മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ചു മോൺ. ജോസഫ് പടിയാരംപറമ്പിൽ യാത്രയാകുന്നു

by admin | February 8, 2022 9:35 am

മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ചു

മോൺ. ജോസഫ്

പടിയാരംപറമ്പിൽ യാത്രയാകുന്നു.

 

1995 ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുമായി കൂടിക്കാഴ്ച നടത്തിയതും ഒപ്പം നിന്ന് കുർബാനയർപ്പിച്ചതും 2004 ൽ ശ്രീമതി പ്രതിഭാ പാട്ടിൽ ഭാരതത്തിന്റെ പ്രസിഡന്റ് ആയിരിക്കെ രാഷ്ട്രപതി ഭവൻന്റെ അതിഥിയായി കേരളത്തെ പ്രതിനിധീകരിച്ച് മലയാളത്തിൽ ക്രിസ്മസ് പരിപാടികൾ അവതരിപ്പിക്കാൻ ചുമതലയേൽപ്പിക്കപ്പെട്ടതും 2013 സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 4 വരെ യുഎൻ ആസ്ഥാനത്ത് നടന്ന, ലോക നേതാക്കൾ പങ്കെടുത്ത അറുപത്തിയെട്ടാമത് ജനറൽ അസംബ്ലിയിൽ പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധിയായി (Holy See Expert) സംബന്ധിച്ചതും പടിയച്ചൻ തന്റെ ഓർമ്മയിൽ സൂക്ഷിക്കുന്ന അപൂർവ്വ അനുഭവങ്ങളിൽ ചിലതാണ്.
2019 മെയ് 30ന് അഭിവന്ദ്യനായ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് മോൺ. ജോസഫ് പടിയാരംപറമ്പിലിനെ വരാപ്പുഴ അതിരൂപതയുടെ ഭദ്രാസന ദേവാലയമായ സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ വികാരിയായി നിയമിച്ചു.
കാലം കാത്തു വച്ച ഒരു നിയോഗം പോലെ വർഷങ്ങൾക്കു മുമ്പ് താൻ വൈദിക ജീവിതം ആരംഭിച്ച നടുവിലപള്ളിയിലേക്ക് വികാരിയച്ചനായി മോൺ. ജോസഫ് പടിയാരംപറമ്പിൽ നിയുക്തനാകുകയായിരുന്നു. അതിരൂപതയുടെ ഭദ്രാസന ദേവാലയത്തിന് ശക്തനായ ഒരു സാരഥിയെ അഭിവന്ദ്യ പിതാവ് മോൺസിഞ്ഞോറിൽ കണ്ടെത്തുകയായിരുന്നു.

ലോകത്തെ നിശ്ചലമാക്കിയ കോവിഡ് 19 മഹാമാരിയുടെ പ്രഹരം ഇടവകയുടെ ദൈനംദിന പ്രവർത്തനങ്ങളെയും നിശ്ചലമാക്കിയ നാളിലാണ് മോൺ. ജോസഫ് പടിയാരംപറമ്പിൽ ഇടവകയുടെ സാരഥിയായി ചുമതലയേൽക്കുന്നത്. ആടുകളെ നേരിൽ കാണാൻ സാധിക്കാതെ പോയ ഇടയന്റെ അവസ്ഥ ഏൽപ്പിച്ച മനക്ലേശം മറികടന്ന് ഇടവക ഭരണത്തിന് പുതിയ മാനങ്ങൾ കണ്ടു പിടിക്കുക എന്നതായിരുന്നു മോൺസിഞ്ഞോർ അഭിമുഖീകരിച്ച ആദ്യത്തെ വെല്ലുവിളി. നവമാധ്യമങ്ങളിലൂടെയും കോവിഡ് കാല സന്നദ്ധ സേവകരായ ഏതാനും ഇടവകാംഗങ്ങളുടെയും സഹായത്തോടെ ഇടവക ജനങ്ങൾ ആഗ്രഹിച്ച ആത്മീയവും ഭൗതികവുമായ ആവശ്യങ്ങൾ പ്രതിസന്ധി കാലഘട്ടത്തിലും കാര്യക്ഷമമായി നടപ്പിലാക്കാൻ അതീവ ജാഗ്രത പുലർത്തി കർമ്മനിരതനായി.
ഇതു മാത്രമായിരുന്നില്ല മോൺസിഞ്ഞോറിന് ഇടവക ഭരണത്തിൽ നേരിട്ട പ്രതിസന്ധി. കത്തീഡ്രലിന്റെ വികസനത്തിനുവേണ്ടി ഭീമമായ തുക ബാങ്ക് വായ്പ എടുത്ത് സ്വരുക്കൂട്ടിയ ഭൂമിയുടെ പ്രതിമാസ വായ്പ തിരിച്ചടവിനുള്ള തുക കണ്ടെത്തുകയെന്ന അതീവ ദുഷ്ക്കരമായ ഉത്തരവാദിത്വം മോൺസിഞ്ഞോറിനെ സമ്മർദ്ദത്തിലാക്കി എങ്കിലും ഇടവകയുടെ ഉന്നമനത്തിനായി ചെയ്യാമായിരുന്ന പല പദ്ധതികളും ക്ഷേമ പ്രവർത്തനങ്ങളും മാറ്റി വെച്ച് അത്യാവശ്യം ദൈനംദിന ആവശ്യങ്ങൾ മാത്രം നിറവേററി ചിലവുചുരുക്കി തവണകൾക്ക് മുടക്കം വരാതെ വലിയ ഒരു തുക നാളിതു വരെ ബാങ്കിലേയ്ക്ക് തിരിച്ചടക്കുകയുണ്ടായി.

2021 ഒക്ടോബർ മാസം ആചരിക്കേണ്ട വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഇരുന്നൂറാം കൊമ്പ്രര്യ തിരുനാളിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്ത് സമുചിതമായി അർഹിക്കുന്ന പ്രൗഢിയോടുകൂടെത്തന്നെ ആഘോഷിക്കുവാൻ മോൺസിഞ്ഞോർ മനസ്സുകൊണ്ട് തീവ്രമായി ആഗ്രഹിക്കുകയും അതിനു വേണ്ട നടപടിക്രമങ്ങൾ ആലോചിക്കുന്നതിന് ഇടവക സമിതിയെ വിളിച്ചു ചേർക്കുകയും ചെയ്തു.

ആരാധനാലയങ്ങളിൽ ഭക്തജനങ്ങൾക്ക് പങ്കെടുക്കുവാൻ വിലക്കുണ്ടായിരുന്നു ആ കാലഘട്ടത്തിൽ അതിസാഹസികമായിരിക്കും ഇത്തരമൊരു തീരുമാനം എന്ന് മനസ്സിലാക്കിയ പലരും ഉൾവലിയാൻ ശ്രമിച്ചെങ്കിലും നിശ്ചയദാർഢ്യം ലവലേശം കൈമോശം വന്നിട്ടില്ലാത്ത മോൺസിഞ്ഞോറിന്റെ ഇച്ഛാശക്തിക്കും കറകളഞ്ഞ ആത്മാർത്ഥതയ്ക്കും മുന്നിൽ അഭിപ്രായ ഭിന്നതകൾ മാറ്റിവെച്ച് ഇടവക ജനങ്ങൾ ഇടവകയുടെ ദ്വിശതാബ്ദിയും മധ്യസ്ഥന്റെ ഇരുന്നൂറാം തിരുന്നാളും ആധുനിക കത്തീഡ്രലിന്റെ നാല്പതാം വാർഷികവും പ്രൗഢോജ്വലമായിത്തന്നെ നടത്താൻ തീരുമാനിക്കുകയായിരുന്നു.

ഇടവകയുടെ ചരിത്രത്തിൽ പുതിയ ഒരു അദ്ധ്യായം എഴുതി ചേർത്തുകൊണ്ട് 200 പ്രസുദേന്തിമാരുടെ നേതൃത്വത്തിലും ഇടവകയിലെ ഓരോ ഭവനങ്ങളും ദേവാലയം ആക്കിത്തീർത്തു കൊണ്ടും തിരുനാളിന്റെ അവസാനദിനം ഇടവകയിലെ എല്ലാ ഭവനങ്ങളിലും ഒരേസമയം വിരുന്നൊരുക്കി ഒരു മഹാ വിരുന്ന് സംഘടിപ്പിച്ചു കൊണ്ടും തിരുനാളിന്റെ ഒരു നിത്യസ്മാരകം എന്നോണം വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം എല്ലാ ദിവസവും നൽകുന്ന ‘അസ്സീസിയിലെ അപ്പം ‘ പദ്ധതിക്ക് തുടക്കം കുറിച്ചു കൊണ്ടും ഒരു ആധികാരിക ചരിത്ര ഗ്രന്ഥം എന്ന് വിശേഷിപ്പിക്കാവുന്ന ‘നൗകയും നങ്കൂരവും ‘ എന്ന ഈ ചരിത്ര സ്മരണിക പ്രകാശനം ചെയ്തു കൊണ്ടും നടുവിലപള്ളിയുടെ ദ്വിശതാബ്ദി വർഷത്തെ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ അവിസ്മരണീയമാക്കിയതിൽ മോൺ. ജോസഫ് പടിയാരം പറമ്പിലിന്റെ പങ്ക് ശ്രേഷ്ഠമാണ്.

കോവിഡ് കാലത്ത് കുറേയധികം നാൾ തങ്ങളുടെ ആത്മീയ കാര്യങ്ങൾ നിർവഹിക്കാൻ ദേവാലയത്തിൽ എത്താൻ സാധിക്കാതെ പോയതിനാൽ ഇടവക ജനങ്ങൾ അനുഭവിച്ച മനക്ലേശം ദുരീകരിക്കാൻ വേണ്ടി മോൺസിഞ്ഞോർ ഇടവകയിലെ എല്ലാ ഭവനങ്ങളിലും ദിവ്യകാരുണ്യം എത്തിച്ചു നൽകുവാനുള്ള ക്രമീകരണങ്ങൾ നടത്തി കത്തീഡ്രൽ ഇടവക അംഗങ്ങൾക്ക് കോവിസ് മഹാമാരി കാലത്തെ അതിജീവിക്കുവാനുള്ള ആത്മീയ ഉണർവ് നൽകി.

1981 പുതിയ കത്തീഡ്രലിലെ പ്രതിഷ്ഠ നാളുകളിൽ വിദേശ നിർമ്മിതമായ ഭീമാകാരങ്ങളായ മൂന്ന് പള്ളിമണികൾ ഘടന കൊണ്ടും ഉയരം കൊണ്ടു മനോഹാരിത കൊണ്ടും വേറിട്ടു നിൽക്കുന്ന മണിമാളികയിൽ സ്ഥാപിക്കുകയുണ്ടായി. ഇവയിൽ രണ്ട് മണികൾ ഓസ്ട്രിയയിലെ ഇൻസ്ബ്രൂക്ക് രൂപതാ മെത്രാനായിരുന്ന റൈറ്റ് റെവ. പോൾ റുഷ് ആണ് അന്ന് വരാപ്പുഴ അതിരൂപതാ സഹായമെത്രാൻ ആയിരുന്ന ആൻറണി തണ്ണിക്കോട്ട് പിതാവ് മുഖേന കത്തീഡ്രലിന് സമ്മാനിച്ചത്. അക്കാലത്ത് ഉയർന്ന കെട്ടിടങ്ങളും ഇന്നത്തെപോലെ തിരക്കും ഇല്ലാതിരുന്ന എറണാകുളം പട്ടണത്തിൽ ഈ മണിനാദം കിലോമീറ്ററുകളുടെ ചുറ്റളവിൽ ഇമ്പമോടെ കേൾക്കാമായിരുന്നു. കത്തീഡ്രലിലെ കപ്യാർക്കാണ് ആർക്കാണ് ഈ മണി മുഴക്കാൻ ഉള്ള ചുമതല. കാലാകാലങ്ങളിൽ കപ്യാർ ജോലി ചെയ്തിട്ടുള്ളവർക്കെല്ലാം എന്നും ഒരു വെല്ലുവിളിയായിരുന്നു ഭാരമേറിയ ഈ മണികൾ മുഴക്കുക എന്നത്. പടിയാരംപറമ്പിൽ അച്ചൻ ചുമതലയേറ്റപ്പോൾ ആദ്യം ചെയ്തത് ആധുനിക ഇലക്ട്രോണിക് സാങ്കേതികവിദ്യ (Pulsator) ഉപയോഗപ്പെടുത്തി ഈ മണികളുടെ പ്രവർത്തനം ഓട്ടോമാറ്റിക് രീതിയിലേക്കു പരിവർത്തനം നടത്തുകയും ഇപ്പോൾ മനുഷ്യപ്രയത്നം കൂടാതെ തന്നെ ഇടവകയുടെ മണിനാദം മുഴങ്ങി കേൾക്കുകയും ചെയ്യുന്നു.

 

 

Share this:

Source URL: https://keralavani.com/%e0%b4%ae%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b4%be%e0%b4%b5%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%93%e0%b5%bc%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%95%e0%b5%be-%e0%b4%b8%e0%b4%ae/