കെആര്‍എല്‍സിസി ജനറല്‍ കൗണ്‍സില്‍ ആരംഭിച്ചു.
കെആര്‍എല്‍സിസി ജനറല്‍ കൗണ്‍സില്‍ ആരംഭിച്ചു.
ദേശീയതലത്തിലും സംസ്ഥാനത്തും ജനാധിപത്യ പാരമ്പര്യവും
പൗരാവകാശങ്ങളും ഭരണഘടനാ മൂല്യങ്ങളും ചവിട്ടിമെതിക്കപ്പെടുന്നുവെന്ന്
ആര്‍ച്ച്ബിഷപ് ജോസഫ് കളത്തിപറമ്പില്‍
കൊച്ചി : ന്യൂനപക്ഷങ്ങളെ അപരവത്കരിച്ച് മതസ്വാതന്ത്ര്യവും പൗരാവകാശങ്ങളും സാമൂഹികനീതിയും നിഷേധിക്കുന്നതിന്റെയും സംഘടിതമായ വര്‍ഗീയ അതിക്രമങ്ങളുടെയും പരാതികള്‍ വര്‍ധിച്ചുവരുന്നുവെന്ന് വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഓര്‍മപ്പെടുത്തല്‍.
മണിപ്പുരിലെ ന്യൂനപക്ഷ ക്രൈസ്തവ ഗോത്രവര്‍ഗക്കാര്‍ക്കെതിരെ കഴിഞ്ഞ മേയ് മാസത്തില്‍ ആരംഭിച്ച ഭയാനകമായ വംശീയ അതിക്രമങ്ങള്‍ക്കു അറുതി വരുത്തുന്നതിന് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ എന്തു ചെയ്തു എന്നു ചോദിക്കുന്നതിന് പ്രധാനമന്ത്രിയുടെ വിരുന്നുസല്‍ക്കാരത്തില്‍ പോകണമെന്നില്ല. എത്ര സര്‍വശക്തനായ ഭരണാധികാരിയാണെങ്കിലും ജനങ്ങളോട് ഒരുനാള്‍ സമാധാനം പറയേണ്ടിവരുമെന്ന് ഓര്‍മപ്പെടുത്തല്‍….
കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 42-ാമത് ദിദ്വിന ജനറല്‍ കൗണ്‍സില്‍ യോഗം എറണാകുളത്ത് ആശീര്‍ഭവനില്‍ ആരംഭിച്ചു. കേരളത്തിലെ 12 ലത്തീന്‍ കത്തോലിക്കാ രൂപതകളില്‍ നിന്നും മെത്രാന്മാരും വൈദിക, അല്മായ, സന്ന്യസ്ത പ്രതിനിധികളും അല്മായ സംഘടനാ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയതലത്തിലും സംസ്ഥാനത്തും പ്രാദേശിക തലത്തിലും ജനാധിപത്യ പാരമ്പര്യവും പൗരാവകാശങ്ങളും ഭരണഘടനാ മൂല്യങ്ങളും ചവിട്ടിമെതിക്കപ്പെടുന്നു എന്നത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. കടുത്ത സാമ്പത്തിക ഞെരുക്കത്തിലും അഴിമതിയും സ്വജനപക്ഷപാതവും രാഷ്ട്രീയ അധാര്‍മികതയും വികസനത്തിന്റെ പേരില്‍ കൊടുംചൂഷണവും അരാജകത്വവും ക്രമസമാധാനതകര്‍ച്ചയും സാമൂഹിക ജീവിതത്തെ കലുഷിതമാക്കുന്നു. തീരദേശവാസികളുടെയും ലത്തീന്‍ സമൂഹത്തിന്റെയും പരിദേവനങ്ങളോട് പലപ്പോഴും ഭരണാധികാരികള്‍ പുറംതിരിഞ്ഞുനില്പാണ്. അവകാശങ്ങള്‍ക്കായി ജനാധിപത്യരീതിയില്‍ സമരം ചെയ്യുന്നവരെ രാജ്യദ്രോഹികളെന്നും കൊടുംകുറ്റവാളികളെന്നും മുദ്രകുത്തി ഒരു തത്ത്വദീക്ഷയുമില്ലാതെ അടിച്ചമര്‍ത്തുന്ന ദുരന്തത്തിന് നമ്മുടെ ഇടയില്‍ തന്നെ എത്രയോ ഇരകളുണ്ട്. സാമൂഹികനീതിക്കും അധികാര പങ്കാളിത്തത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള രാഷ്ട്രീയ പോരാട്ടത്തിന്റെ രീതിശാസ്ത്രം പരിഷ്‌കരിക്കേണ്ടതുണ്ടെങ്കില്‍ അതിന് കാലാതീതമായി ചില മാതൃകകള്‍ നമുക്കുണ്ട്.
ഇന്ത്യന്‍ ജനാധിപത്യ റിപ്പബ്ലിക്കിന് അതിനിര്‍ണായകമായ പൊതുതിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സമയമാണ്. നമ്മുടെ ഭരണഘടനയിലെ പ്രതിഷ്ഠാപിത ജനാധിപത്യ മൂല്യങ്ങള്‍ക്കും രാജ്യത്തിന്റെ മതനിരപേക്ഷ അന്തഃസത്തയ്ക്കും നേരെ ഭീഷണി ഉയരുന്ന പ്രക്ഷുബ്ധമായ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ അപരവത്കരിച്ച് മതസ്വാതന്ത്ര്യവും പൗരാവകാശങ്ങളും സാമൂഹികനീതിയും നിഷേധിക്കുന്നതിന്റെയും സംഘടിതമായ വര്‍ഗീയ അതിക്രമങ്ങളുടെയും പരാതികള്‍ വര്‍ധിച്ചുവരികയാണ്. വടക്കുകിഴക്കന്‍ അതിര്‍ത്തി സംസ്ഥാനമായ മണിപ്പുരിലെ ന്യൂനപക്ഷ ക്രൈസ്തവ ഗോത്രവര്‍ഗക്കാര്‍ക്കെതിരെ കഴിഞ്ഞ മേയ് മാസത്തില്‍ ആരംഭിച്ച ഭയാനകമായ വംശീയ അതിക്രമങ്ങള്‍ക്കു അറുതി വരുത്തുന്നതിന് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ എന്തു ചെയ്തു എന്നു ചോദിക്കുന്നതിന് പ്രധാനമന്ത്രിയുടെ വിരുന്നുസല്‍ക്കാരത്തില്‍ പോകണമെന്നില്ല. എത്ര സര്‍വശക്തനായ ഭരണാധികാരിയാണെങ്കിലും ജനങ്ങളോട് ഒരുനാള്‍ സമാധാനം പറയേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വര്‍ഗീയ ധ്രൂവീകരണത്തിന്റെ വിദ്വേഷ പ്രചാരണങ്ങളെ നേരിടാന്‍ സുവിശേഷത്തിന്റെ ഉപ്പും വെളിച്ചവുമാണ് മുഖ്യ പ്രതിവിധികള്‍. ഉപ്പ് ഉറകെട്ടാല്‍, ലവണമില്ലാതായാല്‍, ക്രിസ്തുശിഷ്യത്വത്തിന്റെ ഗുണമേന്മ നഷ്ടപ്പെട്ടാല്‍, മനുഷ്യര്‍ ചവിട്ടിമെതിക്കും. ജീവിതത്തിന്റെ രുചിയാണ് ഉപ്പ്. അത് ചീത്തയാകാതെ സൂക്ഷിക്കും, മുറിവുണക്കും, പരിപോഷിപ്പിക്കും. ആളുകളുടെ ജീവിതം ആസ്വാദ്യകരമാക്കാനും, സമൂഹത്തെ ജീര്‍ണതയില്‍ നിന്നു സംരക്ഷിക്കാനും അഴുകാതെ കാക്കാനും സൗഖ്യം നല്‍കാനും വിശ്വാസത്തിന്റെ ഉപ്പിനു കഴിയുമെന്ന് ആര്‍ച്ച്ബിഷപ് വ്യക്തമാക്കി.
കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു. ഹൃദയത്തില്‍ അഗ്നിയും കാലുകളില്‍ ചിറകും ഉള്ളവരായാലേ സമുദായ മുന്നേറ്റങ്ങളില്‍ നേതൃത്വപരമായ പങ്ക് വഹിക്കാന്‍ കഴിയുകയുള്ളൂ എന്ന് അധ്യക്ഷ പ്രസംഗം നടത്തിയ കെആര്‍എല്‍സിസി അധ്യക്ഷന്‍ ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു.
സമുദായ ശാക്തീകരണവും ഏകോപനവും മുഖ്യലക്ഷ്യമാക്കി ആരംഭിച്ച കെആര്‍എല്‍സിസി സമുദായംഗങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനായി അക്ഷീണം പ്രയത്നിക്കുകയാണ്. വിഴിഞ്ഞത്തും മുതലപ്പൊഴിയിലും നാമുയര്‍ത്തിയ ജനകീയ ആവശ്യങ്ങള്‍ ഇതുവരെയും പിന്‍വലിച്ചിട്ടില്ല. ചിലയിടങ്ങളില്‍ സമുദായ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഓഫീസുകളില്‍ പോയാല്‍ തട്ടി കളിക്കുന്ന പ്രവണതയാണ് ഇന്നും. ബിഷപ്പിന്റെ കത്തിന് വില കല്‍പ്പിക്കുന്നില്ല. ആഗ്ലോഇന്ത്യന്‍ സമൂഹത്തിനും ദളിത് സമൂഹത്തിനും ലഭിക്കേണ്ട അര്‍ഹമായ പരിഗണനകള്‍ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശികമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കണം. ഇക്കാര്യങ്ങളെല്ലാം ഡിസംബര്‍ മാസത്തില്‍ കേരളത്തിലുടനീളം നടത്തിയ ജനജാഗരത്തില്‍ നാം ഉന്നയിച്ചതാണ്. സമുദായ അംഗങ്ങള്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചാല്‍ അര്‍ഹമായ കാര്യങ്ങള്‍ നേടിയെടുക്കാന്‍ നമുക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിന്നോക്ക അവസ്ഥ എന്നതിലുപരി നമ്മുടെ കഴിവും ശക്തിയും പരസ്പരം ഉപയോഗിച്ച് സമൂഹത്തിലും സമുദായത്തിലും ഒറ്റ ശബ്ദമായി, മുന്നേറണമെന്ന് നിയുക്ത ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ പറഞ്ഞു.
ആഗോള സഭയോടൊപ്പം കേരള ലത്തീന്‍ സഭ – നമ്മുടെ കുടുംബങ്ങളും കുടുംബ യൂണിറ്റുകളും ഇടവകകളും രൂപതകളും സിനഡാത്മക ജീവിത ശൈലിയിലേക്ക് വളരണമെന്ന് സിനഡാത്മക ശൈലിയും കേരള ലത്തീന്‍ സഭയും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല വ്യക്തമാക്കി. ആത്യന്തികമായി ഓരോ വിശ്വാസിയിലും ഈ ആന്തരിക പരിവര്‍ത്തനം തന്റെ കാഴ്ചപ്പാടിലും അനുദിന ജീവിതശൈലിയിലും കൊണ്ടുവരണം.
കരുതലോടെ ശ്രവിക്കുക എന്നത് യഥാര്‍ത്ഥ സിനഡാത്മക ശൈലിയാണ്. ശാന്തതയോടെ ശ്രവിച്ചുനില്ക്കാനുള്ള സിദ്ധി സിനഡു സമ്മാനിക്കുന്ന അനര്‍ഘ നിധിയാണ്. പുതിയ തലമുറയിലെ മക്കളുടെ പ്ലാനുകളും പദ്ധതികളും സ്വപ്നങ്ങളും തിരിച്ചറിയാനാവാത്ത മാതാപിതാക്കന്മാരും സംഘടനാ ഭാരവാഹികളും വികാരിമാരും ബിഷപ്പുമാണ് നമ്മില്‍ പലരും. അവരുടെ ഭാഷ, പുത്തന്‍ ശൈലി എന്നിവയെല്ലാം തൊട്ടുമുന്‍പിലത്തെ തലമുറയ്ക്ക് അഗ്രാഹ്യമായി മാറുന്നു. അവ അരോചകമാകാതെ പരസ്പരം മനസ്സിലാക്കാനുള്ള പരിശ്രമമാണ് വേണ്ടത്. പുത്തന്‍ തലമുറയുടെ ചിന്തകളും ചെയ്തികളും വാട്സ്അപ്പ്, ട്വിറ്റര്‍ സന്ദേശങ്ങളും ഇമോജികളും എന്തിന് സംസാരം പോലും മനസ്സിലാക്കാനാവാതെ പകച്ചുനില്ക്കുന്ന ഒരു കൂട്ടം പേര്‍ നമുക്കുചുറ്റുമുണ്ട്. ജനറേഷന്‍ ഗ്യാപ് അഥവാ തലമുറകള്‍ തമ്മിലുള്ള അന്തരത്തിന്റെ മുമ്പില്‍ പ്രകോപിതരാകുന്നവരും പതറിവീഴുന്നവരും നിശ്ശബ്ദരാകുന്നവരുമൊക്കെ നമ്മുടെ കൂടെ ഉണ്ട്. യുവതലമുറയുടെ വിശ്വാസ സമൂഹത്തിലെ അനന്തസാധ്യതകള്‍ കണ്ടെത്തലാണ് സിനഡാത്മകത. നമ്മുടെ രൂപതകളിലും ഇടവകകളിലും അടിസ്ഥാന ക്രൈസ്തവ സമ്മേളനങ്ങളിലും വിവിധ സംഘടനകള്‍പോലുള്ള സംവിധാനങ്ങളിലും താന്താങ്ങളുടെ ശുശ്രൂഷയും വിളിയുമനുസരിച്ച് അര്‍പ്പണത്തോടെ എല്ലാ ക്രൈസ്തവരും പ്രവര്‍ത്തിക്കുമ്പോഴാണ് സിനഡാത്മകത കേരള ലത്തീന്‍ സമൂഹത്തില്‍ വേരുപാകി, പടര്‍ന്നു പന്തലിച്ചു, ഫലദായകമായി മാറുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കോട്ടപ്പുറം രൂപതയുടെ നിയുക്ത മെത്രാന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന് സമ്മേളനത്തില്‍ ആശംസകള്‍ നേര്‍ന്നു. ബിഷപ് ഡോ. ക്രിസ്തുദാസ് രാജപ്പന്‍, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, അസോസിയേറ്റ് സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, സെക്രട്ടറിമാരായ പി.ജെ തോമസ്, ട്രഷറര്‍ എബി കുന്നേപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് സ്വാഗതവും സെക്രട്ടറി പുഷ്പ ക്രിസ്റ്റി നന്ദിയും പറഞ്ഞു.
ഡോ. ഗ്രിഗറി പോള്‍, ഡോ. ജോബ് വാഴക്കൂട്ടത്തില്‍, ഡോ. ഷാജി ജര്‍മന്‍ എന്നിവര്‍ അനുബന്ധ പ്രഭാഷണങ്ങള്‍ നടത്തി. ആലപ്പുഴ രൂപത വികാരി ജനറല്‍ മോണ്‍. ജോയി പുത്തന്‍വീട്ടില്‍ മോഡറേറ്റര്‍ ആയിരുന്നു. തുടര്‍ന്ന് കെആര്‍എല്‍സിയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കുകയും ചെയ്തു.
ജനുവരി 14ന് ഞായറാഴ്ച സമാപന സമ്മേളനത്തില്‍ കെആര്‍എല്‍സിസിയുടെ അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കും. രാഷ്ട്രീയപ്രമേയം അവതരിപ്പിച്ച് അംഗീകരിക്കുകയും ചെയ്യും.
കെആര്‍എല്‍സിസി അസോസിയേറ്റ് ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, രാഷ്ട്രീയകാര്യ സമിതിയുടെ ജോയിന്റ് കണ്‍വീനര്‍ അഡ്വ. ഷെറി ജെ തോമസ്, സെക്രട്ടറിമാരായ പി.ജെ തോമസ്, ഷിബു ജോസഫ്, അല്മായ കമ്മീഷന്‍ സെക്രട്ടറി ഫാ. ഷാജ്കുമാര്‍ എന്നിവര്‍ സംസാരിക്കും.
———————————————————-