കോവിഡ് ഹെൽത്തുകിറ്റുമായി കെസിബിസി
കോവിഡ് ഹെൽത്തുകിറ്റുമായി കെസിബിസി
കൊച്ചി : കോവിഡ് 19 പ്രതിരോധത്തിൽ കേരള സർക്കാർ ഇച്ഛാശക്തിയോടെ മുന്നേറുകയാണ്. രണ്ടാം തരംഗത്തിൻ്റെ ഉഗ്രതയിൽ കേരളം തകർന്നടിയാതിരിക്കാൻകേരള ജനതമുഴുവൻ സർക്കാർ സംവിധാനങ്ങളോടു സ്വമനസ്സാ കൈകോർക്കുന്ന കാഴ്ചയാണ് എല്ലായിടത്തും. നാടിൻ്റെ പൊതുനന്മയ്ക്ക് എന്നും പ്രതിജ്ഞാബദ്ധയായ കത്തോലിക്കാസഭയിൽ നിന്നും ഈ കോവിഡു കാലത്തും ഒരു ശുഭവാർത്ത കേൾക്കാനാകുന്നു.
ഭവനങ്ങളിൽ തങ്ങുന്ന രോഗബാധിതർ :
ആശുപത്രികൾ നിറഞ്ഞു കവിയുന്ന ഒരവസ്ഥ കേരളത്തിനു വന്നുഭവിക്കാതിരിക്കാൻകോവിഡുബാധിതർ പ്രഥമഘട്ടത്തിൽ (A ഘട്ടം) വീടുകളിൽത്തന്നെ കഴിയണം എന്ന സർക്കാർ നിലപാട് സമുചിതമാണെങ്കിലും രോഗബാധിതർ ആത്മവിശ്വാസത്തോടെയും സുരക്ഷിതരായും വീടുകളിൽ കഴിയാൻ പ്രായോഗികമായ പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവിൽ കേരള കത്തോലിക്കാസഭയുടെ ആരോഗ്യസമിതിയും കാത്തലിക് ഹോസ്പിറ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (CHAI) കേരളാഘടകവും സംയുക്തമായി ഒരുക്കിയിരിക്കുന്നത് തികച്ചും നൂതനവും പ്രായോഗികവുമായ ഒരു കർമ്മപദ്ധതിയാണ്. ജാതിമതഭേദമന്യേ ഇടവകാതിർത്തിയിലുള്ള എല്ലാ കുടുംബങ്ങൾക്കും കൈത്താങ്ങാകാൻ കേരളത്തിലെ ഓരോ ഇടവകയ്ക്കും കഴിയും വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കോവിഡ് ഹെൽത്ത് കിറ്റും സൗജന്യ ടെലെമെഡിക്കൽ കൺസൾട്ടേഷൻ സൗകര്യവും മാനസികാരോഗ്യ കൗൺസിലിങ് സൗകര്യവും ഉൾപ്പെടുന്നതാണ് കെസിബിസി നടപ്പിലാക്കുന്ന കോവിഡ് പ്രതിരോധ നടപടികൾ. പൾസ് ഓക്സീമീറ്റർ, ഡിജിറ്റൽ തെർമോമീറ്റർ, സ്റ്റീം ഇൻഹെയ്ലർ, സാനിറ്റൈസർ, N95 മാസ്കുകൾ എന്നിവയടങ്ങുന്ന പത്തു കിറ്റെങ്കിലും ഒരിടവക സ്വന്തമാക്കാനാണ് കെസിബിസി നിർദേശം നല്കിയിരിക്കുന്നത്. ഇത്തരം കിറ്റുകൾ CBCI, KCBC ഹെൽത്ത് കമ്മീഷനുകൾ കുറഞ്ഞ വിലയ്ക്ക് ഓരോ രൂപതയ്ക്കും സംലഭ്യമാക്കുന്നതാണ്. അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാവുന്നവയാണ് കിറ്റിലെ മുഖ്യഘടകങ്ങൾ. ഇടവകയിലെ സന്നദ്ധ സേവകർ രോഗബാധിതരുടെ കുടുംബങ്ങളിൽ സൗജന്യമായി ഹെൽത്ത് കിറ്റ് എത്തിച്ചുനല്കും. ഓക്സിജൻ ലെവൽ 94ൽ കുറയുന്നില്ലെന്നും ശരീരോഷ്മാവ് 98 ഡിഗ്രിയിൽ കൂടുന്നില്ലെന്നും സ്വയം ഉറപ്പുവരുത്താൻ രോഗികൾക്ക് ഇതുവഴി കഴിയും.
ഇടവകയിൽ നിന്ന് ബന്ധപ്പെടുത്തിക്കൊടുക്കുന്ന സിസ്റ്റർ ഡോക്ടർമാരുടെയും റിട്ടയർഡ് ഡോക്ടർമാരുടെയും ഇടപെടലും നിർദേശങ്ങളും രോഗികൾക്ക് ആത്മവിശ്വാസം പകരും. ആശുപത്രിയിൽ പോകേണ്ട ആവശ്യമുണ്ടെങ്കിൽ (B ഘട്ടം) അതു സ്ഥിരീകരിക്കാനും അവർ സഹായിക്കും. ഇടവകാതിർത്തിയിലുള്ള നഴ്സുമാരുടെയും സന്നദ്ധസേവകരുടെയും സഹായവും രോഗികൾക്കു ലഭിക്കും.
കത്തോലിക്കാ മാനേജുമെൻ്റുകൾക്കു കീഴിലുള്ള അമ്പതോളം കോളജുകളിൽ നിന്നുള്ള എംഎസ്ഡബ്ലിയു, എംഎസ് സി സൈക്കോളജി വിദ്യാർത്ഥീവിദ്യാർത്ഥിനികൾക്കു വേണ്ട പരിശീലനം നല്കാനും പദ്ധതിയുണ്ട്. ഭീതിയില്ലാതെയും മാനസികാരോഗ്യത്തോടെയും കോവിഡ് രണ്ടാം തരംഗത്തെയും മൂന്നാം തരംഗമുണ്ടായാൽ അതിനെയും അതിജീവിക്കാൻ പൊതു ജനത്തെ പ്രാപ്തമാക്കാൻ അവർക്കു കഴിയും.
പിഒസി ഹെൽത്ത് ഡെസ്ക് :
ഈ പദ്ധതി ഏകോപിപ്പിക്കാൻ ഒരു ഹെൽപ് ഡെസ്ക് പിഒസിയിൽ തുറന്ന് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. വിവിധ ആശുപത്രികളിൽ നിലവിലുള്ള ചികിത്സാ സൗകര്യങ്ങളെക്കുറിച്ച് പൊതുജനത്തിന് ധാരണ നല്കുക, പദ്ധതി സംബന്ധിച്ച് വിവിധ രൂപതകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, സന്നദ്ധസേവകർക്ക് വിദഗ്ദ്ധപരിശീലനം നല്കുക, രോഗികളുടെ മറ്റ് ആവശ്യങ്ങളിൽ സഹായമെത്തിക്കാൻ ക്രമീകരണങ്ങൾ ചെയ്യുക എന്നിവയാണ് പിഒസി ഹെൽത്തു ഡെസ്ക് ചെയ്യുന്നത്.
കെസിബിസി പ്രസിഡണ്ട് കർദിനാൾ ജോർജ് ആലഞ്ചേരിയുടെയും മറ്റ് ഔദ്യോഗിക ഭാരവാഹികളുടെയും നേതൃത്വത്തിൽ CBCI, KCBC ഹെൽത്ത് കമ്മീഷനുകൾ, CHAI കേരള, കാത്തലിക് സോഷ്യൽ സർവീസ് ഫോറം, സിസ്റ്റർ ഡോക്ടേഴ്സ് ഫോറം, നഴ്സസ് ഗിൽഡ്, വിദ്യാഭ്യാസ കമ്മീഷൻ, യൂത്ത് കമ്മീഷൻ എന്നിവയുടെ സംയുക്ത ചർച്ചകളിലൂടെയാണ് പ്രവർത്തനരൂപരേഖ തയ്യാറാക്കിയത്. പത്തനംതിട്ട, ആലപ്പുഴ, ബത്തേരി രൂപതകൾക്കുള്ള കിറ്റുകൾ രണ്ടു ദിവസത്തിനകം എത്തുമെന്ന് കെസിബിസി കോവിഡ് പ്രതിരോധ ഏകോപന സമിതി സെക്രട്ടറി ഫാ. സൈമൺ പള്ളുപ്പേട്ട അറിയിച്ചു.
Related
Related Articles
കെട്ടിടനിർമാണത്തിന് ഇനി പെർമിറ്റ് സ്വയം സാക്ഷ്യപ്പെടുത്താം: ലംഘനം ഉണ്ടായാൽ 2 മുതൽ 6 ലക്ഷം വരെ പിഴയിൽ ഒതുങ്ങും ?
കെട്ടിടനിർമാണത്തിന് ഇനി പെർമിറ്റ് സ്വയം സാക്ഷ്യപ്പെടുത്താം: ലംഘനം ഉണ്ടായാൽ 2 മുതൽ 6 ലക്ഷം വരെ പിഴയിൽ ഒതുങ്ങും ? കൊച്ചി : പഞ്ചായത്തിരാജ് /
ദിവ്യകാരുണ്യത്തെ പ്രണയിച്ച ഈശോയുടെ സ്വന്തം അജ്ന.
ദിവ്യകാരുണ്യത്തെ പ്രണയിച്ച ഈശോയുടെ സ്വന്തം അജ്ന. കഠിനമായ വേദനയ്ക്കിടയിലും ഒരു ദിവസം പോലും മുടക്കം വരാതെ തിരുവോസ്തി സ്വീകരിച്ച് ദിവ്യകാരുണ്യ ഈശോയോടുള്ള തൻറെ സ്നേഹം ലോകത്തിന് കാട്ടിത്തന്നുകൊണ്ട്
ഓഗസ്റ്റ് പത്താം തീയതി ജീവന്റെ സംരക്ഷണദിനം .
ഓഗസ്റ്റ് പത്താം തീയതി ജീവന്റെ സംരക്ഷണദിനം . ഭൂമിയിൽ പിറക്കാൻ ഇരുന്ന ഒരു കുരുന്നു ജീവൻ ഇല്ലാതാക്കുമ്പോൾ ഭൂമിയോടുള്ള വെല്ലുവിളിയായിട്ടാണ് അത് മാറുക….. ഭൂമിയോടുള്ള ഈ