അയര്‍ലണ്ടില്‍ മലയാളികള്‍ക്കായി മതബോധന ക്ലാസുകള്‍ ആരംഭിച്ചു

അയര്‍ലണ്ടില്‍ മലയാളികള്‍ക്കായി മതബോധന ക്ലാസുകള്‍ ആരംഭിച്ചു.
അയര്‍ലണ്ട് : അയര്‍ലണ്ടിലെ മലയാളികളായ റോമന്‍ കത്തോലിക്കാ സഭാംഗങ്ങള്‍ക്കായി ആരംഭിച്ച മതബോധന ക്ലാസുകള്‍ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ ഉദ്ഘാടനം ചെയ്തു. ബ്ലാഞ്ചേഴ്‌സ് ടൗണ്‍ ലിറ്റില്‍ പെസ് പ്രത്യാശയുടെ മാതാവിന്റെ ദേവാലയത്തില്‍ മാസം തോറും നടത്തി വരുന്ന മലയാളി കുര്‍ബാനയോടനുബന്ധിച്ചാണ് ഈ ക്ലാസ്സുകള്‍ നടത്തുക. തലമുറകളായി പകര്‍ന്നു കിട്ടിയ വിശ്വാസ വെളിച്ചത്തോടൊപ്പം മതാധ്യാപകരുടെ പരിശീലനവും മാതാപിതാക്കളോടൊത്തുള്ള പ്രാര്‍ത്ഥനയും കൂടിച്ചേരുമ്പോഴാണ് നാളെയുടെ നല്ല ക്രൈസ്തവ വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കാന്‍ കഴിയൂ എന്ന് ആന്റണി പിതാവ് ഓര്‍മിപ്പിച്ചു. വിദേശവാസത്തിന്റെ വിഷമതകളെ വൈദികരുടെ നേതൃത്വത്തില്‍ ഉള്ള ഒത്തുചേരലുകളിലൂടെ തരണം ചെയ്യാന്‍ ആവട്ടെ എന്ന് പിതാവ് ആശംസിച്ചു. കില്‍ക്കോക്ക് വികാരി ഫാ. ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മതബോധന ക്ലാസുകള്‍ക്ക് ആന്റണി പിതാവ് പൂര്‍ണ്ണപിന്തുണ അറിയിച്ചു. അഭിവന്ദ്യ ഡോ. ആന്റണി വാലുങ്കല്‍ മുഖ്യകാര്‍മികത്വം വഹിച്ച ദിവ്യബലിയില്‍ ഫാ. ജോര്‍ജ്, ഫാ. ബിജു ഇഗ്‌നേഷ്യസ്, ഫാ. സജീവ് റോയി, ഫാ. ആന്റണി അറക്കല്‍ എന്നിവര്‍ സഹകാര്‍മികരായി.