പച്ചക്കറി കൃഷി ചെയ്യുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ച സ്വകാര്യ സ്ഥാപനത്തിനുള്ള, സംസ്ഥാന അവാർഡ് കൂനമ്മാവ് സെന്റ്. ജോസഫ് ബോയ്സ് ഹോസ്റ്റലിന്.

by admin | August 23, 2022 7:59 am

പച്ചക്കറി കൃഷി ചെയ്യുന്ന

സംസ്ഥാനത്തെ ഏറ്റവും

മികച്ച സ്വകാര്യ

സ്ഥാപനത്തിനുള്ള, സംസ്ഥാന

അവാർഡ് കൂനമ്മാവ് സെന്റ്.

ജോസഫ് ബോയ്സ്

ഹോസ്റ്റലിന്.

കൊച്ചി : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ സംസ്ഥാനത്തെ ഏറ്റവും മികച്ച പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥാപനത്തിനുള്ള പുരസ്ക്കാരം വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കൂനമ്മാവ് സെന്റ്. ജോസഫ് ബോയ്സ് ഹോസ്റ്റലിന്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന കൃഷിദർശൻ പരിപാടിയിൽ വെച്ച് കൃഷിവകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദിൽ നിന്ന് പുരസ്ക്കാരവും, 25000 രൂപ ക്യാഷ് അവാർഡും ഏറ്റുവാങ്ങി. കൂനമ്മാവ് സെന്റ്. ഫിലോമിനാസ് ദേവാലയ പരിസരത്തെ നാലര ഏക്കർ സ്ഥലത്ത്, കൃഷി വകുപ്പ് സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതി അധിഷ്ഠിത പച്ചക്കറി കൃഷി പദ്ധതി പ്രകാരം, കൃഷി ചെയ്ത് മാതൃക കാട്ടിയതാണ് പുരസ്ക്കാരത്തിനർഹമായത്. പച്ചക്കറി കൃഷിക്കു പുറമെ കൈതാരം പൊക്കാളി പാടശേഖരത്തിൽ 25 ഏക്കറിൽ പൊക്കാളി നെൽ കൃഷിയും, കൂടാതെ പുഷ്പ്പ കൃഷി, കോഴി വളർത്തൽ, മുതലായവയും ചെയ്തു വരുന്നു. ബോയ്സ് ഹോസ്റ്റൽ അങ്കണത്തിൽ 30 പശുക്കളും, ആട്, പന്നി, മുയൽ, പോത്ത്, മുതലായ വളർത്തുമൃഗങ്ങളും, തത്തപ്പിള്ളി ഫാമിൽ 1500 താറാവുകളും, കുട്ടികൾ വളർത്തുന്നു. ബോയ്സ് ഹോസ്റ്റലിലെ ഭക്ഷണത്തിനു ശേഷം ബാക്കി വരുന്ന കാർഷിക ഉൽപ്പന്നങ്ങൾ കാഷ്യറില്ലാ കടയിലൂടെ വിപണനം നടത്തുന്നു. കാഷ്യറില്ലാ കടയിൽ വെച്ചിട്ടുള്ള പെട്ടിയിൽ ഗുണഭോക്താവിന് ഇഷ്ടമുള്ള തുകയിട്ട് ഉൽപ്പന്നങ്ങൾ എടുക്കാവുന്നതാണ്. അൻമ്പതോളം വീടുകളിൽ എല്ലാ ദിവസവും പാലും മുട്ടയുമൊക്കെ വിപണനം ചെയ്യുന്നു. ഹോസ്റ്റലിലെ കുട്ടികൾ കൃഷി ചെയ്ത പൊക്കാളി നെല്ല് സംസ്ക്കരിച്ച് ‘എൻ്റെ പൊക്കാളി’ എന്ന പേരിൽ അരി, അവൽ, പുട്ടുപൊടി എന്നിവ വിപണിയിലെത്തിക്കുന്നുണ്ട്. ഹോസ്റ്റലിൽ വളർത്തുന്ന നാടൻ പശുക്കളുടെ ചാണകവും ഗോമൂത്രവും ശേഖരിച്ച് വൃക്ഷായുർവേദ വിധിപ്രകാരമുള്ള വളക്കൂട്ടുകളും കീടനാശിനികളുമുണ്ടാക്കി പ്രകൃതിക്കിണങ്ങിയ രീതിയിൽ കൃഷി ചെയ്യുന്നു. ബോയ്സ് ഹോസ്റ്റൽ ഡയറക്റ്റർ ഫാ. സംഗീത് അടിച്ചിയിലും വിദ്യാർത്ഥികളും ചേർന്നാണ് കൃഷിക്ക് നേതൃത്വം നൽകിയത്. കൃഷി ഓഫീസർ കെ. സി റൈഹാന കൃഷി അസിസ്റ്റൻ്റ് എസ്. കെ. ഷിനു എന്നിവരുടെ മേൽനോട്ടം കൂടിയായപ്പോൾ കൂനമ്മാവ് സെന്റ്.ജോസഫ് ബോയ്സ് ഹോസ്റ്റൽ സംസ്ഥാനത്തിന് മാതൃകയായി.

Share this:

Source URL: https://keralavani.com/%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8/