വിശ്വാസത്തിന്റെ പ്രകടനമായ കാരുണ്യപ്രവൃത്തികൾ തുടരുക: ഫ്രാൻസിസ് പാപ്പാ.

by admin | February 3, 2023 5:46 am

വിശ്വാസത്തിന്റെ

പ്രകടനമായ

കാരുണ്യപ്രവൃത്തികൾ

തുടരുക:

ഫ്രാൻസിസ് പാപ്പാ.

 

വത്തിക്കാന്‍ സിറ്റി:  കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിൽ സേവനമനുഷ്ഠിക്കുന്ന ചില ജീവകാരുണ്യപ്രവർത്തകസംഘടനകളുടെ പ്രതിനിധികളെ അവിടുത്തെ നൂൺഷിയേച്ചറിൽ സ്വീകരിച്ച പാപ്പാ, പാവപ്പെട്ട മനുഷ്യരുടെ മുന്നിൽ വിശ്വാസത്തിന്റെ സാക്ഷ്യമായി പ്രവർത്തനം തുടരാൻ ആവശ്യപ്പെട്ടു.  ദുർബലരായ മനുഷ്യരുടെ അടുത്തേക്ക് യേശുവിന്റെ നാമത്തിൽ ചുവടുകൾ വയ്ക്കുവാൻ അവർ കാണിക്കുന്ന ധൈര്യത്തെ  പാപ്പാ അഭിനന്ദിച്ചു.  പലരും പാവപ്പെട്ടവരെ ഒഴിവാക്കാനും, ഉപയോഗിക്കാനും നോക്കുമ്പോൾ, നിങ്ങൾ അവരെ ആശ്ലേഷിക്കാനും, പ്രോത്സാഹിപ്പിക്കാനുമാണ് ശ്രമിക്കുന്നതെന്ന് പാപ്പാ പറഞ്ഞു

ദാരിദ്ര്യത്തിന് കാരണം, ലോകത്ത് വസ്തുവകകൾ ഇല്ലാത്തതല്ല, മറിച്ച് അവയുടെ വിതരണം കൃത്യമായ രീതിയിൽ നടക്കാത്തതാണെന്ന് പറഞ്ഞ പാപ്പാ, നന്മയുടെ പേരിലല്ല, നീതിയുടെ പേരിൽ ഇല്ലാത്തവരുമായി ഉള്ളവർ തങ്ങളുടെ കൈവശമുള്ളത് പങ്കിടണമെന്ന് ഓർമ്മിപ്പിച്ചു. പ്രവൃത്തിയില്ലാത്ത വിശ്വാസം മൃതമാണെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു (യോഹ. 2, 26).

എപ്രകാരമാണ് ജീവകാരുണ്യപ്രവർത്തനം നടത്തേണ്ടത് എന്നതിലേക്കായി മൂന്ന് കാര്യങ്ങളാണ് നാം ശ്രദ്ധിക്കേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ഒന്നാമതായി മാതൃകാപരമായ ജീവിതമാണ് കാരുണ്യപ്രവർത്തനങ്ങൾ നമ്മിൽനിന്ന് ആവശ്യപ്പെടുന്നത്. എന്ത് ചെയ്യുന്നു എന്നതിനേക്കാൾ, നാം ആരായിരിക്കുന്നു എന്നതിന്റെ പ്രകടനമായിരിക്കണം കാരുണ്യപ്രവർത്തികൾ എന്ന് പാപ്പാ വിശദീകരിച്ചു.

രണ്ടാമതായി, ദീർഘകാല വീക്ഷണത്തോടെയുള്ളവയായിരിക്കണം നമ്മുടെ പ്രവർത്തനം എന്ന് പാപ്പാ ആവശ്യപ്പെട്ടു. ഇപ്പോൾ നിലവിലുളള ആവശ്യങ്ങൾക്ക് ഉത്തരം നൽകുക എന്നതിനൊപ്പം, അവ നീണ്ടുനിൽക്കുന്നതും, സ്വയം പര്യാപ്തിയിലേക്ക് നയിക്കുന്നതുമായിരിക്കണം എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. എന്തെങ്കിലും വസ്തുവകകൾ നൽകുക എന്നതിനേക്കാൾ, അറിവും, ഉപകരണങ്ങളും പങ്കുവയ്ക്കുക എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്.

മൂന്നാമതായി, നമ്മുടെ സേവനരംഗത്ത് മറ്റുള്ളവരുമായി യോജിച്ചു പ്രവർത്തിച്ചു പോവുക എന്നത് പ്രധാനമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സേവനത്തിന്റെ ഒരു ശൃംഖല പണിയുക എന്നത് ആവശ്യമാണ്. ഒരുമിച്ച്, പ്രാദേശികസഭകളും, പ്രദേശങ്ങളുമായി സഹകരിച്ച് വേണം മുന്നോട്ട് നീങ്ങാൻ. മറ്റു ക്രൈസ്തവസമൂഹങ്ങളും, മറ്റു മതങ്ങളും, സംഘടനകളുമായും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയണം.

തങ്ങളുടെ സാക്ഷ്യങ്ങൾ കൊണ്ട് തന്റെ ഹൃദയത്തെ സ്പർശിച്ചതിന് നന്ദി പറഞ്ഞുകൊണ്ടും, തനിക്കു വേണ്ടി പ്രാർത്ഥനകൾ ആവശ്യപ്പെട്ടും ഏവർക്കും അനുഗ്രഹങ്ങൾ നൽകിയുമാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

Share this:

Source URL: https://keralavani.com/%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%9f%e0%b4%a8%e0%b4%ae/