പ്രതിസന്ധികളിൽ പരിശുദ്ധ അമ്മ ആശ്രിതർക്ക് അഭയം. ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

by admin | September 13, 2021 6:39 am

പ്രതിസന്ധികളിൽ പരിശുദ്ധ അമ്മ

ആശ്രിതർക്ക് അഭയം.

ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

 

വല്ലാർപാടം:  കാലത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ പരിശുദ്ധ വല്ലാർപാടത്തമ്മ തന്നിൽ ആശ്രയിക്കുന്നവർക്ക്‌ അഭയമാണെന്ന്‌ വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വിശ്വാസികളെ ആഹ്വാനം ചെയ്തു. അതിരൂപതയുടെ നേതൃത്വത്തിലുള്ള ഈ വർഷത്തെ വല്ലാർപാടം മരിയൻ തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ദിവ്യബലിയിൽ മുഖ്യ കാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റവ.ഡോ.ജോസി കോച്ചാപ്പിളളി വചന സന്ദേശം നല്കി. വികാരി ജനറാൾമാരായ മോൺ.മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലത്തിമറ്റം, ചാൻസലർ ഫാ.എബ്ജിൻ അറക്കൽ, ജുഡിഷ്യൽ വികാർ ഫാ.ജോസഫ് ലിക്സൻ അസ്വാസ് തുടങ്ങിയവർ സഹകാർമ്മികരായിരുന്നു. കോവിഡ് 19 ന്റെ പ്രത്യേക സാഹചര്യത്തിൽ, ഓൺലൈനായി നടത്തിയ തീർത്ഥാടന തിരുക്കർമ്മങ്ങളിൽ വിശ്വസികൾ ആത്മനാ പങ്കു ചേർന്നു.

വൈകീട്ട് 4 മണിക്ക് ആരംഭിച്ച ജപമാലയേ തുടർന്ന് ദിവ്യബലിയ്ക്ക് ശേഷം അഭിവന്ദ്യ പിതാവ് വിശ്വാസികളെ പരിശുദ്ധ വല്ലാർപാടത്തമ്മയ്ക്ക് അടിമ സമർപ്പണം നടത്തി. അടിമസമർപ്പണത്തിന് ഒരുക്കമായി വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ 33 ദിവസം നീണ്ടു നില്ക്കുന്ന വിശ്വാസികളുടെ പ്രാർത്ഥനായജ്ഞ നവും സമാപിച്ചു.

തിരുക്കർമ്മങ്ങൾ വല്ലാർപാടം ബസിലിക്കയുടെ യൂട്യൂബ് ചാനൽ, വരാപ്പുഴ അതിരൂപതയുടെ കേരളവാണി യൂട്യൂബ് ചാനൽ, DEN Network (Channel No. 609), Bhoomika network (channel No.16) Jio TV (Channel No.4) എന്നിവയിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു..

2004ൽ വല്ലാർപാടം ദേവാലയത്തിന് പരിശുദ്ധ മാർപ്പാപ്പ ബസിലിക്ക പദവി നല്കിയതിനെ തുടർന്നാണ് മരിയൻ തീർത്ഥാടനത്തിന് ആരംഭമായത് പതിനെട്ടാമത് മരിയൻ തീർത്ഥാടനമാണ് ഈ വർഷം നടന്നത്

രോഗപീഡകളിൽ നിന്നും, പ്രകൃതിക്ഷോഭത്തിന്റെ കെടുതികളിൽ നിന്നും, മറ്റു ജീവിത പ്രതിസന്ധികളിൽ നിന്നുമെല്ലാം തന്നിലാശ്രയിക്കുന്നവരെ കാത്തു പരിപാലിക്കുന്ന പരിശുദ്ധ വല്ലാർപാടത്തമ്മയുടെ സന്നിധിയിൽ വന്നണഞ്ഞ്, വിമോചനത്തിന്റെ ദൈവകൃപാകടാക്ഷം നേടിയവരുടെ അനുഭവസാക്ഷ്യങ്ങളും, ജാതിമത ചിന്തകൾക്കതീതമായ ദൈവാനുഗ്രഹങ്ങളുടെ ദൃഷ്ടാന്തങ്ങളും നിറഞ്ഞതാണ് വല്ലാർപാടം പള്ളിയുടെ പുണ്യചരിത്രം.

പരിശുദ്ധ വല്ലാർപാടത്തമ്മയുടെ ഈ വർഷത്തെ തിരുനാളാഘോഷങ്ങൾക്ക് സെപ്റ്റംബർ 16ന് കൊടിയേറും 24 ന് സമാപിക്കും

ബസിലിക്ക റെക്ടർ ഫാ.ആന്റണി വാലുങ്കൽ, സഹവികാരിമാരായ ഫാ.ആൻറണി ജിബിൻ കൈമലേത്ത്, ഫാ.റോക്കി ജോസ്‌ലിൻ ചക്കാലക്കൽ, ഫാ.റിനോയ് കളപ്പുരക്കൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി

Share this:

Source URL: https://keralavani.com/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b5%bd-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7/