സഭാവാര്‍ത്തകള്‍ : 13. 07. 25

സഭാവാര്‍ത്തകള്‍ : 13. 07. 25
വത്തിക്കാൻ വാർത്തകൾ
റോഡിലൂടെ നടന്നുവരുന്ന പാപ്പായെ കണ്ട് ആശ്ചര്യപ്പെട്ട് വിശ്വാസികള്‍
വത്തിക്കാന്‍ സിറ്റി : ജൂലൈ മാസം 6-ാം തീയതി ഞായറാഴ്ച്ച പ്രാദേശിക സമയം വൈകുന്നേരം 5 മണിയോടെ ലെയോ പതിനാലാമന്‍ പാപ്പാ തന്റെ വേനല്‍ക്കാല വസതിയായ കാസല്‍ ഗന്ധോള്‍ഫോയിലെത്തി. വില്ല ബാര്‍ബെറിനി എന്ന ഭവനത്തിലാണ് പാപ്പാ വിശ്രമിക്കുന്നത്
ലെയോ പതിനാലാമന്‍ പാപ്പായെ വരവേല്‍ക്കുന്നതിനും, അദ്ദേഹത്തിന് സ്വാഗതമരുളുന്നതിനുമായി പലവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധിയാളുകളാണ് അനേകം മണിക്കൂറുകള്‍ക്കു മുന്‍പ് തന്നെ വസതിയിലേക്കുള്ള വഴിയില്‍ കാത്തുനിന്നിരുന്നത്.
എന്നാല്‍, പാപ്പായുടെ താമസസ്ഥലത്തില്‍ നിന്ന് കുറച്ച് മിനിറ്റുകള്‍ അകലെ എത്തിയപ്പോള്‍, കാറില്‍ നിന്ന് ഇറങ്ങി തന്റെ വിശ്രമ വസതിയിലേക്ക് നടന്ന് പോകാന്‍ പാപ്പാ തീരുമാനിച്ചു. റോഡിലൂടെ നടന്നുവരുന്ന പാപ്പായെ കണ്ട് വിശ്വാസികള്‍ ആശ്ചര്യപ്പെട്ടു.
റോമന്‍ കാലത്തുള്ള ഡോമീസ്യന്‍ ചക്രവര്‍ത്തിയുടെ കൊട്ടാരം നിന്നയിടത്തുള്ള കെട്ടിടമാണ്, ഇന്ന് പാപ്പമാര്‍ വേനല്‍ക്കാലവസതിയായി ഉപയോഗിക്കുന്ന വില്ല.
അതിരൂപത വാർത്തകൾ
വരാപ്പുഴ അതിരൂപത യുവജനകമ്മീഷന്‍ യുവജനദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു.
കൊച്ചി : കേരള കത്തോലിക്കാസഭ യുവജന ദിനാഘോഷങ്ങളുടെ ഭാഗമായി വരാപ്പുഴ അതിരൂപത യുവജന കമ്മീഷന്റെയും കെസിവൈഎം, സി എല്‍ സി, ജീസസ് യൂത്ത് എന്നിവയുടെയും നേതൃത്വത്തില്‍ വിവിധ ഇടവകകളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.
യുവജനങ്ങള്‍ ദിവ്യബലിക്ക് നേതൃത്വം നല്‍കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ഫ്‌ലാഷ് മോബുകള്‍ അവതരിപ്പിക്കുകയും ചെയ്തു. ആശിര്‍ഭവനില്‍ യുവജന കമ്മീഷന്റെ ഓഫീസില്‍ വച്ച് യുവജന നേതാക്കളും ഫെറോന യൂത്ത് കോര്‍ഡിനേറ്റേഴ്‌സും ഒരുമിച്ചു കൂടുകയുണ്ടായി. അതിരൂപത സഹായമെത്രാന്‍ അഭിവന്ദ്യ ആന്റണി വാലുങ്കല്‍ പിതാവ് യുവജന ദിന സന്ദേശം നല്‍കി.
വിശ്വാസപരിശീലന കമ്മീഷന്‍ വാര്‍ത്തകള്‍ – ജൂലൈ 13
2025 ജൂബിലി വർഷത്തിൽ വി. മർക്കോസിൻ്റെ സുവിശേഷം നാം എഴുതുന്നു
1. 16 അധ്യായങ്ങളിൽ 678 വാക്യങ്ങൾ മാത്രമേ ഉള്ളു
2. A 4 സൈസ് പേപ്പറിലോ ബൈൻഡ് ചെയ്‌ത ബുക്കിലോ എഴുതാം
3. പേപ്പർ ലൈൻ ഉള്ളതോ ഇല്ലാത്തതോ ആകാം
4. പേപ്പറിൻ്റെ ഇരുവശങ്ങളിലും മുകളിലും താഴെയും 1 CM സ്ഥലം വിട്ട് എഴുതണം
5. സുവിശേഷത്തിൻ്റെ ആമുഖം, അധ്യായം, വാക്യം, ശീർഷകങ്ങൾ എന്നിവ എഴുതുക
6. ഓരോ പേജിലും നമ്പറും അധ്യായം ഏതെന്നും എഴുതണം
7. പുസ്‌തകം ബൈബിൾ പോലെ ബൈൻഡ് ചെയ്യുന്നത് നന്നായിരിക്കും
8. പുറംചട്ടയിൽ വി.ബൈബിൾ, വി. മർക്കോസിൻ്റെ സുവിശേഷം എന്ന് എഴുതുക
9. സുവിശേഷം ഓഗസ്റ്റ് 15 നു ഇടവകയിൽ മാതാവിൻ്റെ സ്വർഗ്ഗാരോപണ തിരുനാളിൽ നിരനിരയായി അൾത്താരയിൽ സമർപ്പിക്കണം
10. നിങ്ങളുടെ പേര് ആദ്യപേജിൽ എഴുതണം
11. സെപ്റ്റംബർ 21നു വല്ലാർപാടം ബസിലിക്ക അങ്കണത്തിൽ വച്ച് നടത്തപ്പെടുന്ന ‘സുവിശേഷദീപം’ – വി. മർക്കോസ് കയ്യെഴുത്തു സംഗമത്തിൽ വിശുദ്ധ സുവിശേഷവുമായി വരണം
12. വി. ബൈബിൾ എഴുതുമ്പോൾ പ്രാർത്ഥിച്ച് ഒരുങ്ങി പ്രത്യേക നിയോഗം വച്ച് എഴുതുക
13. ലഭിച്ച അനുഗ്രഹങ്ങൾ ഇടവകയിൽ കൃതജ്ഞംതയായി എഴുതി നൽകുക
14. ഓരോ അധ്യായത്തിൽ നിന്നും ഒരു വചനം കാണാതെ പഠിക്കുക
പി.ടി.എ സംഘടന രൂപീകരണം – അതിരൂപത തലം
ജൂലൈ 20 ന് ESS ല്‍ വച്ച് പിടിഎ ഭാരവാഹികളുടെ ഒരു മീറ്റിംഗ് സംഘടിപ്പിക്കുന്നു. ജൂലൈ 20 ഉച്ചയ്ക്ക് 2 മണിക്ക്. എല്ലാ പിടി എ ഭാരവാഹികളും നിര്‍ബന്ധമായും ആ മീറ്റിങ്ങില്‍ പങ്കെടുക്കണം