ഈലോക മുറിയുടെ വാതിൽ തഴുതിട്ട് താക്കോൽ തിരിച്ചേൽപ്പിച്ചു ഹെൻട്രി ചേട്ടൻ എന്ന സി.ജെ. ആന്റണി ഹെൻട്രി യാത്രയായി .

.ഈലോക മുറിയുടെ വാതിൽ തഴുതിട്ട് താക്കോൽ തിരിച്ചേൽപ്പിച്ചു ഹെൻട്രി

ചേട്ടൻ എന്ന സി.ജെ. ആന്റണി ഹെൻട്രി യാത്രയായി . 

 

കൊച്ചി : ഈലോക മുറിയുടെ വാതിൽ തഴുതിട്ട് താക്കോൽ തിരിച്ചേൽപ്പിച്ചു ഹെൻട്രി ചേട്ടൻ എന്ന സി.ജെ. ആന്റണി ഹെൻട്രി യാത്രയായി . ജീവിതസാക്ഷ്യം കൊണ്ട് പ്രഘോഷിച്ച , ആ “സ്വർഗ്ഗീയ കാനാൻ ” ദേശത്തേക്ക്.ഹെൻട്രി ചേട്ടൻ പലർക്കും ഒരു കടംകഥയാണ്. പാലാരിവട്ടത്തെ ഇപ്പോഴത്തെ പോലീസ് സ്റ്റേഷനിൽ ഇരിക്കുന്ന സ്ഥലത്തുണ്ടായിരുന്നു സഹോദരി പ്രദർശനി ഗ്രന്ഥശാലയിൽ ലൈബ്രേറിയനായി സേവനം തുടങ്ങിയ സി.ജെ. ഹെൻട്രി , കാവി ജുബ്ബയും മുണ്ടും നെഞ്ചോളം നീണ്ട താടിയുമായി തൻറെ പൊതുപ്രവർത്തനം ആരംഭിച്ചതാണ്. ഒത്തിരി ഏറെ പേരേ വായനയുടെ അക്ഷരവെളിച്ചത്തിലേക്ക് നയിച്ച അദ്ദേഹം, പാലാരിവട്ടം സെന്റ് .ജോൺ. ദി .ബാപ്റ്റിസ്റ്റ് ഇടവകയിലേക്ക് സഭാ- സമുദായ പ്രവർത്തനത്തിലേക്ക് കടന്നുവരുന്നത് ജോസഫ് ഓലപുറത്ത് അച്ഛൻറെ കാലഘട്ടത്തിലാണ്.

അന്നത്തെ സി .വൈ . എമ്മിൽ പ്രവർത്തനമാരംഭിച് , യുവജന സംഘടനയെ അതിൻറെ ഉയരങ്ങളിലെത്തിക്കാനുള്ള അദ്ദേഹത്തിൻറെ പങ്ക് പ്രശംസനീയമാണ്.

കേരളത്തിൽ ആദ്യമായി / ഒരു പക്ഷേ, അവസാനമായും ഒരു പള്ളിയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു യുവജന സംഘടനയ്ക്ക് സർക്കാരിൽനിന്ന് വിദ്യാഭ്യാസ ഗ്രാൻഡ് വാങ്ങി പ്രവർത്തിക്കാനുള്ള സൗകര്യം ഉണ്ടാക്കാനുള്ള അദ്ദേഹത്തിന്റെ അക്ഷിണശ്രമങ്ങൾ ശ്ലാഘനീയമാണ് . ഈ “വിദ്യാമന്ദിർ ” – ൽ നിന്ന് പത്താം ക്ലാസ് തോറ്റ വിദ്യാർത്ഥികൾ ,മികച്ച വിജയം വരിച്ച്, ജീവിതത്തിൽ വിജയം നേടിയവർ ഇന്ന് വിവിധ മേഖലകളിൽ വളരെ പേരുണ്ട്. അഡൽട്ട് എഡ്യുക്കേഷനിലൂടെ ജീവിതത്തെ വഴി തിരിച്ചു വിട്ടവരും, ട്യുഷനായി വിദ്യ സ്വീകരിച്ചവരും നിരവധി . “പെൻറഗൺ” എന്ന പേരിൽ അറിയപ്പെട്ട അഞ്ചുപേരാണ് വിദ്യാ മന്ദിറിന്റെ അസ്ഥിവാരം ആയി പ്രവർത്തിച്ചത്. പി.എ.ജോൺസൺ (റിട്ട.. ഡി വൈ എസ് പി . ) എം. എ .ജോസഫ് (റിട്ട..കെ.എസ്.ആർ ടി.സി.) കെ.വി. ജോസഫ് (ഫോട്ടോഗ്രാഫർ ) ഇലവുങ്കൽ ജോസഫ് , സി.ജെ. ഹെൻട്രി . പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകിയ പെന്റഗൺ ടീം, സി വൈ എം ന്റെ വിദ്യാഭ്യാസ / സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തുന്നതിൽ നേതൃത്വം നൽകി.നിരാലംബരായ ഒരു വൃദ്ധന് കെസിവൈഎം , അംഗങ്ങൾ ചായയക്കും സിഗരറ്റിനും ഉപയോഗിക്കുന്ന കാശ് പെട്ടിയിൽ നിക്ഷേപിച്ച് സ്വരുക്കൂട്ടിയ പണം കൊണ്ട് “വറുതുവല്യപ്പനെ ” അഞ്ചുവർഷക്കാലം മരുന്നും ഭക്ഷണവും നൽകി സംരക്ഷിച്ച ചരിത്രവും സി.വൈ.എമ്മിന് ഉണ്ട് . അങ്ങനെ തുടരുന്ന … കലാ, സംസ്ക്കാരിക, കായിക…. പ്രതിഭകളുടെ മൂശയായപ്പോഴും , അരികുവൽക്കരിക്കപ്പെട്ടവരോട് പക്ഷം ചേരൽ,……. പി.ജെ. മാനുവലിന്റെ (പോരാട്ടം കൺവിനറായിരുന്നു ) നേതൃത്വത്തിൽപ്രതിഷേധങ്ങൾ ……. പ്രതികരണങ്ങൾ …… എവിടെയും….. സി.ജെ. ഹെൻട്രി മുൻപേ പറക്കുന്ന പക്ഷിയായ്.

സമുദായ സംഘടനയായ കെ.എൽ.സി.എ.യുടെ മേഖലാ സെക്രട്ടറിയായിരുന്നപ്പോഴാണ് (പ്രസി. പീറ്റർ മൂഞ്ഞപ്പിള്ളി ) അതിരൂപതയിലെ ഏറ്റവും മികച്ച മേഖലയെന്ന അംഗികാരത്തോടെ സമുദായ സംഘടനയെ കൂടുതൽ പ്രവർത്തന നിരതമാക്കി. അതിരൂപത മാനേജിങ്ങ് കൗൺസിൽ അംഗമായും പ്രവർത്തിച്ചു.

അതിരൂപത മതബോധന രംഗത്തും ശ്രദ്ധേയമായ പ്രവർത്തനമാണ്
ഹെൻട്രിയുടെ സംഭാവന.

എറണാകുളം സി.എ.സി.യിലെ അതിരൂപത മതബോധന കേന്ദ്രത്തിലേക്ക് ഹെൻട്രിയെ കണ്ടെടുത്ത് കൈ പിടിച്ചു കൊണ്ടുപോകുന്നത് മോൺസിഞ്ഞോർ അംബ്രോസ് അറക്കൽ ആണ്. ഹെൻട്രിയെ അതിരൂപത സേവനത്തിനൊപ്പം, പിന്നീട്, കേരളത്തിലെ മിക്ക രൂപതകളിലും മതബോധനത്തെക്കുറിച്ചുള്ള ക്ലാസ്സുകൾക്കായി അദ്ദേഹത്തെ നിയോഗിച്ചു. ഇന്ന് ലത്തിൻ രൂപതകൾ ഉപയോഗിക്കുന്ന കെ.ആർ.എൽ.സി.സി.യുടെ മതബോധന ടെക്സ്റ്റ് (ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ്സ് വരെ) രൂപപ്പെടുത്തുന്നതിൽ ഡോ: സ്റ്റാൻലി അച്ചനോടൊപ്പം ശ്രദ്ധേയമായ പങ്കാളിത്തം വഹിച്ചു.അതിരൂപത മതബോധനത്തിൽ ഇന്നുകാണുന്ന പല നവീനമായ മാറ്റങ്ങളിലും ഹെൻട്രിയുടെ നിർണായകമായ വീക്ഷണങ്ങൾ ഉണ്ട് എന്നത് നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണ്. പ്രമോട്ടർമാരുടെ സന്ദർശനം, ഓരോ യൂണിറ്റുകളിലേയും രേഖകൾ പരിശോധന, ഒരിടവകയിൽ നിന്ന്‌ മറ്റൊരു ഇടവകയിലേക്കുള്ള വിടുതൽ സർട്ടിഫിക്കറ്റ് (T.C.) നല്ല യൂണിറ്റിനുള്ള മാനദണ്ഡങ്ങൾ , ഓരോ അധ്യാപകനും കോഴ്സിൽ പങ്കെടുക്കേണ്ട അനിവാര്യത, ക്ലാസ് നോട്ടുകൾ, പഠനോപകരണങ്ങൾ…. ……തുടങ്ങി നിരവധിയായ പുതിയ ആശയങ്ങൾക്കു പിന്നിൽ കാലാകാലങ്ങളിലെ ഡയരക്ടരോടൊപ്പം,സി.ജെ. ഹെൻട്രിയുടെ അക്കാദമിക് വീക്ഷണവുമുണ്ട്.

കെ.സി.എസ്.എൽ. ന്റെ പ്രസിഡന്റായി ഫാ: യേശുദാസ് പഴംമ്പിള്ളിയോടൊത്ത് ഹെൻട്രി പ്രവർത്തിച്ചു. വളരെ ചിട്ടയായ മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കാൻ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ കഴിഞ്ഞു. റാലി, മത്സര പങ്കാളിത്തം, ക്യാമ്പ് , യൂണിറ്റുകളുടെ ആരoഭം, പ്രവർത്തന ഏകോപനം, ഉപരി ക്രൈസ്തവ വിശ്വാസം …. ….. തുടങ്ങിയവയെല്ലാം സജീവത നിലനിർത്താൻ അദ്ദേഹത്തിന്റെ നേതൃത്വത്തിനു കഴിഞ്ഞു.

കേരളത്തിൽ ആദ്യമായി (അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങൾ ) കുടുംബയോഗങ്ങൾ ആരംഭിക്കുന്നതിൽ നിർണായകമായ പങ്കാളിത്തവും ഹെൻട്രിക്ക് ഉണ്ട് .കേരളത്തിൽ ആദ്യമായി വരാപ്പുഴ അതിരൂപതയിൽ പാലാരിവട്ടം ഇടവകയിൽ 1978 അവസാനം നാളുകളിൽ അടിസ്ഥാനശിലയിട്ട ഈ അൽമായ കുടുംബ കൂട്ടായ്മയ്ക്ക് , നേതൃത്വം കൊടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ശ്ലാഘനീയം ആണ് . ആദ്യമായി രൂപം കൊണ്ട കേന്ദ്ര സമിതിയുടെ പ്രഥമ പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടത് സി.ജെ . ഹെൻട്രി തന്നെ ആയിരുന്നു . (സി.എ.ജോർജ് സെക്രട്ടറി) കുടുംബയോഗങ്ങൾ പ്രാർത്ഥനാ യോഗങ്ങളല്ല, മറിച്ച് ക്രിസ്തീയ ജീവിത രീതിയാണ് എന്ന കുടുംബയോഗങ്ങളുടെ അടിസ്ഥാന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് , സർക്കാരിൽ നിന്ന് വിവിധ ആനുകുല്യങ്ങൾ ഇടവകയിലെ നാനാ മതസ്ഥർക്ക് നല്കുന്നതിൽ അദ്ദേഹം കർമ്മ നിരതനായിരുന്നു. പ്രഥമ കമ്മറ്റിയിൽ പി.ആർ. ഒ. ആയതിനാൽ അദ്ദേഹത്തെ സഹായിക്കാൻ എനിക്കും കഴിഞ്ഞിരുന്നു. പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിന് ബാംഗ്ലൂർ എൻ. ബി .സി . എൽ. സി.യിൽ നടന്ന ആദ്യത്തെ പ്രാദേശിക ഭാഷാ കോഴ്സിൽ B .C. C. കളെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ 10 ദിവസത്തെ കോഴ്സിൽ ഹെൻട്രിയോടൊപ്പം പങ്കെടുക്കാൻ ഈ കുറിപ്പ് എഴുതുന്ന ആൾക്കും ഭാഗ്യമുണ്ടായി. തുടർന്ന് ഇടവകയുടെ കുടുംബ യോഗങ്ങളെ കെട്ടിലും മട്ടിലും ഊർജ്ജസ്വലമാക്കി കൊണ്ട്മോൺ : മാത്യു ചക്കാലക്കലിനും , ഇപ്പോഴത്തെ വികാരി ജനറൽ മോൺ : മാത്യു ഇലഞ്ഞിമറ്റത്തിനൊപ്പം ഇടവകയുടെ നാല് അതിർത്തികളിലും തൻറെ പ്രവർത്തനം ഉത്സാഹപൂർവ്വം തുടർന്നു കൊണ്ടിരിരുന്നു. ഒപ്പം തന്നെ ഹെൻട്രിയും ഇലഞ്ഞിമിറ്റം അച്ചനും ചേർന്നുള്ള ടീം അതിരൂപതയിലെ വിവിധ ഇടവകകളിൽ കുടുംബയോഗങ്ങളുടെ സ്ഥാപനത്തിന് നേതൃത്വം നല്കി. ( ഒപ്പം തന്നെ അഡ്വ: സി.വി. ആന്റണി, മോൺ: ബോസ്ക്കോപനക്കൽ , അഡ്വ: ആന്റെണി അമ്പാട്ട്, ഇവർ രണ്ടാം വത്തിക്കാൻ കൗൺസിലും, കുടുംബ കൂട്ടായ്മകളും എന്ന വിഷയത്തിലും പഠന പരിപാടികൾ നടത്തിയിരുന്നു. ) തുടർന്നുള്ള കാലങ്ങളിൽ അദ്ദേഹത്തിന്റെ സേവനം മറ്റു പല രൂപതകളിലേക്കും വ്യാപിച്ചു. തിരുവനന്തപുരത്തും കോഴിക്കോടും …… തുടങ്ങിയ രൂപതകളിൽ കുടുംബയോഗങ്ങൾ ആരംഭിക്കുന്നതിനും സജീവമാകുന്നതിനും അദ്ദേഹം സദാ പ്രവർത്തന നിരതനായിരുന്നു.

അതിരൂപത ഫാമിലി അപ്പസ്തോലേറ്റിലും അദ്ദേഹത്തിൻറെ സേവനം ഏറെ ശ്രദ്ധേയമാണ് . കോ-ഓർഡിനേറ്ററായി പ്രവർത്തിച്ച അദ്ദേഹം കാലാകാലങ്ങളിൽ പ്രവർത്തിച്ച ഡയറക്ടർമാർക്കൊപ്പം ശ്രദ്ധേയമായ പരിപാടികൾക്ക് നേതൃത്വം നൽകി. അതുവഴി ഓരോ ഇടവകയിലെയും കുടുംബയോഗങ്ങൾ കൂടുതൽ ഉന്മേഷത്തോടെ പ്രവർത്തന സജ്ജമായി.ഫാമിലി അപ്പസ്തോലേറ്റിന് ആദ്യമായി നിയമാവലി എഴുതി ഉണ്ടാക്കുന്നതും ഹെൻട്രിയാണ് . പാലാരിവട്ടം ഇടവകയിൽ അദ്ദേഹം തയ്യാറാക്കിയ നിയമാവലിയുടെ പ്രസക്തഭാഗങ്ങൾ തന്നെയാണ് അതിരൂപതാ തലത്തിലും ആദ്യത്തെ നിയമാവലിയായി വന്നത്.ഓരോ ഇടവകകളിലും അഗാപ്പെ – പോലെയുള്ള കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകി. റവ:ഡോ. സ്റ്റിഫൻ ആലത്തറ ഡയരക്ടറായിരുന്നപ്പോഴാണ് ഏതാണ്ട് 40 പേരടങ്ങുന്ന റിസോഴ്സ് ടീമിനെ ഹെൻട്രിയുടെ നേതൃത്വത്തിൽ രൂപികൃതമാക്കുന്നത്. പുതുമകളോടെ കുടുംബയോഗ ഭാരവാഹികൾക്കുള്ള ഏക ദിന രൂപത, മേഖലാ, ബ്ലോക് , കൺവെൻഷനുകളും ഇക്കാലത്ത് സജീവമായിരുന്നു.

വളരെ ഏറെ വ്യക്തികളെയും കുടുംബങ്ങളെയും ആരുമറിയാതെ സാമ്പത്തികമായും അല്ലാതെയും സഹായിക്കുന്ന ഒരു കാരുണ്യമുള്ള മനസ്സായിരുന്നു അദ്ദേഹത്തിന്റത് . എല്ലാ ഓണം ക്രിസ്തുമസ് ഈസ്റ്റർ നാളുകളിൽ അദ്ദേഹത്തിന് നേരിട്ടറിയാവുന്ന പല കുടുംബങ്ങൾക്കും ഭക്ഷണമായും , പണമായും അദ്ദേഹം സഹായിച്ചിരുന്നു. അർത്തുങ്കൽ , വൈപ്പിൻ ,അരൂർ, ആലുവ ,പുക്കാട്ടുപടി, തുടങ്ങിയ പല സ്ഥലങ്ങളിലും അദ്ദേഹം സഹായം എത്തിച്ചിരുന്നു. ഒപ്പം മാസാമാസങളിൽ ചിലർക്ക് കൃത്യമായി മണി ഓർഡറുകളും . സാമ്പത്തികം, തൊഴിൽ, മാനസികമായ പിന്തുണ, വിവാഹം, രോഗാവസ്ഥ, തുടങ്ങിയ വിവിധ സഹായങ്ങൾ നല്കിയതിന് സാക്ഷിയാണ് , എറണാകുളം സെന്റ് തെരേസാസിലെ സിസ്റ്റർ കാരിത്താസും, മതബോധന വിഭാഗത്തിലെ കറുത്തേടം സ്വദേശിയായ സേവ്യർ ചേട്ടനും . പലർക്കും അദ്ദേഹം പരിജയപ്പെടുന്ന സുഹൃത്തുക്കൾ വഴി പലജോലികൾ തരപ്പെടുത്തി കൊടുത്തിട്ടുള്ളതും ഇടതു കൈ അറിയാതെ വലതു കൈ കൊടുക്കുന്ന ക്രിസ്തു ശൈലിക്ക് മകുടോദാഹരമത്രേ.

കേവലം ശമ്പളം മേടിക്കുന്ന ക്ലർക്കായിരുന്നില്ല ഹെൻട്രി . അതിനപ്പുറത്ത് അക്കാദമിക് കാര്യങ്ങളിലും, അച്ചടക്കത്തിന്റെ കാര്യത്തിലും , ഓരോ അദ്ധ്യാപക- അനദ്ധ്യാപകന്റെ ജോലി ഉറപ്പാക്കി ഡിവിഷനുകൾ നിലനിർത്തുന്നതിലും , അർഹതപ്പെട്ട അവകാശങ്ങളും , അംഗികാരവും കൃത്യമായി ഓരോരുത്തർക്കും വാങ്ങി കൊടുക്കുന്നതിലും അദ്ദേഹം കണിശക്കാരനായിരുന്നു. തന്റെ സർവ്വിസ് കാലഘട്ടത്തിൽ രാവേറെ ചെന്നാലും , തുടങ്ങിയ ജോലി ചെയ്തു തീർത്ത് സ്റ്റാഫ് റൂമിൽ കിടന്നുറങ്ങിയ അവസരങ്ങളും ഒട്ടനവധി.ഉപരി ഒരു വിദ്യാലയാന്തരീക്ഷം എങ്ങനെ ജീവനുള്ളതാക്കാം എന്നതിന് വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. സ്ക്കൂളിൽ അദ്ദേഹം ജോലിക്കാരനായിരുന്നില്ല , മറിച്ച് “തൊഴിൽ എന്നത് , തന്നിലർപ്പിച്ച വിശ്വാസത്തിന്റെ , സത്യസന്ധമായ പൂർത്തീകരണമായിരുന്നു “എന്നതായിരുന്നു ഹെൻട്രിയുടെ ആപ്ത വാക്യം.

പാലാരിവട്ടം ഇടവക, പുതിയപള്ളി നിർമ്മാണത്തിലും അദ്ദേഹം നിറഞ്ഞ സേവന സഹകരണമാണ് പുലർത്തിയത്. അക്കാലയളവിലാണ് അദ്ദേഹത്തിന്റെ ജോലിയിൽ നിന്ന് , അദ്ദേഹവും സുഹൃത്ത് വിൽസണും ത്രോൺ ഔട്ടാകുന്നത്. വരുമാനമില്ലാത്ത ആ സാഹചര്യത്തിൽ, ഓലപ്പുറത്തച്ചനോട് ചായക്കാശ് തന്നാൽ മതിയെന്ന നിബന്ധനയിൽ ചെറിയ ജോലികൾ കരാറെടുത്ത്, രാത്രികാലങ്ങളിൽ കപ്യാർ ഫ്രാങ്കിളിനുമായി , മൂന്നുപേരും ചേർന്ന് പള്ളി നിർമ്മാണത്തിനു വേണ്ടുന്ന സാമഗ്രകികൾ ചുമന്നടുപ്പിക്കുകയും മേൽക്കുരയ്ക്കു വേണ്ടുന്നവ പെയിന്റടിക്കുകയും ഒക്കെ ചെയ്തു. എല്ലാമറിഞ്ഞിരുന്ന ഓലപ്പുറത്തച്ചൻ ചോറിനു കാശു നല്കി എന്നത് ഹെൻട്രിയുടെ ഫലിതത്തിൽ പൊതിഞ്ഞ മറുപടി.

നല്ലൊരു ഗായകനായ അദ്ദേഹം “ഭജൻ ” ഏറെ ഇഷ്ടപ്പെട്ടിരുന്നു , കുടെ നിത്യേനയുള്ള യോഗയും. ഒപ്പം ഭാരതീയ പുജയുടെ പ്രചാരകനുമായിരുന്നു.

സി.ജെ ഹെൻട്രി അറിവും അനുഭവവും കൈമുതലായ തികഞ്ഞ വ്യക്തിത്വത്തിന് ഉടമയായിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിൽ, സഭാ പ്രബോധനങ്ങൾ, കത്തോലിക്കാ സഭയുടെ മതബോധനം, സഭയുടെ സാമൂഹ്യ പഠനങ്ങൾ …… തുടങ്ങി വിവിധ വിഷയങ്ങളിൽ ആഴത്തിലുള്ള അറിവിനുടമയായിരുന്നു. പി.ഒ.സി.യിൽ ഉൾപ്പെടെ കേരളത്തിനകത്തും പുറത്തുമായി നിരവധി കോഴ്സുകളിൽ അദ്ദേഹം പഠിതാവായും, അദ്ധ്യാപകനായും പങ്കാളിയായി.

കുറിച്ചിടാൻ നിരവധി….. അക്ഷരങ്ങൾക്കു എന്തോ ,ഒരു മണ്ണിലേക്കു പതിച്ച ഒരിലയുടെ തേങ്ങലിന്റെ നേർത്ത സ്വരം …..

ജിവിതത്തിന്റെ അവസാന വർഷങ്ങളിൽ ഒറ്റപ്പെടലിന്റെ ഒരു ഏകാന്തത അദ്ദേഹത്തിനു ചുറ്റും ഉയർന്നു നിന്നു. എവിടെയൊക്കെയോ ചെറിയ ചെറിയ നൊമ്പരത്തിന്റെ തേങ്ങലുകൾ……. ഒരു ദിനം എല്ലാം അവസാനിപ്പിച്ച് വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ അദ്ദേഹമൊതുങ്ങി. 2015 ൽ അതിരൂപത സിനഡിന്റെ മുഖ്യ സഹായിയായി സ്റ്റാൻലി അച്ചൻ ക്ഷണിച്ചപ്പോഴും അദ്ദേഹം പല തവണ സ്നേഹത്തോടെ ആ ക്ഷണം നിരസിച്ചു. കൊച്ചു കൊച്ചുവേദനകൾക്കിടയിലും ….. ആ ക്ഷണത്തിനു മുൻപിൽ അദ്ദേഹത്തിന്റെ മനസ്സു പറഞ്ഞു, “എല്ലാം പൂർത്തിയായി “.

സദാ പുഞ്ചിരിയും , പ്രവാചകധീരതയും നിറഞ്ഞു നിന്ന സി.ജെ. ഹെൻട്രി എന്ന പകരം വെയ്ക്കാൻ ഇല്ലാത്ത ഹെൻട്രി സാറിന് കൈ മുതലായുണ്ടായത് വളയാത്ത നട്ടെല്ലും കുനിയാത്ത ശിരസ്സുമായിരുന്നു….. ഒരു അത്മായ നേതാവ് സഭയിലും സമുദായത്തിലും എങ്ങിനെ ഒരു വിമർശകനാകണം , ഒപ്പം നിൽക്കണം എന്നതിന്റെ മകുടോദാഹരണമായി മാറുകയായിരുന്നു സി.ജെ. ഹെൻട്രിയുടെ ജീവിത സാക്ഷ്യം.

 

ഓർമ്മകൾക്കു മുന്നിൽ ഒരു പിടി കണ്ണിർ പൂക്കളോടെ…

– – ലൂയിസ് തണ്ണിക്കോട്ട്


Related Articles

ലത്തീന്‍ കത്തോലിക്കര്‍ സ്വയം പര്യാപ്തരാകണമെന്ന് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍

ലത്തീന്‍ കത്തോലിക്കര്‍ സ്വയം പര്യാപ്തരാകണമെന്ന് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍   എറണാകുളം : അര്‍ഹിക്കുന്ന അവകാശങ്ങള്‍ക്ക് വേണ്ടി ന്യായവാദങ്ങള്‍ ഉന്നയിക്കുക മാത്രമല്ല, ആത്മാര്‍ത്ഥമായ പരിശ്രമത്തിലൂടെയും സ്ഥിരോത്സഹത്തിലൂടെയും

സഭാവാര്‍ത്തകള്‍ – 03 . 09. 23

    സഭാവാര്‍ത്തകള്‍- 03.09.23       വത്തിക്കാൻ വാർത്തകൾ പാപ്പാ മംഗോളിയയിലെത്തി. “പ്രത്യാശയോടെ ഒരുമിച്ച്” എന്ന ആപ്തവാക്യവുമായി മംഗോളിയ റിപ്പബ്ലിക്കിലേക്കു ആഗസ്റ്റ് 31 മുതൽ

എല്ലാവരും ഒരേ മനസ്സോടെ ഏക ലക്ഷ്യത്തിലേക്ക് നടത്തുന്ന യാത്രയാണ് സിനഡ്: ആർച്ചുബിഷപ്പ് കളത്തിപ്പറമ്പിൽ

എല്ലാവരും ഒരേ മനസ്സോടെ ഏക ലക്ഷ്യത്തിലേക്ക് നടത്തുന്ന യാത്രയാണ് സിനഡ്: ആർച്ചുബിഷപ്പ് കളത്തിപ്പറമ്പിൽ കൊച്ചി : പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ ആഗോള സഭയിൽ പ്രഖ്യാപിച്ചിട്ടുള്ള മെത്രാൻമാരുടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<