സഭാ വാർത്തകൾ – 11.06.23

by admin | June 8, 2023 7:37 am

സഭാ വാർത്തകൾ – 11.06.23

 

വത്തിക്കാൻ വാർത്തകൾ

മിഷനറി പ്രവർത്തനത്തിൽ കൊച്ചുത്രേസ്യയുടെ മാതൃക ഉയർത്തിക്കാട്ടി ഫ്രാൻസിസ് പാപ്പാ.

ആഗോള മിഷനുകളുടെ സംരക്ഷകയായ ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവിതത്തെ ആധാരമാക്കിയായിരുന്നു സുവിശേഷവത്കരണവുമായി ബന്ധപ്പെട്ട ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാ സന്ദേശം (07-06-2023).
ഒരു കര്‍മ്മലീത്താ സന്ന്യാസിനിയായിരുന്ന കൊച്ചുത്രേസ്യ മിഷനുകളുടെ സംരക്ഷകയാണ്, വിശുദ്ധയുടെ ജീവിതം എളിമയുടെയും അനാരോഗ്യത്തിന്റേതുമായിരുന്നു. അവള്‍ അവളെത്തന്നെ ‘ഒരു ചെറിയ മണല്‍ത്തരി’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. നിരവധി മിഷനറിമാരുടെ ആത്മീയസഹോദരി ആയിരുന്നവിശുദ്ധ ത്രേസ്യ. ആശ്രമത്തില്‍നിന്ന്, തന്റെ കത്തുകള്‍ വഴിയും, പ്രാര്‍ത്ഥനയിലൂടെയും തുടര്‍ച്ചയായി അവര്‍ക്കുവേണ്ടി നടത്തിയ ത്യാഗങ്ങളിലൂടെയും അവള്‍ അവരെ പിന്തുടര്‍ന്നിരുന്നു. മറഞ്ഞിരുന്നുകൊണ്ട് ഒരു വാഹനത്തിന് മുന്നോട്ട് പോകാന്‍ ശക്തി നല്‍കുന്ന ഒരു എഞ്ചിന്‍ പോലെ, പുറത്തുവരാതെ അവള്‍ മിഷനുകള്‍ക്കുവേണ്ടി മാധ്യസ്ഥ്യം വഹിച്ചിരുന്നുവെന്നും പാപ്പ കൂട്ടിചേര്‍ത്തു.

 

അതിരൂപത വാർത്തകൾ

കെസിബിസിയുടെ നേതൃത്വത്തിൽ വല്ലാർപാടം ബസിലിക്കയിൽ    മണിപ്പൂര്‍ ജനതയ്ക്ക് വേണ്ടി പ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിണവും നടത്തി.

കൊച്ചി : മണിപ്പൂരിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും കലാപത്തിൽ കൊല്ലപ്പെടുകയും ഭവനങ്ങളും സ്വത്തുവകകളും നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടിവരുകയും ചെയ്ത സഹോദരീസഹോദരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊ­ണ്ട്‌ ജൂൺ  7 വൈകുന്നേരം 6 മണിക്ക് കെസിബിസിയുടെ നേതൃത്വത്തിൽ വല്ലാർപാടം മരിയൻ തീർത്ഥാടന ബസലിക്ക ദൈവാലയത്തിൽ പ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിണവും നടത്തി.  പ്രാർത്ഥനയി ലും മെഴുകുതിരിയേന്തിയുള്ള പ്രദക്ഷിണത്തിലും  കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോര്‍ജ്ജ്  ആലഞ്ചേരി  വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ  കേരളസഭയിലെ മെത്രാന്മാരും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികളും പങ്കുചേർന്നു.

വൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.

ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടുവാനുള്ള വൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനകര്‍മ്മം വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് നിര്‍വഹിച്ചു. പ്രശസ്ത പ്രകൃതി സ്‌നേഹിയായ ശ്രീ ജോബി തോമസ്, ബിസിസി ഡയറക്ടര്‍ ഫാ.യേശുദാസ് പഴമ്പിള്ളി, വികാര്‍ ജനറല്‍. മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാന്‍സലര്‍ ഫാ.എബിജിന്‍ അറക്കല്‍, ഫാ ഡിനോയ് റിബേര, ശ്രീ ജോസഫ് ജൂഡ്, ശ്രീ ഷെറി ജെ തോമസ്എന്നിവര്‍ വൃക്ഷത്തൈകള്‍ ഏറ്റുവാങ്ങി.

വിദ്യാർത്ഥികൾ പ്രകൃതിയുടെ പടയാളികളായി മാറുക: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷൻ്റെ നേതൃത്വത്തിൽ അതിരൂപതയ്ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരംഭിക്കുന്ന പരിസ്ഥിതി ക്ലബ്ബുകളുടെ അതിരൂപത തല ഉദ്ഘാടനം കളമശ്ശേരി സെൻ്റ് പോൾസ് കോളേജിൽ വച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിക്കുകയും, ചടങ്ങിനോടനുബന്ധിച്ച് വൃക്ഷ തൈ നടുകയും ചെയ്തു. സെൻറ് പോൾസ് കോളേജ് മാനേജർ ഫാ.വർഗീസ് വലിയപറമ്പിൽ അധ്യക്ഷത വഹിച്ചു.

 

 

 

 

Share this:

Source URL: https://keralavani.com/%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%b5%e0%b4%be%e0%b5%bc%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b5%be-12-06-23/