മൺമറഞ്ഞ് നീതി; കൺനിറഞ്ഞ് നാരി

കൊച്ചി : ജാതി- വർണ്ണ വേർതിരിവുകൾക്കെതിരെ പോരാടുകയും
സർവ്വമാനവ സമത്വത്തിനായി എന്നും ശബ്ദമുയർത്തുകയും ചെയ്ത മഹാരഥന്മാർ
ജീവിച്ചിരുന്ന നാടാണ് ഭാരതം. നൂറ്റാണ്ടുകളായി മനുഷ്യരാശിക്ക് തന്നെ
അപകടമാംവിധം നിലനിന്നിരുന്ന ജാതിവ്യസ്ഥകളെ ഉന്മൂലനം ചെയ്ത്,
ഭരണഘടനയ്ക്ക് വിധേയമായി ജീവിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ
ജനാധിപത്യ രാജ്യമാണ് നമ്മുടേത് എന്നു നാം തന്നെ വിശ്വസിക്കുന്നു.

എന്നാൽ ഇത് വെറുമൊരു മിഥ്യാധാരണ മാത്രമാണെന്നും നമ്മുടെ രാജ്യം ഭൂരിഭാഗം ജനങ്ങൾക്ക് ഇപ്പോഴും സുരക്ഷിതമല്ലെന്നും നമുക്ക് ബോധ്യപ്പെടുത്തി തരുന്നതാണ്
ഇന്നു കണ്ടുവരുന്ന മനുഷ്യമനസ്സാക്ഷിയെ പിടിച്ചുകുലുക്കുന്ന കൊലപാതകങ്ങളും
സ്ത്രീപീഡനങ്ങളുമെല്ലാം.

ദളിത് വിരുദ്ധത ഇന്നും ചർച്ചാവിഷയം ആയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ദളിത് ജീവിതങ്ങളെ അസ്വസ്ഥമാക്കിക്കൊണ്ടുള്ള പല സംഭവങ്ങളും നമ്മുടെ രാജ്യത്ത്
പ്രത്യക്ഷപ്പെടുന്നത്. ഈയിടെ ഉത്തർ പ്രദേശിലെ 19 കാരിയായ ദളിത്
പെൺകുട്ടിക്കും സാക്ഷരത കേരളത്തിലെ വാളയാറിൽ ദളിത് സഹോദരിമാർക്കും
നേരിടേണ്ടി വന്ന ഹീനകൃത്യങ്ങൾ ഇവയിൽ ചുരുക്കം ചില ഉദാഹരണങ്ങൾ
മാത്രം.

വാളയാറിലെ സഹോദിമാരുടെ കൊലപാതകവും ഉത്തർ പ്രദേശിൽ
പീഡനത്തിന് ഇരയായ കൗമാരക്കാരിയെ പോലീസ് ദഹിപ്പിച്ചതുമെല്ലാം
സമകാലിക സമൂഹത്തിന്‍റെയും അധികാരത്തിന്‍റെയും ജീർണ്ണതയുടെ
നേർക്കാഴ്ചയാണ്. ദളിതരും മനുഷ്യരാന്നെന്നും അവർക്കും ഈ ഭൂമിയിൽ
തുല്യാവകാശം അർഹിക്കുന്നുവെന്നുമുള്ള വാസ്തവം പാടെ നിഷേധിച്ചുകൊണ്ട്
ജാതിമേൽക്കൊയ്മയെ മുൻനിർത്തി നടപ്പാക്കുന്ന നീതി, ഒരു ജനതയുടെ മുഴുവൻ
പ്രതീക്ഷകളെയാണ് നിഷ്ഫലമാക്കുന്നത്.

പ്രായത്തെ പോലും പരിഗണിക്കാതെ
വാളയാറിലെ ബാലികമാരെ ലൈംഗികമായി ചൂഷണം ചെയ്ത്, അവരെ
ഉത്തരത്തിൽ കെട്ടിത്തൂക്കി, ഒടുവിൽ യാതൊന്നും അറിയാത്തപോലെ
മാഞ്ഞുമറഞ്ഞ നരഭോജികളെ നീതിപീഠം കുറ്റവിമുക്തരാക്കി വിട്ടയച്ച ആ വിധി,
നാം ഓരോരുത്തരും നടുക്കത്തോടെയാണ് കേട്ടത്. വേണ്ടത്ര തെളിവുകൾ
ഇല്ലെന്നും തങ്ങളുടേത് പൊള്ളയായ വാദങ്ങളാണെന്നും നിഷ്കർഷിച്ചുകൊണ്ട്
അപലർക്ക് എന്നും തുണയായിമാറേണ്ടിയിരുന്ന കോടതി തന്നെ അവർക്ക് നീതി
നിഷേധിച്ചു.

നിയമപാലകരുടെ അന്വേഷണവും തൃപ്തികരം ആകാതിരുന്നതിനാൽ
ശിക്ഷയ്ക്ക് അർഹരായവർ അതിൽനിന്നും രക്ഷനേടി. ആ പിഞ്ചുപൈതങ്ങളുടെ
മരണം ആത്മഹത്യയാണെന്ന യുക്തിക്ക് നിരക്കാത്ത വാദങ്ങളും പൊങ്ങിവന്നു.

ഒട്ടും വ്യത്യസ്തമല്ല ഉത്തർ പ്രദേശിലെ പെൺകുട്ടിയുടെ മരണവും. ഉയർന്ന
ജാതിയിൽപ്പെട്ട ഏതാനം ചില ക്രൂരന്മാർ അവളെ മൃഗീയമായ പീഡനത്തിന് ഇരയാക്കി. ഇവിടെയും നിയമപാലകർ വേണ്ട നടപടികൾ സ്വീകരിച്ചില്ല
എന്നുമാത്രമല്ല, ആ പെൺകുട്ടിയുടെ മരണശേഷം അവളുടെ മൃതദേഹം
വീട്ടുകാരുടെ അനുവാദമില്ലാതെ കത്തിച്ചു ചാമ്പലാക്കി. അവസാനമായി
ഒരുനോക്ക് കാണണമെന്ന അവളുടെ മാതാപിതാക്കളുടെ ആവശ്യം
വകവയ്ക്കാതെ അവരെ വീടിനുള്ളിൽ ബന്ധിതരാക്കി.

മരണാനന്തര കർമ്മങ്ങൾപോലും നടത്താൻ ഉള്ള അനുമതി നൽകാതെ കേവലം പെട്രോൾ
ഉപയോഗിച്ച് ആ മനുഷ്യശരീരത്തെ അഗ്നിക്കിരയാക്കിയ
നിയമപാലകർക്കെതിരെയും ഒരു വിധത്തിലുള്ള നടപടികളും
സ്വീകരിക്കാതിരുന്നു. അഞ്ഞൂറിലധികം പീഡനങ്ങളാണ് ഈ വർഷം മാത്രം ആ
സംസ്ഥാനത്ത് സംഭവിച്ചു കഴിഞ്ഞത്. വർഗ്ഗീയവിഷം തീണ്ടിയ ആ ഭരണകൂടം
സവർണ്ണരെ സംരക്ഷിക്കാൻ ആ പെൺകുട്ടിയുടെ നീതിയെ പിന്തള്ളി.
സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിലും ജാതിമേൽക്കൊയ്മയുടെ
പേരിൽ ഇത്തരം അട്ടിമറികൾ നടക്കുന്നുവെന്നത് സങ്കടകരമാണ്.

പ്രസ്തുത സംഭവങ്ങൾ തമ്മിലുള്ള അന്തരം ഒട്ടും വലുതല്ല എന്നു സാരം.
പീഡനത്തിനിരയായ പെൺകുട്ടികളുടെ ജനനേന്ദ്രിയങ്ങളിൽ നിന്നും
പീഡിപ്പിച്ചുവെന്ന് കരുതപ്പെടുന്നവരുടെ ബീജാണുക്കൾ കണ്ടെത്താൻ
കഴിഞ്ഞില്ലെങ്കിൽ അത് പീഡനമല്ലെന്നും, 9 വയസ്സുള്ള ദളിത് പെൺകുട്ടി എട്ടടി
ഉയരത്തിൽ ചേതനയറ്റ് തൂങ്ങിനിന്നാൽ അത് ആത്മഹത്യയാണെന്നും
വിശ്വസിക്കാൻ യുക്തിബോധമുള്ളവരെ പ്രേരിപ്പിക്കുന്ന ഇന്നത്തെ വ്യവസ്ഥിതി
മാറിയില്ലെങ്കിൽ ഇതൊരു തുടർക്കഥയാകും.

ഏതു നീതിപീഠത്തിനും ജീർണ്ണത സംഭവിച്ചാലും ദൈവമെന്ന പ്രപഞ്ച ശക്തിയുടെ കോടതി ശരിയായ നീതി നടപ്പാക്കും എന്ന സത്യം അന്യരെ ദ്രോഹിക്കാൻ കരങ്ങൾ നീട്ടുന്ന
ഓരോരുത്തരും ഓർക്കുക. വാളയാറിലും ഉത്തർ പ്രദേശിലുമെല്ലാം സംഭവിച്ചത്
ആവർത്തിക്കാതിരിക്കേണ്ട ഉത്തരവാദിത്വം നാം ഓരോരുത്തർക്കുമുണ്ട്. കാരണം
നമ്മൾ മനുഷ്യരാണ്!

Christo


Related Articles

നിർധനരായ കാൻസർ രോഗികൾക്ക് കൈത്താങ്ങായി ഒരു പുസ്തകം

നിർധനരായ കാൻസർ രോഗികൾക്ക് കൈത്താങ്ങായി ഒരു പുസ്തകം * കൊച്ചി : കഠിനമായ വേദനകൾക്കിടയിലും ഒരു ദിവസം പോലും മുടക്കം വരാതെ തിരുവോസ്തി സ്വീകരിച്ച് ദിവ്യകാരുണ്യ ഈശോയോടുള്ള

കയാക്കിങ് രംഗത്തു തിളക്കവുമായി വരാപ്പുഴ അതിരൂപത വൈദീകൻ .

കൊച്ചി : ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പിന് കേരള ടീമിനെ നയിക്കാൻ വരാപ്പുഴ അതിരൂപത വൈദീകനും . ഫാ. റെക്സ്  ജോസഫ് അറക്കപ്പറമ്പിലാണ് കേരള ടീം മാനേജരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതു് .

ഐ.സി.പി.എ. വജ്രജൂബിലി ആഘോഷം കൊച്ചിയില്‍

    ഐ.സി.പി.എ. വജ്രജൂബിലി ആഘോഷം കൊച്ചിയില്‍ കൊച്ചി: ഇന്ത്യന്‍ കാത്തലിക് പ്രസ്സ് അസ്സോസ്സിയേഷന്‍റെ (ICPA ) വജ്രജൂബിലി ആഘോഷങ്ങളും, ദേശീയ കണ്‍വെന്‍ഷനും പുരസ്ക്കാരസമര്‍പ്പണവും,  സെപ്റ്റംബര്‍  22

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<