മുനമ്പം – വഖഫ് പ്രശ്നത്തിന്റെ ശാശ്വത പരിഹാരത്തിന് മുഖ്യമന്ത്രിക്ക് കത്ത് നൽകി
മുനമ്പം – വഖഫ് പ്രശ്നത്തിന്റെ ശാശ്വത പരിഹാരത്തിന് മുഖ്യമന്ത്രിക്ക് കത്ത് നൽകി
കൊച്ചി : മുനമ്പം കടപ്പുറം നിവാസികളുടെ ഭൂപ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഈ ഭൂപ്രദേശം വഖഫ് ഭൂമിയാണെന്ന് വഖഫ് ബോർഡിൻ്റെ അവകാശവാദം ഉപേക്ഷിക്കുകയും ഈ ഭൂമിയിലെ റവന്യൂ അവകാശങ്ങൾ ഇവർക്ക് പുനസ്ഥാപിച്ചു നൽകുന്നതിനും സർക്കാർ നടപടികൾ സ്വീകരിക്കണം. ഇതിനാവശ്യമായ നിയമപരമായതും ശാശ്വതവുമായ പരിഹാരം സാധ്യമാക്കണം, എറണാകുളം ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയെ സന്ദർശിച്ചാണ് ഈ ആവശ്യം ഉന്നയിച്ച ആർച്ച്ബിഷപ്പിൻ്റെ കത്ത് കൈമാറിയത്. അതിരൂപത സഹായ മെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയും കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റുമായ അഡ്വ. ഷെറി ജെ. തോമസ്, പബ്ലിക് റിലേഷൻസ് ഡയറക്ടർ ഫാ. യേശുദാസ് പഴംമ്പിള്ളി എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറി സി എൻ മോഹൻ, ജില്ല പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി എന്നിവരും ഒപ്പമുണ്ടായിരുന്നു.
വല്ലാർപാടം പദ്ധതിക്കു വേണ്ടി മൂലംമ്പിള്ളിയിൽ നിന്നും അമീബ ദ്വീപുകളിൽ നിന്നും കുടിയറക്കപ്പെട്ട നൂറുകണക്കിന് കുടുംബങ്ങൾക്ക് ഇപ്പോഴും പുനരധിവാസം സാധ്യമായിട്ടില്ല. ഈ പ്രശ്നത്തിലും മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാവണമെന്ന് സംഘം അഭ്യർത്ഥിച്ചു. പെരിയാറിലെ ജലമലിനീകരണത്തെ തുടർന്ന് മത്സ്യ കർഷകർക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതിന് സമാശ്വാസം പ്രഖ്യാപിച്ചിരുന്നെങ്കിലും അത് ഇതുവരെ വിതരണം ചെയ്തിട്ടില്ല എന്ന കാര്യവും പ്രതിനിധി സംഘം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.