21- മത് വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം ഞായറാഴ്ച (14.09.2025)

 21- മത് വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം ഞായറാഴ്ച (14.09.2025)

21- മത് വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം ഞായറാഴ്ച (14.09.2025)

കൊച്ചി : ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 21- മത് മരിയന്‍ തീര്‍ത്ഥാടനം ഞായറാഴ്ച നടക്കും. കിഴക്കന്‍ മേഖലയില്‍ നിന്നും വല്ലാര്‍പാടത്തേക്കുള്ള തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം, എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ അങ്കണത്തില്‍ വച്ച് ഞായർ വൈകീട്ട് 3 ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവ്വഹിക്കും. ജൂബിലി കുരിശും വല്ലാര്‍പാടം തിരുനാളിന് ഉയര്‍ത്താനുള്ള പതാകയും അതിരൂപതയിലെ അല്മായ നേതാക്കൾ ആർച്ച്ബിഷപ്പിൽ നിന്നും ഏറ്റുവാങ്ങും.
തുടർന്ന് ജപമാല കൈകളിലേന്തി പ്രാർഥനയുമായി വിശ്വാസി സമൂഹം തീർത്ഥാടനം നടത്തും.

വൈകീട്ട് 3.30 ന് വൈപ്പിന്‍ ഗോശ്രീ ജംഗ്ഷനില്‍ ജാൻസി രൂപത ബിഷപ് എമരിറ്റസ് ഡോ. പീറ്റർ
പറപ്പുള്ളി ജൂബിലി ലോഗോയും ദീപശിഖയും യുവജന സംഘടനാ പ്രതിനിധികൾക്ക് കൈമാറുന്നതോടെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുമുള്ള തീർത്ഥാടനത്തിനും തുടക്കമാകും.

ഗോശ്രീ പാലങ്ങളിലൂടെ വല്ലാര്‍പാടത്തിന്റെ ഇരുവശങ്ങളില്‍ നിന്നും എത്തുന്ന നാനാജാതി മതസ്ഥരായ തീര്‍ത്ഥാടകരെ വല്ലാര്‍പാടം ബസിലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്തും ഇടവകജനങ്ങളും ചേർന്ന് ബസിലിക്ക അങ്കണത്തിലെ മംഗള കവാടത്തിൽ സ്വീകരിക്കും.
തുടര്‍ന്ന് വൈകീട്ട് 4.30 ന് ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിൻ്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ അതിരൂപതയിലെ എല്ലാ വൈദികരും സന്യസ്തരും പങ്കാളികളാകും. കോട്ടപ്പുറം രൂപത ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ വചന സന്ദേശം നല്‍കും. ജാൻസി രൂപത ബിഷപ് എമരിറ്റസ്
ഡോ.പീറ്റർ പറപ്പുള്ളി മുഖ്യസഹകാർമികനായിരിക്കും.  തീർത്ഥാടകരായി വല്ലാർപാടത്ത് എത്തിച്ചേരുന്ന എല്ലാ വിശ്വാസികളെയും വല്ലാര്‍പാടത്തമ്മയ്ക്ക് അടിമ സമര്‍പ്പിക്കും.
തീർത്ഥാടനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനറർ
ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, റെക്ടർ ഫാ. ജെറോം ചമ്മണിക്കോടത്ത് എന്നിവർ അറിയിച്ചു.
തീര്‍ത്ഥാടകര്‍ക്കായി കെ.എസ്.ആര്‍.ടി.സി. പ്രത്യേക സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്. തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ഗോശ്രീ പാലങ്ങളുടെ അരികിലുള്ള പാതയോരങ്ങളിലും നിര്‍ദിഷ്ട പാര്‍ക്കിങ് ഗ്രൗണ്ടുകളിലും പാര്‍ക്ക് ചെയ്യണം.

പതിവുപോലെ പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ സെപ്റ്റംബര്‍ 16 മുതൽ 24 വരെ നടത്തപ്പെടുന്നതാണ്.
എട്ടാമിടം ഒക്ടോബര്‍ 1 ന്.

admin

Leave a Reply

Your email address will not be published. Required fields are marked *