മലയാളത്തില്‍ പരിഭാഷപ്പെടുത്തി. ബിഷപ്പ് ഡോ. സ്റ്റാന്‍ലി റോമന്‍ വചനസന്ദേശം നല്‍കി. കൊല്ലം ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി, കണ്ണൂര്‍ രൂപത സഹായമെത്രാന്‍ ഡോ. ഡെന്നിസ് കുറുപ്പശേരി, കപ്പൂച്ചിന്‍ സഭയുടെ സെന്റ് ഫ്രാന്‍സിസ് പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ. പി.എസ്. ജോസഫ്, സെന്റ് ജോസഫ് പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ. ആന്റണി ജോര്‍ജ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ദയാലുവും കാരുണ്യവാനുമായ തിയോഫിനച്ചന് നമ്മളെല്ലാം നല്‍കിയിരിക്കുന്ന പുതിയ പേര് മനുഷ്യസ്‌നേഹിയെന്നാണെന്ന് ബിഷപ്പ് ഡോ. സ്റ്റാന്‍ലി റോമന്‍ പറഞ്ഞു. ജീവിച്ചിരിക്കുമ്പോള്‍ ഒരുപാട് വ്യക്തികള്‍ക്ക് ആശ്വാസം പകര്‍ന്ന തിയോഫിനച്ചന്‍ ധന്യപദവിയിലൂടെ ഇനിയും മനുഷ്യര്‍ക്ക് ആശ്വാസം പകരുന്നുണ്ടെന്നും പാവപ്പെട്ടവരോട് ഏറ്റവും താത്പര്യം കാണിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ബിഷപ്പ് അനുസ്മരിച്ചു.

പാലാരിവട്ടം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് പള്ളി വികാരി ഫാ. ജോജി കൂത്തുക്കാട് തിയോഫിനച്ചന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. രാവിലെ തിയോഫിനച്ചന്റെ കബറിടത്തില്‍ നടത്തിയ നാമകരണ പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് ആര്‍ച്ച്ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടന്നു. പള്ളി അങ്കണത്തില്‍ ഒരുക്കിയ പ്രധാന പന്തലില്‍ തിരുക്കര്‍മങ്ങള്‍ നേരിട്ടു കാണാന്‍ സാധിക്കാത്തവര്‍ക്കായി മേല്‍പ്പാലത്തിനു പടിഞ്ഞാറു ഭാഗത്തായി താത്കാലിക പന്തലില്‍ സ്‌ക്രീനില്‍ കാണുന്നതിനായി സൗകര്യം ഒരുക്കിയിരുന്നു.

 

admin

Leave a Reply

Your email address will not be published. Required fields are marked *