പിടിയരി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്  വി. ചാവറയച്ചൻ അല്ല…. എങ്കിൽ പിന്നെ ആരാണ് ?

by admin | July 22, 2022 11:34 am

പിടിയരി പ്രസ്ഥാനത്തിന് തുടക്കം

കുറിച്ചത്  വി. ചാവറയച്ചൻ അല്ല….

എങ്കിൽ പിന്നെ ആരാണ് ?

 

കേരളത്തിന്റെ സാമൂഹിക വികസനത്തിന് അടിത്തറ പാകിയ പിടിയരി പ്രസ്ഥാനം ആരംഭിച്ചതും അത് സാമൂഹ്യ ക്ഷേമത്തിനു വേണ്ടി കൃത്യമായി നടപ്പിലാക്കിയതും വി. ചാവറയച്ചൻ അല്ല….

എങ്കിൽ പിന്നെ ആരാണ്
പിടിയരി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്?

കേരളത്തിൽ കത്തോലിക്കാ സഭ നടത്തിവന്ന സാമൂഹ്യ ക്ഷേമ പദ്ധതികൾക്ക് കൂടുതൽ ഊർജ്ജം പകരാൻ    ഉണ്ണി മിശിഹായുടെ ധർമ്മസഭ’ എന്ന പേരിൽ വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന ബർണദിന ബച്ചിനെല്ലി പിതാവ് ( 1853-1868) തുടക്കം കുറിച്ചതാണ് പിടിയരി പ്രസ്ഥാനം.

യൂറോപ്പിലെ സന്യാസ ഭവനങ്ങളും സെമിനാരികളും അഗതി മന്ദിരങ്ങളും ഇപ്രകാരം പ്രോപ്പഗാന്താ’ എന്ന ധർമ്മസഭ വഴി സാധുക്കളായ അനേകം മനുഷ്യർ ത്യാഗപൂർവ്വം സംഭാവന ചെയ്തത് കൊണ്ടാണ് പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുള്ളത് എന്ന് ബച്ചനെല്ലി പിതാവ് തന്റെ ഇടയ ലേഖനത്തിൽ പറയുമ്പോൾ അദ്ദേഹത്തിന് ഈ ആശയം ലഭിച്ചത് യൂറോപ്പിൽ നിന്ന് തന്നെയാണ് എന്നുള്ളത് വ്യക്തം.

1866 കുംഭമാസത്തിൽ അദ്ദേഹം പുറത്തിറക്കിയ ഇടയലേഖനത്തിൽ എപ്രകാരമാണ് പിടിയരി ശേഖരിക്കേണ്ടത് എന്നും അത് എപ്രകാരമാണ് വിൽക്കുകയും അതിന്റെ പണം അതിരൂപതയിൽ ഏൽപ്പിക്കുകയും ചെയ്യേണ്ടത് എന്ന് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. (വരാപ്പുഴ അതിരൂപത ആർക്കൈവസ്, പി. ബി. ബോക്സ് നമ്പർ,16, സർക്കുലർസ്)

മെത്രാപ്പോലീത്ത തന്നെ അതിനാവശ്യമായ ക്രമങ്ങൾ ഉണ്ടാക്കി പള്ളികളിൽ ഒക്കെയും കൊടുത്തയച്ചു എന്ന് വിശുദ്ധ ചാവയച്ചന്റെ സമ്പൂർണ്ണ കൃതികളിലും കുറിച്ചിരിക്കുന്നു (complete works of Bl Chavara, Vol. 1, The Chronicles, Page 109) (Sr. Sucy Kinattinkal CTC; TOCD അടിസ്ഥാന ചരിത്രം പേജ്.200).

1868 ഫെബ്രുവരിയിൽ ബച്ചനെല്ലി പിതാവ് പുറത്തിറക്കിയ മറ്റൊരു ഇടയലേഖനത്തിൽ ലത്തീൻ പള്ളികളിൽ നിന്നുള്ള തുക ശേഖരിക്കാൻ ബഹു. ലെയൊന്ർഡ് മൂപ്പൻ പാദ്രിയെയും സുറിയാനി പള്ളികളിൽ നിന്നുള്ള തുക ശേഖരിക്കാൻ വികാരി ജനറൽ ആയ ബഹു. പീലിപ്പോസ് ഓഫ് സെ. ജോസഫ് മൂപ്പൻ പാദ്രിയെയും നിയമിച്ചു. (വരാപ്പുഴ അതിരൂപത ആർക്കൈവ്സ് പി. ബി. ബോക്സ് നമ്പർ 16, സർക്കുലർസ്)

കേരളത്തിലെ ലത്തീൻ, സുറിയാനി റീത്തുകളിൽ ഉള്ള പള്ളികളിൽ നിന്നും പിരിച്ച തുകയുടെ വെവ്വേറെ കണക്കുകളും ഈ തുകകൾ ചേർത്ത് പണിതീർത്ത സ്ഥാപനങ്ങളുടെ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. (വരാപ്പുഴ അതിരൂപത ആർക്കൈവ്സ് പി. ബി. ബോക്സ് നമ്പർ.16, സർക്കുലർസ്)

28 ലത്തീൻ പള്ളികളിൽ നിന്നും 4358 രൂപ 12 പുത്തൻ രണ്ട് കാശും, 80 സുറിയാനി പള്ളികളിൽ നിന്നും 6007 രൂപ 3 പുത്തൻ 8 കാശും ലഭിച്ചു.

ഈ പണം കൊണ്ടാണ് ബച്ചിനെല്ലി പിതാവ് കൂനമ്മാവിലെ ആശ്രമം, കോൺവെന്റ്, പുത്തൻപള്ളി സെമിനാരി, ആലപ്പുഴയിലെ പുളിങ്കുന്ന്, മൂവാറ്റുപുഴ അടുത്തുള്ള വാഴക്കുളം തുടങ്ങിയ സ്ഥലങ്ങളിൽ ആശ്രമങ്ങളും കോൺവെന്റുകളും അഗതി മന്ദിരങ്ങളും സ്ഥാപിച്ചത്.

കാര്യങ്ങൾ ഇത്രയ്ക്ക് വ്യക്തമായിരിക്കെ പിടിയരി പ്രസ്ഥാനം ആരംഭിച്ചതും അതിലൂടെ സാമൂഹിക വികസനം നടപ്പിലാക്കിയതും വിശുദ്ധ ചാവറ കുര്യാക്കോസ് അച്ചനാണ് എന്ന് പറഞ്ഞാൽ അത് വെറും പച്ചക്കള്ളമാണ് എന്ന് പറയാതെ വയ്യ.

വിശുദ്ധ ചാവറയച്ചന്റെ വാക്കുകൾ തന്നെ കടമെടുത്തു പറഞ്ഞാൽ “അസത്യങ്ങൾ സൂര്യനു മുൻപിൽ മഞ്ഞെന്ന പോലെ ഉരുകി പോകും.”

വിശുദ്ധ ചാവറയച്ചൻ ഒത്തിരി നന്മകൾ ഉണ്ടായിരുന്ന നല്ലൊരു വൈദികൻ ആയിരുന്നു എന്ന് അദ്ദേഹത്തിന്റെ ജീവിതം തെളിയിക്കുന്നുണ്ട്. എന്നാൽ അദ്ദേഹം ചെയ്യാത്ത കാര്യങ്ങൾ അദ്ദേഹത്തിന്റെ തലയിൽ കെട്ടിവെച്ചാൽ അത് ആ വിശുദ്ധ ജീവിതത്തോടുള്ള അവഹേളനം ആകും എന്ന് മറക്കാതിരിക്കുക.

പിടിയരി പ്രസ്ഥാനം ആരംഭിക്കാൻ വേണ്ടിയും അതിനെ തുടർന്ന് അത് നല്ല രീതിയിൽ നടക്കുന്നതിനു വേണ്ടിയും ആർച്ച് ബിഷപ്പ് ബർണദിൻ ബച്ചിനെല്ലി പിതാവ് 5 ൽ അധികം ഇടയലേഖനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അതിൽ ഒരു ഇടയലേഖനം മുഴുവനായും താഴെ കൊടുക്കുന്നു. (ഇത് പഴയ മലയാള ഭാഷയിലാണ് വായിക്കാൻ താല്പര്യമുള്ളവർ മുഴുവനായും വായിക്കുക. ഒറിജിനൽ ഇടയ ലേഖനത്തിന്റെ കോപ്പിയും ഇതിനോട് attach ചെയ്യുന്നുണ്ട്.) വായിക്കുക… പ്രചരിപ്പിക്കുക… നുണകളുടെ ഇരുളിനെ വകഞ്ഞുമാറ്റാൻ… സത്യത്തിന്റെ വെളിച്ചം എങ്ങും നിറക്കുവാൻ…

വെളിച്ചം തന്നെയായ ക്രിസ്തുനാഥൻ നമ്മെ സഹായിക്കട്ടെ.

ഇടയ ലേഖനം

“നാം ദൈവകൃപയാലയും ശുദ്ധ സിംഹാസന ത്തിലെ മനോഗുണത്താലയും മലയാളത്തിന്റെ വികാരി അപ്പസ്തോലിക്കായും പർസലേ എന്ന ദിക്കിന്റെ മെത്രാപ്പോലീത്തായും ആയ കർമലീത്ത ദിസ് കാൾസ സഭയിലെ പ്രെ ബെർണദിനൊസ് ദെ സാന്ത ത്രേസ്യ ( ബെർണദിൻ ബച്ചിനെല്ലി) എഴുത്തു.

നമ്മുടെ ആജ്ഞയ്ക്ക് കീഴിലുള്ള എത്രയും പ്രിയപ്പെട്ട മക്കളായ വിശ്വാസികൾ ഒക്കെയ്ക്കും കർത്താവും കൽസൊതപവും റൂഹാത് ക്കുശായുടെ വാഴ്‌വും.

അനുഗ്രഹത്തിന്റെ പിതാവ് ആയിരിക്കുന്ന സർവേശ്വരൻ തമ്പുരാൻ കുറേക്കാലമായിട്ട് ഈ മലയാളത്തിൽ പ്രകാശിപ്പിക്കുന്ന ഓരോരോ വിശേഷമായിട്ടുള്ള മനോഗുണങ്ങളും നന്മകളും കണ്ടുവരികയാൽ നമ്മുടെ ഹൃദയം മഹാ തെളിവായിരിക്കയും ചെയ്യുന്നു. വിശേഷിച്ചും ഇപ്പോൾ ചില ഭക്തിക്കടുത്ത വിശേഷ ക്രമങ്ങളും പുണ്യത്തിനടുത്ത ക്രിയകളും സ്ഥാപിക്കാനും ആത്മാവുകളുടെ പുണ്യ തെളിവിനായിട്ട് നടത്തുവാനും നാം വിചാരിച്ചു വരുമ്പോൾ വിശേഷമായ ഒരു വഴി ദൈവ തിരുമനസ്സാൽ നാം കണ്ടെത്തി.

ഇത് ദ്രവ്യസ്ഥന്മാരെ പോലെ (പണക്കാർ) അഗതികൾക്കും സംബന്ധിക്കാവുന്നതും മൂന്ന് അല്ലെങ്കിൽ രണ്ട് അല്ലെങ്കിൽ ഒരുനേരമെങ്കിലും എല്ലാ വീടുകളിലും ദൈവത്തിന്റെ ഓർമ്മയ്ക്കും ചെറിയ ഒരു അപേക്ഷയ്ക്കും സംഗതി വരുന്നതും ആർക്കും ക്ഷീണവും ചലിപ്പും വരാത്തതും നിലനിൽക്കുന്നതും ഭക്തി വർധിപ്പിക്കുന്നതും മറ്റുപല ഗുണങ്ങളും ഇതിൽനിന്ന് പുറപ്പെടുന്നതും ആകുന്നു.

ഇതായ്ക ക്രിസ്ത്യാനികളുടെ വീടുകളിൽ ഈ ധർമ്മത്തിനായിട്ട് ഒരു പാത്രം വെച്ച് കഞ്ഞി വെക്കുന്നതിന് അരി എടുക്കുമ്പോൾ അരിയുടെ അവസ്ഥ പോലെ ഒറ്റക്കൈ കൊണ്ട് കോരിയും വാരിപ്പിടിച്ചും മൂന്നു വിരൽ കൊങ്ങ നുള്ളി എങ്കിലും ഇങ്ങനെ ഒട്ടും ഭാരം കൂടാതെ ആ പാത്രത്തിൽ ഇടുകയും അതിനാൽ ഒരു അധിക ചെലവും ഭക്ഷണത്തിന് കുറവും വരാത്തതും ആകയാലും ഏറിയനാളായിട്ട് നാം കാഴ്ചവയ്ക്കുന്ന അപേക്ഷകളുടെ ആകമാന ആത്മാവ് ഉപകാരത്തിനു സ്ഥാപിക്കാൻ നാം ആഗ്രഹിച്ചിരിക്കുന്ന കൂട്ടങ്ങളെ നിറവേറ്റുവാൻ ഇതിനാലെ ദൈവം തിരുമനസ് ആയിരിക്കുന്നു എന്ന് നമുക്ക് തോന്നിയിരിക്കുന്നു.

ലോകത്തിൽ ഉണ്ടായിരിക്കുന്ന ഏറ്റവും വലുതായിട്ടുള്ള ഭക്തിക്ക് അടുത്തുള്ള ക്രിയകളും അതിശയിക്കാൻ തക്കപള്ളികളും മറ്റും പാവപ്പെട്ട ക്രിസ്ത്യാനികളുടെ അൽപ്പാൽപം ആയിട്ടുള്ള കാഴ്ചകളാൽ നടന്നിട്ടുള്ളതല്ലാതെ മറ്റുപ്രകാരമല്ല. ഇരുനൂറ്റിൽ ചില്ലുവാനും വർഷമായിട്ട് എറോപ്പയിൽ (യൂറോപ്) സ്ഥാപിക്കപ്പെട്ടിരിക്കുന്ന പ്രപ്പുഗാന്ത എന്ന ധർമ്മ സഭ എത്രയോ ദിക്കുകളെ സത്യവേദത്തിൽ കൂട്ടി എന്നും എത്രയോ ഇടങ്ങളിൽ പുണ്യം വർദ്ധിപ്പിച്ചു എന്നും എത്രയോ പള്ളികളും സെമിനാരികളും എത്രയോ കന്യാസ്ത്രീ മഠങ്ങളും എത്രയോ ഉപവിശാലകളും പണിയിപ്പിച്ചു നടത്തി വരുന്നതിന് ഇടയായിരിക്കുന്നു എന്നും ഏവർക്കും പരബോധം ഉള്ളതാകുന്നു. ഈ സംഗതികളൊക്കെയും പാവപ്പെട്ട ക്രിസ്ത്യാനികളുടെ ആഴ്ചവട്ടത്തിനടുത്ത അല്പമായ കാഴ്ചകൾ കൊണ്ട് അത്രേ.

ഇതാ പ്രിയപ്പെട്ട വിശ്വാസികളെ! നമ്മുടെ കൽപ്പനയാല് നാം സ്ഥാപിക്കുന്ന കൂട്ടം അതായത് ഉണ്ണീശോ മിശിഹായുടെ സ്തുതിക്കായിട്ട് തോമാശ്ലീഹായും ഫ്രാൻസിസ്കോ സേവിയർ എന്ന ഈ രണ്ട് മഹാശ്ലീഹന്മാരുടെ മാധ്യസ്ഥത്തിൽ താഴെ
ജ്ഞാനികളുടെ കടിഞ്ഞൂൽ ആയിരിക്കുന്ന പൂജരാജാക്കന്മാർ ചെയ്തതിൻ വണ്ണം നിങ്ങളും ആത്മരക്ഷയ്ക്കായിട്ട് തന്നെ ഉണ്ണീശോമിശിഹായുടെ പക്കൽ അണഞ്ഞ് എത്രയും ഭക്തിയോടു കൂടെയും നല്ല മനസ്സോടു കൂടെയും നിങ്ങളുടെ കാഴ്ചകളെ വെപ്പിൻ.

തന്നെക്കുറിച്ച് ഒരു കൈ പച്ചവെള്ളം കൊടുക്കുന്നവന് നൂറിരട്ടി നന്മകളും കൊടുക്കും എന്ന അരുളിച്ചെയ്ത തമ്പുരാൻ ഈ ദേശങ്ങളിൽ തന്റെ വിശ്വാസികളെ വർദ്ധിപ്പിക്കുന്നതിനും തനിക്കു എത്രയും സ്തുതിയായിരിക്കുന്ന സെമിനാരികളും കോവേന്തകളും കന്യാസ്ത്രീ മഠങ്ങളും മറ്റും ഓരോ പുണ്യസ്ഥലങ്ങളിൽ സ്ഥാപിക്കുന്നതിനും ഈ ധർമ്മം മതിയായിട്ട് സഹായം ചെയ്യുന്ന ആളുകൾക്ക് പ്രത്യുപകാരം ആയിട്ട് ഇഹലോകത്തിൽ തന്റെ വാഴും നന്മകളും സഹായവും പരലോകത്തിൽ എന്നന്നേക്കും ഉള്ള ഭാഗ്യവും കൊടുക്കുകയും ചെയ്യും…

തമ്പുരാന്റെ സ്തുതിക്ക് ആയിട്ടും ആകമാനവും ഉപകാരത്തിന് ആയിട്ടും സ്ഥാപിക്കപ്പെട്ട ഈ ധർമ്മക്കൂട്ടം വേണ്ടുന്ന ക്രമത്തോട് കൂടെ നടക്കുന്നതിന് താഴെ എഴുതിയിരിക്കുന്ന ഈ ക്രമം കാത്തു നടത്തേണ്ടതാകുന്നു.

ധർമ്മ കൂട്ടത്തിന്റെ നടപ്പുക്രമം

1. ഓരോരോ വീട്ടിൽ ഈ ധർമ്മ അരി വെക്കുന്നതിന് ഒരു പാത്രം നിശ്ചയിച്ചുവെച്ച് ആ പാത്രത്തിന്മേൽ “ഉണ്ണീശോമിശിഹായുടെ നിക്ഷേപം’ എന്ന് എഴുതി പറ്റിക്കണം.

2. ഈ പാത്രത്തിൽ മേൽപ്പറഞ്ഞ പ്രകാരം ഉള്ള അരി ഇടുമ്പോൾ “ഉണ്ണീശോമിശിഹായെ ഞങ്ങളുടെ മേൽ അനുഗ്രഹിക്ക’ എന്ന സുകൃതജപം ചൊല്ലുക.

3. ഞായറാഴ്ച തോറും ആ അരി ആ കരയിൽ നമ്മാൽ നിയമിക്കപ്പെട്ട സുബാപ്രോക്യുഡോറിന്റെ (sub procudor) പക്കൽ എത്തിച്ച്, അയാൾ തക്കതായ ഒരു പാത്രം വെച്ച് മേൽപ്പറഞ്ഞ എഴുത്തു പറ്റിച്ച ധർമ്മ അരി അളന്ന് ധർമ്മയാളിന്റെ പേരും എഴുതി പാത്രത്തിൽ വയ്ക്കുകയും വേണം.

4. ഒരു മാസം കഴിയുമ്പോൾ യാതൊരു അമാന്തം കൂടാതെ മേൽപ്പറഞ്ഞ സുബാപ്രോക്യുഡോർമാർ ഓരോ ദിക്കിൽ നമ്മൾ നിയമിക്കപ്പെട്ട പ്രോക്യൂഡോറിന്റെ (procudor) പക്കൽ ധർമ്മ അരിയും അതിന്റെ കണക്കും ഏൽപ്പിച്ച് റെസിബ (Receipt) വാങ്ങിക്കുകയും വേണം.

5. ആണ്ടിൽ മൂന്നുപ്രാവശ്യം അതായത്; വരുന്ന ദൈവമാതാവിന്റെ വചനിച്ച പെരുന്നാൾ തുടങ്ങി അതിന്റെ എട്ടാം നാൾ വരെ എന്നാൽ ഈ അവധിക്ക് അകത്തും; വരുന്ന ദൈവമാതാ കരേറ്റത്തിന്റെ പെരുന്നാൾ തുടങ്ങി എന്ന നാൾ വരെ എന്നാൽ ഈ അവധിക്കകത്തും കർത്താവിന്റെ പിറവി തുടങ്ങി പൂജ രാജാക്കന്മാരുടെ എട്ടാം നാൾ എന്ന ഈ അവധിക്കകത്തും അവരവരുടെ ദിക്കുകളിൽ കൈ കൊണ്ട വിറ്റ അരിയുടെ വില നമ്മുടെ മുമ്പാകെ എത്തിക്കയും എന്നാൽ ഒടുക്കത്തെ അവധിയായ പിറവി കഴിഞ്ഞിട്ടുള്ള അവധിയിൽ മുഴുവൻ ആണ്ടിന്റെ കണക്കും കൊണ്ടുവരു തന്നെ വരുകയും വേണം.

6. പ്രൊക്കരദൊർമാര് ആ അരി പറ്റി അതിന്റെ ചുമട്ടിനും യാത്രയ്ക്കുമുള്ള ചിലവ് കൊടുത്ത് നടപ്പുള്ള വിലയിൽ ദയയായിട്ട് പാടുണ്ടായിരുന്നാൽ തിട്ടതിയും മുട്ടും ഉള്ള ആളുകൾക്ക് അതിന്റെ വില ഉടൻ വാങ്ങിച്ചുകൊണ്ട് വിറ്റ കണക്കെഴുതി അതിന്റെ വക വേറെ കാര്യത്തിന് പ്രയോഗിക്കാതെ സൂക്ഷിച്ചു കാക്കയും വേണം.

7. ഈ ധർമ്മം മുഴുവനായിട്ട് പുണ്യത്തെക്കുറിച്ചും സ്വന്തമനസ്സായിട്ടുള്ളതും ആയിരിക്കയാൽ അതിനെ വാങ്ങിക്കുന്നതിലും ഏൾപ്പിക്കുന്നതിലും യാതൊരു തർക്കത്തിനും വഴക്കിനും ഇടവരാതെ എത്രയും ഉപവിയോട് കൂടെയും ഭക്തിയോടു കൂടെയും നടക്കേണ്ടത് ആകുന്നു.

എന്നാൽ ഈ ധർമ്മ അരി പ്രൊക്കുദോർമാരുടെ പക്കൽ കൊണ്ടുപോകുന്നതിനും പ്രാക്കുദോർമാർ അതിന്റെ വില നമ്മുടെ മുമ്പാകെ എത്തിക്കുന്നതിനും ഇതിനായിട്ടുള്ള യാത്രകൾക്കും ന്യായമായിട്ടുള്ള ചിലവ് ഈ ധർമ്മ വകയിൽ നിന്നും നീക്കി അതിന്റെ വിവരം കണക്കിൽ എഴുതുകയും വേണം.

ഈ നമ്മുടെ കൽപ്പന അതാത് പള്ളികളിൽ എത്തിയതിന്റെ ശേഷം ബഹു. വികാരിമാർ ഞായറാ ഴ്ച ദിവസങ്ങളിൽ ഏറെ ആൾ കൂടുന്ന കുർബാനക്കു പരസ്യപ്പെടുത്തുകയും വേണം.

ഇത് വരാപ്പുഴയിൽ നിന്നും

1866 കാലം കുംഭമാസം 23 നു
Bernardino de S. Teresa (Bernadine Bachinelli) Archbispo Vig. Apostolico.

(കൊച്ചിയിൽ ഇനാസ അച്ചുകൂട്ടത്തിൽ അച്ചടിക്കപ്പെട്ടത്.) (Ref. വരാപ്പുഴ അതിരൂപത ആർക്കൈവ്സ് പി. ബി. ബോക്സ് നമ്പർ 16, സർക്കുലർസ്)

 

Fr. Sojan Maliekkal
Spokesperson
Archdiocese of Verapoly
sojanmathew30@gmail.com

Share this:

Source URL: https://keralavani.com/%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%af%e0%b4%b0%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4/