കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി സമാപിച്ചു

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി സമാപിച്ചു.

 

കൊച്ചി : 2024 ജനുവരി 13, 14 തീയതികളില്‍ എറണാകുളം ആശിര്‍ഭവനില്‍ ചേര്‍ന്ന കേരള ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ  ( കെആര്‍എല്‍സിസി) 42-ാം ജനറല്‍ അസംബ്ലി സമാപിച്ചു. 12 രൂപതകളില്‍ നിന്നുള്ള മെത്രാന്മാരും രൂപതാ പ്രതിനിധികളും സന്ന്യസ്ത സഭാ-അല്മായ സംഘടനാ പ്രതിനിധികളും ലത്തീന്‍ സമൂഹത്തിലെ ജനപ്രതിനിധികളും സംബന്ധിച്ചു. വിജയപുരം രൂപത നിയുക്ത സഹായമെത്രാന്‍ ഡോ. ജസ്റ്റിന്‍ മഠത്തില്‍പ്പറമ്പിലിനെ അസംബ്ലി അനുമോദനം അറിയിച്ചു.

പിന്നോക്ക അവസ്ഥ എന്നതിലുപരി നമ്മുടെ കഴിവും ശക്തിയും പരസ്പരം ഉപയോഗിച്ച് സമൂഹത്തിലും സമുദായത്തിലും ഒറ്റ ശബ്ദമായി, മുന്നേറണമെന്ന് കോട്ടപ്പുറം രൂപത  നിയുക്ത ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ പറഞ്ഞു. ആഗോള സഭയോടൊപ്പം കേരള ലത്തീന്‍ സഭ – നമ്മുടെ കുടുംബങ്ങളും കുടുംബ യൂണിറ്റുകളും ഇടവകകളും രൂപതകളും സിനഡാത്മക ജീവിത ശൈലിയിലേക്ക് വളരണമെന്ന് സിനഡാത്മക ശൈലിയും കേരള ലത്തീന്‍ സഭയും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല വ്യക്തമാക്കി. ആത്യന്തികമായി ഓരോ വിശ്വാസിയിലും ഈ ആന്തരിക പരിവര്‍ത്തനം തന്റെ കാഴ്ചപ്പാടിലും അനുദിന ജീവിതശൈലിയിലും കൊണ്ടുവരണം.
കരുതലോടെ ശ്രവിക്കുക എന്നത് യഥാര്‍ത്ഥ സിനഡാത്മക ശൈലിയാണ്. ശാന്തതയോടെ ശ്രവിച്ചുനില്ക്കാനുള്ള സിദ്ധി സിനഡു സമ്മാനിക്കുന്ന അനര്‍ഘ നിധിയാണ്. പുതിയ തലമുറയിലെ മക്കളുടെ പ്ലാനുകളും പദ്ധതികളും സ്വപ്നങ്ങളും തിരിച്ചറിയാനാവാത്ത മാതാപിതാക്കന്മാരും സംഘടനാ ഭാരവാഹികളും വികാരിമാരും ബിഷപ്പുമാണ് നമ്മില്‍ പലരും. അവരുടെ ഭാഷ, പുത്തന്‍ ശൈലി എന്നിവയെല്ലാം തൊട്ടുമുന്‍പിലത്തെ തലമുറയ്ക്ക് അഗ്രാഹ്യമായി മാറുന്നു. അവ അരോചകമാകാതെ പരസ്പരം മനസ്സിലാക്കാനുള്ള പരിശ്രമമാണ് വേണ്ടത്. പുത്തന്‍ തലമുറയുടെ ചിന്തകളും ചെയ്തികളും വാട്‌സ്അപ്പ്, ട്വിറ്റര്‍ സന്ദേശങ്ങളും ഇമോജികളും എന്തിന് സംസാരം പോലും മനസ്സിലാക്കാനാവാതെ പകച്ചുനില്ക്കുന്ന ഒരു കൂട്ടം പേര്‍ നമുക്കുചുറ്റുമുണ്ട്. ജനറേഷന്‍ ഗ്യാപ് അഥവാ തലമുറകള്‍ തമ്മിലുള്ള അന്തരത്തിന്റെ മുമ്പില്‍ പ്രകോപിതരാകുന്നവരും പതറിവീഴുന്നവരും നിശ്ശബ്ദരാകുന്നവരുമൊക്കെ നമ്മുടെ കൂടെ ഉണ്ട്. യുവതലമുറയുടെ വിശ്വാസ സമൂഹത്തിലെ അനന്തസാധ്യതകള്‍ കണ്ടെത്തലാണ് സിനഡാത്മകത. നമ്മുടെ രൂപതകളിലും ഇടവകകളിലും അടിസ്ഥാന ക്രൈസ്തവ സമ്മേളനങ്ങളിലും വിവിധ സംഘടനകള്‍പോലുള്ള സംവിധാനങ്ങളിലും താന്താങ്ങളുടെ ശുശ്രൂഷയും വിളിയുമനുസരിച്ച് അര്‍പ്പണത്തോടെ എല്ലാ ക്രൈസ്തവരും പ്രവര്‍ത്തിക്കുമ്പോഴാണ് സിനഡാത്മകത കേരള ലത്തീന്‍ സമൂഹത്തില്‍ വേരുപാകി, പടര്‍ന്നു പന്തലിച്ചു, ഫലദായകമായി മാറുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

സമാപന ദിനമായ  (14. 01.24) ഞായറാഴ്ച ബിസിനസ് സെഷനില്‍ മുന്‍ ജനറല്‍അസംബ്ലി റിപ്പോര്‍ട്ട്, കെആര്‍എല്‍സിസി പ്രവര്‍ത്തനറിപ്പോര്‍ട്ട്, രാഷ്ട്രീയകാര്യസമിതി റിപ്പോര്‍ട്ട് എന്നിവ അവതരിപ്പിച്ചു. ലത്തീന്‍ കത്തോലിക്കരുടെ സാമൂഹിക – രാഷ്ട്രീയ സമീപനം ജനറല്‍ അസംബ്ലിയുടെ പ്രസ്താവന അവതരിപ്പിച്ചു. കെആര്‍എല്‍സിസിയുടെ പുതിയ ഭാരവാഹികളെ അസംബ്ലി തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാര്‍- ജോസഫ് ജൂഡ് (വരാപ്പുഴ അതിരൂപത), ബെഥനി സിസ്റ്റേഴ്‌സ് ദക്ഷിണ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജൂഡി വര്‍ഗീസ് ബി.എസ്, സെക്രട്ടറിമാര്‍ – പാട്രിക് മൈക്കിള്‍ (തിരുവനന്തപുരം), മെറ്റില്‍ഡ മൈക്കിള്‍ (കൊച്ചി), പ്രഭലദാസ് ( നെയ്യാറ്റിന്‍കര), ട്രഷറര്‍ – ബിജു ജോസി (ആലപ്പുഴ). സ്ഥാനം ഒഴിഞ്ഞ ഭാരവാഹികള്‍ക്ക് യോഗം നന്ദി അറിയിച്ചു. കെആര്‍എല്‍സിസി അധ്യക്ഷന്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിന്റെ സമാപനസന്ദേശത്തോടെ അസംബ്ലി സമാപിച്ചു.

 

—————–
വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചവര്‍
കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, കെആര്‍എല്‍സിസി വൈസ്പ്രസിഡന്റും സമുദായ വക്താവുമായ ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, അസോസിയേറ്റ് ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു അറക്കത്തറ,കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, സെക്രട്ടറിമാരായ പാട്രിക് മൈക്കിള്‍, മെറ്റില്‍ഡ മൈക്കിള്‍, പ്രഭലദാസ്, ട്രഷറര്‍ ബിജു ജോസി, സിഎസ്എസ് വൈസ് ചെയര്‍മാന്‍ ബെന്നി പാപ്പച്ചന്‍, കെഎല്‍സിഡബ്ല്യുഎ പ്രസിഡന്റ് ഷേര്‍ളി സ്റ്റാന്‍ലി, കെസിവൈഎം ലാറ്റിന്‍ പ്രസിഡന്റ് കാസി പൂപ്പന, ജീവനാദം ചീഫ് എഡിറ്റര്‍ ജെക്കോബി.


Related Articles

ബിഷപ്പ് ജോസഫ് ജി ഫെർണാണ്ടസ് സാധാരണക്കാരന്റെ മണമുള്ള നല്ല ഇടയൻ – ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ.

ബിഷപ്പ് ജോസഫ് .ജി. ഫെർണാണ്ടസ് സാധാരണക്കാരന്റെ മണമുള്ള നല്ല ഇടയൻ – ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ.     കൊച്ചി : കാലം ചെയ്ത കൊല്ലം

Live ദൈവദാസൻ പ്രഖ്യാപനം 21.1.2020

https://www.facebook.com/keralavaninews/videos/209792936719005/

സഭാ വാർത്തകൾ – 11.06.23

സഭാ വാർത്തകൾ – 11.06.23   വത്തിക്കാൻ വാർത്തകൾ മിഷനറി പ്രവർത്തനത്തിൽ കൊച്ചുത്രേസ്യയുടെ മാതൃക ഉയർത്തിക്കാട്ടി ഫ്രാൻസിസ് പാപ്പാ. ആഗോള മിഷനുകളുടെ സംരക്ഷകയായ ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവിതത്തെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<