ആത്മീയ വിമോചനത്തിന്‍റെ കഥപറയുന്ന സങ്കീര്‍ത്തനം

30–Ɔο സങ്കീര്‍ത്തനപഠനം – ഭാഗം മൂന്ന്


1. ഗീതത്തിന്‍റെ ആത്മീയവിചിന്തനം

30–Ɔο സങ്കീര്‍ത്തനത്തിന്‍റെ ആത്മീയ വിചിന്തനത്തിലേയ്ക്കാണ് നാമിന്നു കടക്കുന്നത്. ദാവീദു രാജാവിന്‍റെ പേരില്‍ സമര്‍പ്പിതമായിട്ടുള്ള ഗീതമാണ് ഇതെന്നും  ദേവാലയ സമര്‍പ്പണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇത് രചിക്കപ്പെട്ടിട്ടുള്ളതെന്നും പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. എന്നാല്‍ കൃത്യമായി ഏതു ദേവാലയ സമര്‍പ്പണ കാലത്താണ് ഗീതം രചിക്കപ്പെട്ടതെന്ന് ആര്‍ക്കും കണ്ടെത്താനായിട്ടില്ല. 

നമ്മുടെ ഗ്രാമത്തിലോ നഗരത്തിലോ ഒരു ദേവാലയം പണിതീര്‍ത്ത് അതിന്‍റെ പ്രതിഷ്ഠാപനം നടത്തുന്ന സമയത്തെക്കുറിച്ചു നമുക്ക് അനുമാനിക്കാവുന്നതാണ്. അതൊരു ഉത്സവമാണ്, മഹോത്സവമാണ്! കാരണം ജനങ്ങള്‍ അത്രത്തോളം അതിന്‍റെ നിര്‍മ്മാണത്തിലും പൂര്‍ത്തീകരണത്തിലും ഭാഗഭാക്കുകളാണ്. മാത്രവുമല്ല, കര്‍ത്താവിന്‍റെ ആലയം തങ്ങളുടെ ജീവിതചുറ്റുപാടില്‍ ദൈവിക സാന്നിദ്ധ്യത്തിന്‍റെ അനുഗ്രഹപ്രദീപമാണ് ജനങ്ങള്‍ക്ക്. ഒരു ദേവാലയവും അതിന്‍റെ പ്രതിഷ്ഠയും നന്ദിയുടെയും ആനന്ദത്തിന്‍റെയും വികാരമാണ് മനുഷ്യമനസ്സുകളില്‍ ഉയര്‍ത്തുന്നത്.. അതിനാല്‍ ജനഹൃദയങ്ങളില്‍ ഉയരുന്ന നന്ദിയുടെയും സന്തോഷത്തിന്‍റെയും വികാരത്തോടെയാണ് സങ്കീര്‍ത്തകന്‍ ഈ ഗീതം ചിട്ടപ്പെടുത്തിയിട്ടുള്ളതെന്ന് ആദ്യത്തെ നാലുവരികള്‍ വ്യക്തമാക്കുന്നു.

 

2. ആത്മീയ സ്വാതന്ത്ര്യത്തിന്‍റെ ഗീതം

നാം പഠനവിഷയമാക്കിയിരിക്കുന്ന സങ്കീര്‍ത്തനം 30 ഏതു കാലഘട്ടത്തിലാണ് രചിക്കപ്പെട്ടതെന്ന് കൃത്യമായ രേഖകള്‍ ഇല്ലെങ്കിലും ക്രിസ്തുവിനുമുന്‍പു 164-ല്‍ സീറിയന്‍ അധിനിവേശത്തോടെ തകര്‍ന്നതും അശുദ്ധമാക്കപ്പെട്ടതുമായ ജരൂസലേം ദേവാലയം ഇസ്രായേല്‍ ജനം പുനരുദ്ധരിച്ച്, ശുദ്ധികലശംചെയ്ത് ദൈവത്തെ പാടിസ്തുതിക്കുന്നതാണ് ഈ ഗീതമെന്ന അഭിപ്രായം ആധുനിക കാലത്തെ പണ്ഡിതന്മാര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഈ അറിവ് കാലഘട്ടത്തെ വെളിപ്പെടുത്തുക മാത്രമല്ല, ഗീതത്തിന്‍റെ ആത്മീയവിചിന്തനത്തെ സഹായിക്കുന്നതുമാണ്. ദൈവം തന്‍റെ ജനതയുടെ ചരിത്രത്തില്‍ അവര്‍ക്കായ് നല്കിയ രക്ഷയുടെയും മോചനത്തിന്‍റെയും അനുഭവവും വികാരവും ഭക്തിയുടെയും ദൈവസ്നേഹത്തിന്‍റെയും ആത്മീയ വരികളായും ഈണമായും ഗായകന്‍ പ്രതിഫലിപ്പിക്കുന്നതാണ് സങ്കീര്‍ത്തനം 30-തെന്ന് നമുക്കു പ്രസ്താവിക്കാം.

3. ദൈവം തരുന്ന വിമോചനത്തിന്‍റെ കഥ

ദൈവം എന്നെ സ്നേഹിച്ചു. അവിടുന്നെന്നെ രക്ഷിച്ചു. നിലവിളിച്ചപേക്ഷിച്ചപ്പോള്‍ അവിടുന്നെന്നെ കരകയറ്റി, എന്നെ സുഖപ്പെടുത്തി. ജീവനിലേയ്ക്ക് അവിടുന്നെന്നെ ആനയിച്ചു.
ഇതാണ് നാം ഇന്നു ധ്യാനിക്കുന്ന ആദ്യത്തെ നാലു വരികളുടെ പൊരുള്‍.
ജീവിതത്തില്‍ ഉയര്‍ച്ചകളും താഴ്ചകളും കാണുന്നത് സ്വാഭാവികമാണ്. ഒരു വേളയില്‍ നാം മാനസികമായും ആന്തിരകമായും ജീവിതത്തില്‍ ഉയര്‍ന്നിരിക്കാം. നല്ലൊരു മാനിസികാവസ്ഥയില്‍ ഏറെ സന്തോഷത്തോടും സംതൃപ്തിയോടുംകൂടെ നാം മുന്നോട്ടുപോകുന്നത് സ്വാഭാവികമാണ്, അത് എളുപ്പവുമാണ്.

എന്നാല്‍ ചെറിയൊരു പ്രശ്നം മതി, നാം പെട്ടന്ന് താണുപോകുന്നു, തകര്‍ന്നുപോകുന്നു. മുകളില്‍ സ്വര്‍ഗ്ഗവും താഴെ നരകവും എന്നതു വളരെ സാധാരണമായൊരു ചിന്തയാണ്. അതുപോലെയാണ് ജീവിതത്തിന്‍റെ ഉയര്‍ച്ചയും താഴ്ചയുമെന്നു സാധാരണ നാം ചിന്തിക്കുന്നു. ആനന്ദത്തിന്‍റെയും സംതൃപ്തിയുടെയും ഉയര്‍ന്ന അവസ്ഥയും, ക്ലേശങ്ങളുടെയും ദുഃഖങ്ങളുടെയും താഴ്ന്ന അവസ്ഥയും…! എന്നാല്‍ സങ്കീര്‍ത്തകന്‍ പറയുന്ന ദൈവം നമ്മെ രക്ഷിച്ചു, അവടുന്നു നമ്മെ സുഖപ്പെടുത്തി, നമ്മെ പാതാളത്തില്‍നിന്നു കരകയറ്റി, ജീവനിലേയ്ക്ക് ആനിയിച്ചു. ഇത്, സങ്കീര്‍ത്തകന്‍ രേഖപ്പെടുത്തുന്നതുപോലെ ക്ലേശങ്ങളുടെ പടുകുഴിയില്‍നിന്നും സന്തോഷത്തിന്‍റെ ഉന്നതിയിലേയ്ക്കുള്ള ഒരു ആത്മീയ കരകയറ്റമാണ്, മോചനവും ആത്മീയ സ്വാതന്ത്ര്യലബ്ദിയുമാണ്.

4. ഗീതത്തിലെ പ്രവാചകശബ്ദം

ഈ കൃതജ്ഞതാഗീതത്തിന്‍റെ, സങ്കീര്‍ത്തനം 30-ന്‍റെ ആത്മീയ വിചിന്തനത്തിന്‍റെ ആദ്യഭാഗത്ത് ജെറെമിയ പ്രവാചകന്‍റെ വാക്കുകള്‍ പ്രചോദനാത്മകമാണ്, പ്രസക്തമാണ്. ശത്രുക്കള്‍ എനിക്കായ് കുഴികുഴിച്ചു. എന്‍റെ കാലുകള്‍ക്ക് അവര്‍ കെണിവച്ചു എന്നെ വധിക്കാന്‍ അവര്‍ ഗൂഢാലോചന നടത്തി (ജെറമി. 18, 23). എന്നിട്ടും ദൈവം എന്നെ മോചിച്ചു, രക്ഷിച്ചു. സൗഖ്യപ്പെടുത്തി, എന്നാണ് പ്രവാചകന്‍ സാക്ഷ്യപ്പെടുത്തുന്നത്. സങ്കീര്‍ത്തനം 30-ന്‍റെ മൂന്നാമത്തെ വരി പ്രവാചകവാക്യത്തിനു സമാന്തരമാണെന്നു തോന്നിപ്പോകും :


5. ക്രിസ്തു നേടിത്തന്ന ആത്മീയവിമോചനം

ഇനി, പുതിയ നിയമത്തില്‍ യേശുവിനെ സംബന്ധിച്ചും, മനുഷ്യന്‍റെ രോഗത്തിന് ശാരീരികമെന്നോ മാനസികമെന്നോ ഉള്ള വ്യത്യാസം ഇല്ലായിരുന്നെന്ന് നമുക്കു കാണാം. തളര്‍വാദരോഗിയോട് അവിടുന്നു പറഞ്ഞത്, നിന്‍റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നുവെന്നായിരുന്നു. എഴുന്നേറ്റ് കിടക്കയും എടുത്ത് വീട്ടില്‍ പോവുക എന്നായിരുന്നു (മര്‍ക്കോസ് 2, 10-11). ദൈവം വിമോചകനും രക്ഷകനും സൗഖ്യദാതാവുമാണ്. ആധുനിക വൈദ്യശാസ്ത്രത്തില്‍ “ശസ്ത്രക്രിയയുടെ പിതാവെ”ന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഫ്രഞ്ച് ഡോക്ടര്‍, അംബ്രോയിസി പരേ വലിയ ശസ്ത്രക്രിയകള്‍ വിജയപ്രദമായി പൂര്‍ത്തീകരിച്ച് കഴിയുമ്പോള്‍, പലരും അദ്ദേഹത്തെ അഭിനന്ദിക്കുമായിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും അദ്ദേഹം നല്കിയിരുന്ന മറുപടി ശ്രദ്ധേയമാണ് : “ഞാന്‍ രോഗിയുടെ മുറിവുകള്‍ വച്ചുകെട്ടി, പരിചരിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ ദൈവം അയാളെ സുഖപ്പെടുത്തി,” എന്നാണ്. സങ്കീര്‍ത്തനത്തിന്‍റെ രണ്ടാമത്തെ വരിയും ഇതേ ആശയം പ്രതിഫലിപ്പിക്കുന്നു.

–  ഫാദര്‍ വില്യം  നെല്ലിക്കല്‍ 

 


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<