ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപോലിത്ത -ഭാഗം- 5 ; തദ്ദേശീയ മെത്രാൻ

by admin | October 16, 2020 1:43 pm

തദ്ദേശീയ മെത്രാൻ (Episode -5)

ബെനെഡിക്ട് പതിനഞ്ചാം പാപ്പയുടെ വിശ്രുതമായ Maximum Illud എന്ന വിളംബരത്തിൽ വൃക്തമാക്കുന്നതുപോലെ, സ്വയം പര്യാപ്തതയും കാര്യക്ഷമതയും കൈവരിച്ച മിഷൻ രൂപതകളുടെ ഭരണചുമതല തദ്ദേശീയരെ ഏല്പിക്കാവുന്നതാണെന്ന് ക്രാന്തദർശിയായ എയ്ഞ്ചൽ മേരി പിതാവ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. അതിൽ സമ്പൂർണതൃപ്തനും അതീവം ബോധവാനുമായിരുന്ന പിതാവ് തദനുസാരം റോമിലേക്ക് ശുപാർശകൾ അയച്ചു.

 

അങ്ങനെ വരാപ്പുഴയ്ക്ക് സ്വയം ഭരണാധികാരം നൽകുന്നതിന്റെ ഭാഗമായി ഒരു സഹായമെത്രാനെ നിയമിക്കാൻ റോം നിശ്ചയിച്ചു. തന്റെ പിൻഗാമിയാകാൻ സർവഥാ യോഗ്യനാണു ഡോ. ജോസഫ് അട്ടിപ്പേറ്റിയെന്ന് എയ്ഞ്ചൽ മേരി പിതാവ് പരിശുദ്ധ പിതാവിനെ അറിയിച്ചു. അങ്ങനെയിരിക്കെ 1932 നവംബർ 29 നു ഫാ. ജോസഫ് അട്ടിപ്പേറ്റിയെ വരാപ്പുഴ അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള സഹായ മെത്രാനായി നിയമിച്ചു കൊണ്ടുള്ള പരിശുദ്ധ പിതാവിന്റെ ബൂള വന്നു.

 

അതിരൂപതയിൽ മാത്രമല്ല ഇന്ത്യ മുഴുവനും ആഹ്ലാദിച്ച ഒരു സുദിനമായിരുന്നു അന്ന്. കാരണം അതിരൂപതയുടെ മാത്രമല്ല ഇന്ത്യയിലെ മുഴുവൻ ലത്തീൻ കത്തോലിക്കാ സഭയിലേയും ആദ്യത്തെ തദ്ദേശീയ മെത്രാനും അക്കാരണത്താൽത്തന്നെ ആഗോള ലത്തീൻ കത്തോലിക്കാ സഭയിലെ ആദ്യ ഭാരതീയനായ മെത്രാനുമായിരുന്നു അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി. ഇക്കാരണങ്ങളാൽ മെത്രാഭിഷേക ചടങ്ങുകൾ വളരെ ഗംഭീരമായിത്തന്നെ നടത്തുവാൻ തീരുമാനിക്കപ്പെട്ടു.

 

സെന്റ് ആൽബർട്സ് ഗ്രൗണ്ടിൽ അതിനുള്ള കൂറ്റൻ പന്തലുകളും മറ്റും ഉണ്ടാക്കുവാൻ തുടങ്ങി. എന്നാൽ ഇതിനിടയ്ക്ക് പരിശുദ്ധ പിതാവിന്റെ ഒരു സന്ദേശം റോമിൽ നിന്ന് വന്നു. നമ്മുടെ കർത്താവിന്റെ കുരിശു മരണത്തിന്റേയും ഉയർപ്പിന്റെ 19 ആം ശതാബ്ദി ആഗോള സഭയിൽ ജൂബിലി വർഷമായി 1933 ൽ ആചരിക്കുന്നതിന്റെ ഭാഗമായി നമ്മുടെ നിയുക്ത മെത്രാന്റെ അഭിഷേക കർമ്മം പരിശുദ്ധ പിതാവ് തന്നെ റോമിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു എന്നതായിരുന്നു പ്രസ്തുത സന്ദേശം. ഇന്ത്യയോടും ഇവിടത്തെ സഭയോടും അഭിവന്ദ്യ അട്ടിപ്പേറ്റി പിതാവിനോടും പരിശുദ്ധ പിതാവിനുണ്ടായിരുന്ന സ്നേഹാദരങ്ങളാകാം ഈ തീരുമാനത്തിന് കാരണം.

 

ഇതനുസരിച്ച് 1933 ഏപ്രിൽ 20 നു സെക്രട്ടറി ഫാ. ജോസഫ് വൈപ്പിശ്ശേരിയും ഒന്നിച്ച് എറണാകുളത്തു നിന്ന് മദ്രാസിലേക്ക് ട്രെയിൻ മാർഗം പുറപ്പെട്ടു. വിമാന സർവീസൊന്നും ഇല്ലാതിരുന്ന അക്കാലത്ത് വിദേശത്തേക്ക് കപ്പൽ കയറണമെങ്കിൽ മദ്രാസ്സിലോ ബോംബെയിലോ പോകണമായിരുന്നു.

 

യാതൊരു മുന്നറിയിപ്പും കൂടാതെയാണ് യാത്ര നിശ്ചയിച്ചിരുന്നതെങ്കിലും റെയിൽവേ സ്റ്റേഷൻ അതേവരെ ദർശിച്ചിട്ടില്ലാത്ത വിവിധ മതസ്ഥരായ ഒരു വലിയ ജനസഞ്ചയം യാത്രയാക്കുവാനായി എത്തിയിരുന്നു. പോകുന്ന വഴിയിൽ പോത്തന്നൂർ വരെ വിവിധ സ്റ്റേഷനുകളിൽ ആളുകൾ കൂട്ടം കൂടി നിന്ന് യാത്രാമംഗളങ്ങൾ നേർന്നു.

മെത്രാൻപട്ടാഭിഷേകം ( Next) 

തുടരും…

Compiled by Fr. Koshy Mathew

References: 

Fr. John Pallath, O.C.D, Yugaprabhavanaya Dr. Joseph Attipetty Metrapolitha (Ernakulam: Kerala Times
Press, 1996).
Kalathiveetil, Raphael. “Archbishop Joseph Attipetty: Varapuzha Athirupathayudae Puthuyuga Shilpi.”
Archbishop Joseph Attipetty Daivadasa Prakhyabhana Smarinika 7, no. 1(2020).50.

 

Share this:

Source URL: https://keralavani.com/%e0%b4%a6%e0%b5%88%e0%b4%b5%e0%b4%a6%e0%b4%be%e0%b4%b8%e0%b5%bb-%e0%b4%9c%e0%b5%8b%e0%b4%b8%e0%b4%ab%e0%b5%8d-%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%87-4/