മോൺ. ഇമ്മാനുവൽ ലോപ്പസ് – കേരളത്തിന്റെ വിയാനി.
മോൺ. ഇമ്മാനുവൽ ലോപ്പസ് –
കേരളത്തിന്റെ വിയാനി.
–
“കൊച്ചി മഹാനഗരത്തിലെ നല്ല സമരിയാക്കാരൻ” എന്നും ” കേരളത്തിന്റെ വിയാനി” എന്നും അറിയപ്പെടുന്ന മോൺ. ഇമ്മാനുവൽ ലോപ്പസ് ഒരു ആംഗ്ലോ ഇന്ത്യൻ കുടുംബത്തിൽ എലിയാസ് ലോപ്പസിന്റെയും തെരേസ ലോപ്പസിന്റെയും നാല് മക്കളിൽ മൂത്ത മകനായി 1908 മെയ് 10ന് ഇന്നത്തെ കൊച്ചി മുനിസിപ്പൽ കോർപറേഷന്റെ വാണിജ്യ കേന്ദ്രമായ എറണാകുളം പട്ടണത്തിന്റെ വടക്കൻ ഭാഗത്തുള്ള തിരക്കേറിയ ജനസാന്ദ്രതയുള്ള ചാത്യാത്തിൽ ജനിച്ചു. ജ്ഞാനസ്നാനം, വി. കുർബാന, സ്ഥൈര്യലേപനം എന്നീ കൂദാശകൾ ഇടവക ദൈവാലയത്തിൽ നിന്നും സ്വീകരിച്ചു. കേരളത്തിലെ കർമലീത്താ പാരമ്പര്യത്തിൽ പ്രമുഖനായ മാത്തേവൂസ് പാതിരി 1673ൽ നിർമ്മിച്ച ചാത്യാത് മൗണ്ട് കാർമൽ ഇടവക ഇപ്പോഴും 10,000-ത്തിലധികം വിശ്വാസികളുമായി വരാപ്പുഴ അതിരൂപതയിലെ ഏറ്റവും വലിയ ഇടവകയായി തുടരുന്നു.
1921 മെയ് 23 ന് അദ്ദേഹം അതിരൂപതയിലെ മൈനർ സെമിനാരിയിൽ ചേർന്നു. പഠനത്തിൽ മിടുക്കനും ആത്മീയതയിൽ സ്ഥിരതയുള്ളവനുമായിരുന്നു അദ്ദേഹം. എസ്. എസ്. എൽ. സി. മികവോടെ പൂർത്തിയാക്കിയപ്പോൾ, 1926 ജനുവരിയിൽ അധികാരികൾ അദ്ദേഹത്തെ ശ്രീലങ്കയിലെ കാൻഡി പേപ്പൽ സെമിനാരിയിൽ ഉപരിപഠനത്തിനായി അയച്ചു. എട്ടു വർഷത്തെ രൂപീകരണത്തിനും കഠിനമായ പഠനത്തിനും ശേഷം 26-ആം വയസ്സിൽ 1934 ഓഗസ്റ്റ് 26 ന് കാൻഡി മെത്രാൻ ഡോ.ബീഡ് ബെക്ക്മേയർ പിതാവിന്റെ കൈവയ്പ്പു വഴി വൈദികനായി അഭിഷിക്തനായി.
ലോപ്പസച്ചന്റെ ജീവിത ദൈർഘ്യം അഞ്ചു മെത്രാപ്പോലീത്തമാരും (ഡോ. എയ്ഞ്ചൽ മേരി ഓ.സി.ഡി., ഡോ.ജോസഫ് അട്ടിപ്പേറ്റി, ഡോ. ജോസഫ് കേളന്തറ, ഡോ.കൊർണേലിയൂസ് ഇലഞ്ഞിക്കൽ,ഡോ. ഡാനിയേൽ അച്ചാരുപറമ്പിൽ ഓ.സി.ഡി. ) 70 വർഷവും ഉൾക്കൊള്ളുന്നു. രണ്ട് ഇടവകകൾക്ക് മാത്രമാണ് ഈ വിശുദ്ധ വൈദികനെ അജപാലകനായി ലഭിച്ചത്. വൈപ്പിൻ ദ്വീപിലെ പെരുമ്പിള്ളി തിരുഹൃദയ ദേവാലയത്തിൽ സഹവികാരിയായും(1935-39) 23 വർഷക്കാലം എറണാകുളം ഇൻഫന്റ് ജീസസ് ദേവാലയത്തിൽ വികാരിയായും(1939-62) പ്രവർത്തിച്ചു. ഈ ഇടവകകളിലെ അദ്ദേഹത്തിൻറെ സേവനങ്ങൾ പിന്നീട് ഐതിഹാസികമായി മാറുകയും വർഷങ്ങൾക്കുശേഷം ഫ്രാൻസിസ് മാർപാപ്പ അവതരിപ്പിച്ച ജനപ്രിയ വാക്യം ഓർമ്മിപ്പിക്കുകയും ചെയ്യുന്നു:”ആടുകളുടെ ഗന്ധമുള്ള ഇടയൻ”. ബാക്കിയുള്ള വർഷങ്ങൾ അതിരൂപതയുടെ ഭരണപരമായ മേഖലകളിൽ സേവനം ചെയ്യുവാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 1968ൽ പ്രോ വികാരി ജനറലായും 1984ൽ വികാരി ജനറലായും ഉയർത്തപ്പെട്ടു. നിർണായകമായ ഒരു കാലഘട്ടത്തിൽ അതിരൂപതയുടെ അഡ്മിനിസ്ട്രേറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എവിടെയായിരുന്നാലും എന്ത് ചെയ്താലും അദ്ദേഹത്തിൻറെ ജീവിതത്തിൽ നിന്നും ക്രിസ്തു സ്നേഹവും വിശുദ്ധിയും പ്രസരിച്ചു. എല്ലാ ജാതിയിലും മതത്തിലുമുള്ളവരും അതിൻറെ ഗുണഭോക്താക്കളായി.അവഗണിക്കപ്പെട്ടവരോടും തരംതാഴ്ത്തപ്പെട്ടവരോടും അദ്ദേഹം കാണിച്ച കരുതൽ മാതൃകാ പരമായിരുന്നു. അതുപോലെതന്നെയായിരുന്നു അദ്ദേഹത്തിൻറെ പ്രാർത്ഥനാ ജീവിതവും ആത്മീയ ആഴവും.
അദ്ദേഹത്തിൻറെ തീക്ഷ്ണമായ വിശ്വാസവും അർപ്പണബോധമുള്ള സേവനങ്ങളും തിരിച്ചറിഞ്ഞ് വിശുദ്ധ ജോൺ 23 പാപ്പ അദ്ദേഹത്തെ 1959ൽ പ്രീവി ചേമ്പർലൈനായി ഉയർത്തി. അങ്ങനെ ഫാദർ ലോപ്പസ് മോൺസിഞ്ഞോറായി ഉയർത്തപ്പെട്ടു. 1981ൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തിന് പ്രോട്ടോ നോട്ടറി പദവി നൽകി ആദരിച്ചു. വികാരി ജനറൽ ആയിരിക്കെ അദ്ദേഹം സെൻറ് ആൽബർട്ട്സ് ,സെൻറ് പോൾസ് കോളേജുകളുടെ മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്. അതേസമയം റെയിൽവേ യൂസേഴ്സ് അസോസിയേഷനിൽ ഉൾപ്പെടുന്ന ഒട്ടനവധി സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും രക്ഷാധികാരി പ്രമോട്ടർ ഡയറക്ടർ അല്ലെങ്കിൽ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1944ൽ അദ്ദേഹം തുടങ്ങിയ പി.എം. എ. എസ്. ചീഫ് ആയി 35 വർഷങ്ങൾ അദ്ദേഹം സേവനം ചെയ്തു. വികാരി ജനറൽ ആയിരിക്കെ അദ്ദേഹം വിവാഹ ട്രിബ്യുണലിന്റെ തലവൻ ആയിരുന്നു;അതും തന്റെ അവസാന വർഷം വരെ. വാർദ്ധക്യവും കാഴ്ചക്കുറവും കണക്കിലെടുക്കാതെ എറണാകുളം ജനറൽ ആശുപത്രിയിലെ അശരണരായ കിടപ്പുരോഗികളെ ആശ്വസിപ്പിക്കാനും ശക്തിപ്പെടുത്താനും സഹായിക്കാനും അദ്ദേഹം ദിവസവും രാവിലെയും വൈകുന്നേരവും രണ്ടുതവണ നടത്തിയ സന്ദർശനം ഇന്നും സ്നേഹപൂർവ്വം ഓർക്കുന്നു. 1962 മുതൽ 1997 വരെ എറണാകുളം ജനറൽ ഹോസ്പിറ്റൽ ചാപ്ലിൻ ആയി അദ്ദേഹം സേവനം അനുഷ്ഠിച്ചു.
മോൺ. ഇമ്മാനുവൽ ലോപ്പസ് മതേതരവും വിശ്വാസപരവുമായ കാര്യങ്ങളിൽ മുൻ നിരക്കാരനായിരുന്നു. വിനോദസഞ്ചാരവും തീർത്ഥാടനവും കൂട്ടിയിണക്കി ദേശീയവും അന്തർദേശീയവുമായ യാത്രകൾ ഇന്ന് വളരെ പരിചിതമാണ്. എന്നാൽ 1960 കളുടെ തുടക്കത്തിൽ അച്ചൻ കേരളത്തിൽ ഇതിന് തുടക്കമിട്ടു. വിശുദ്ധ പോൾ ആറാമൻ മാർപാപ്പയുടെ അധ്യക്ഷതയിൽ നടന്ന 38 മത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാൻ മുംബൈയിലേക്കും അവിടെ നിന്ന് തിരിച്ചും ട്രെയിൻ മുഴുവനായും ബുക്ക് ചെയ്തു നൂറുകണക്കിന് തീർത്ഥാടകരെ കൂട്ടിക്കൊണ്ടുപോയത് അന്നത്തെ കാലത്ത് ശ്രദ്ധേയമായിരുന്നു. കൂടാതെ പലതവണ ഗോവയിലും വേളാങ്കണ്ണിയിലും അദ്ദേഹം പര്യടനം നടത്തിയിട്ടുണ്ട്.1939 മെയ് മാസത്തിൽ പെരുമ്പള്ളി കോ- ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പർ 396 സ്ഥാപിച്ചുകൊണ്ട് അദ്ദേഹം സഹകരണ മേഖലയിൽ മുൻനിരക്കാരനായി. ലിജിയൻ ഓഫ് മേരി,വിൻസെന്റ് പോൾ സൊസൈറ്റി ,അവർ ലേഡി ഓഫ് ദി വേ എന്നീ ഭക്തസംഘടനകൾ കേരളത്തിൽ സ്ഥാപിച്ചത് അദ്ദേഹമാണ്. ജീവിച്ചിരുന്ന കാലത്ത് കേരളത്തിലെ പല മെത്രാൻമാരുടെയും കുമ്പസാരക്കാരനായിരുന്നു അദ്ദേഹം. സീറോ മലബാർ സഭയുടെ പ്രഥമ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ആന്റണി പടിയറയും താമരശ്ശേരി രൂപതയിലെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയും അവരിൽ ഉൾപ്പെടുന്നു. അദ്ദേഹത്തോട് കുമ്പസാരിക്കാൻ താമരശ്ശേരി യിൽ നിന്ന് മാർ മങ്കുഴിക്കരി പിതാവ് എറണാകുളത്ത് എത്തുമായിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രചോദനമുൾകൊണ്ട് വിശ്വാസ രൂപീകരണ ക്ലാസ്സുകളുടെ നവീകരണത്തിന്റെ വലിയ ഉത്തരവാദിത്വം മോൺ.ലോപ്പസ് ഏറ്റെടുത്തു. ഇതിനായി “വഴിയും സത്യവും ജീവനും”, “സ്വർഗ്ഗസന്ദേശം” എന്നീ രണ്ട് പാഠപുസ്തകങ്ങൾ അദ്ദേഹം തയ്യാറാക്കി. നിരവധി വർഷങ്ങൾക്കുശേഷം പി. ഒ. സി. തങ്ങളുടെ ഉത്തരവാദിത്വമായി മതബോധനം ഏറ്റെടുക്കുന്നത് വരെ കേരളത്തിലെ എല്ലാ രൂപതകളും റീത്ത് പരിഗണിക്കാതെ ഈ ഗ്രന്ഥങ്ങൾ പിന്തുടർന്നു. “അലക്സമ്മാവാൻ” എന്ന പേരിൽ ഒരു നോവലും, “സേവനം” എന്ന നാടകവും അദ്ദേഹം രചിച്ചിട്ടുണ്ട്. ചുരുങ്ങിയത് 28 നാടകങ്ങളെങ്കിലും വിവർത്തനം ചെയ്യുകയോ രചിക്കുകയോ ചെയ്തിട്ടുണ്ട്. 1942ൽ അദ്ദേഹം സ്ഥാപിച്ചതും 1947ൽ ഇൻഫന്റ് ജീസസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തതുമായ സംഗീത കല നാടക ക്ലബ് ആയ ബോസ്കോ കലാസമിതിയിലൂടെ അരങ്ങേറുന്നതായിരുന്നു നാടകവും ഏകാഭിനയവും. നിരവധി കലാകാരന്മാരുടെ വളർച്ചയിൽ ഈ ക്ലബ്ബ് നിർണായക പങ്കു വഹിച്ചു. ജോബ് ആൻഡ് ജോർജ്, ജെറി അമൽദേവ്, എം. ആർ. ദത്തൻ ,എം. ആർ. ബാബു, റെക്സ് ഐസക്, ക്രിസ്റ്റഫർ കൊയിലോ, ഗോപാലൻ മാസ്റ്റർ, തുടങ്ങിയവർ അവരിൽ ചിലരാണ്. സി.എ.സി., കലാഭവൻ, അസീസി ആർട്സ് ക്ലബ് തുടങ്ങിയ സ്ഥാപനങ്ങളുടെ മുൻഗാമിയായിരുന്നു ബോസ്കോ കലാസമിതി.
മോൺ.ലോപ്പസിന്റെ ഈ ഭൂമിയിലെ ശ്രേഷ്ഠ ജീവിതം തൻറെ 96- വയസ്സിൽ 2004 മാർച്ച് 20ന് അവസാനിച്ചു. നഗരം അദ്ദേഹത്തിന് നൽകിയ വിടവാങ്ങൽ സമാനതകളില്ലാത്തതും അവിസ്മരണീയവും ആയിരുന്നു. ജീവിതത്തിൻറെ നാനാതുറകളിൽ ഉള്ള ആളുകൾ അദ്ദേഹത്തോട് വിട പറയുവാൻ ഒഴുകിയെത്തി. ഒരു വിശുദ്ധന്റെ അന്ത്യകർമ്മങ്ങളിൽ തങ്ങൾ പങ്കെടുക്കുകയാണെന്ന് അവർക്ക് തോന്നി. മോൺ. ലോപ്പസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള പ്രാദേശിക തല നടപടികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കോണുകളിൽ നിന്ന് വർഷങ്ങളായി നിവേദനങ്ങൾ ഉയർന്നുവന്നു. അതിനാൽ ഹർജികളുടെ സത്യാവസ്ഥ പഠിക്കാൻ ഫാദർ അഗസ്റ്റിൻ ലിജു കണ്ടനാട്ടുതറയെയും പിന്നീട് ഫാദർ തോമസ് ഓളാട്ടുപുറം ഓ.സി.ഡി.യെയും നിയമിച്ചു. അവരുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ 2022 സെപ്റ്റംബർ രണ്ടിന് ‘നിഹിൽ ഒബ്സ്റ്റാറ്റ്’ (നോ ഒബ്ജക്ഷൻ) അപേക്ഷിച്ചുകൊണ്ട് റോമിനെ കത്തെഴുതി. വിശുദ്ധരുടെ നാമകരണത്തിനുള്ള കാര്യാലയത്തിന്റെ പ്രീഫെക്ട് കർദിനാൾ ഡോ. മാർ സെല്ലോസ് സെമരാരോയും സെക്രട്ടറി ആർച്ച് ബിഷപ്പ് ഡോ. ഫാബിയസ് ഫാബനും ഒപ്പുവെച്ച നിഹിൽ ഒബ്സ്റ്റാറ്റ് ലഭിച്ചു. അങ്ങനെ 2023 ജൂലൈ 19ന് മോൺസിഞ്ഞോർ ഇമ്മാനുവൽ ലോപ്പസ് ദൈവദാസനായി പ്രഖ്യാപിക്കപ്പെടുന്നു. വിശുദ്ധനായി നാമകരണം ചെയ്യപ്പെടുന്നതിനുള്ള ആദ്യപടിയാണിത്. തുടർന്ന് ധന്യൻ, വാഴ്ത്തപ്പെട്ടവൻ എന്നീ പദവികളും ഒടുവിൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നു.
ഇഗ്‌നേഷ്യസ് ഗോൻസാൽവസ്
Related Articles
സഭാവാര്‍ത്തകള്‍ – 04. 08. 24
സഭാവാര്‍ത്തകള്‍ – 04. 08. 24 വത്തിക്കാൻ വാർത്തകൾ ക്രിസ്തുവിനും സഹോദരങ്ങള്‍ക്കും ഒപ്പമായിരിക്കുക : അള്‍ത്താരശുശ്രൂഷകരോട് ഫ്രാന്‍സിസ് പാപ്പാ വത്തിക്കാന്‍ : വിശുദ്ധ
വ്യാജ പ്രചാരണങ്ങളിൽ കുടുങ്ങരുത്
വ്യാജ പ്രചാരണങ്ങളിൽ കുടുങ്ങരുത് കൊച്ചി : Verapoly Navadarsan Education Nidhi Ltd കമ്പനിയെക്കുറിച്ച് ഒരു വ്യാജ പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. 2018 ഫെബ്രുവരിയിൽ
ജല പ്രളയം കഴിഞ്ഞു, കേരളത്തിൽ ഇനി മദ്യ പ്രളയം
കൊച്ചി : ”മദ്യം ഒരു കുടിൽ വ്യവസായമായി കേരളത്തിൽ കൊണ്ടുവരുന്ന സർക്കാർ” എന്ന ‘ക്രെഡിറ്റ്’ അടിച്ചെടുക്കാനുള്ള ശ്രെമത്തിലാണ് പിണറായി സർക്കാർ എന്ന് തോന്നുന്നു , കാര്യങ്ങളുടെ പോക്ക്