ഡാനിയേൽ പിതാവിനെ ഓർക്കുമ്പോൾ …

വരാപ്പുഴ അതിരൂപതയുടെ ശ്രെഷ്ഠ മെത്രാപോലിത്ത ആയിരുന്ന അഭിവന്ദ്യ ഡാനിയേൽ അച്ചാരുപറമ്പിൽ പിതാവിന്റെ ദേഹവിയോഗത്തിന്റെ 10 ആം വാർഷികമായിരുന്നു ഒക്ടോബർ 26 നു .നന്ദിയോടെ അദ്ദേഹത്തെ വരാപ്പുഴ അതിരൂപത ഓർക്കുന്നു .

നിഷ്കളങ്കമായി പൊട്ടിച്ചിരിക്കുന്ന പിതാവിന്റെ മുഖമാണ് ആദ്യം ഓർമയിൽ വരുക . ആതമീയതയിൽ നിന്നും രൂപം കൊണ്ട നിശ്ചയദാർഢ്യം ആയിരുന്നു അദ്ദേഹത്തിന്റെ കരുത്ത്‌ .14 വർഷങ്ങൾ അദ്ദേഹം വരാപ്പുഴ അതിരൂപതയുടെ ഇടയനായി സേവനം ചെയ്തു .കേരള സഭയുടെ തലവനായും തന്റെ ദൗത്യം നിർവഹിച്ചു .

പണ്ഡിതനും സാത്വകിനും ആയിരുന്നു അദ്ദേഹം . ചിതറിക്കിടന്നിരുന്ന കേരളത്തിലെ ലത്തീൻ ക്രൈസ്തവരെ കെട്ടുറപ്പിലേക്കു കൊണ്ടുവരുന്നതിന് വേണ്ടി കെ .ആർ. എൽ .സി .സി. എന്ന മഹത്തായ സംവിധാനത്തിന് തുടക്കം കുറിച്ചു .ഇത് കേരള ലത്തീൻ സഭയെ കേരളത്തിലെ സാമൂഹിക – രാഷ്ട്രീയ മണ്ഡലങ്ങളിൽ ഇടപെടാൻ പ്രാപ്തമാക്കി .

വൈപ്പിൻ കരയിലെ ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ താൻ ഉപവാസം ആരംഭിക്കുമെന്നു അദ്ദേഹം ഉറപ്പിച്ചു പറഞ്ഞപ്പോൾ ആ ദിവസങ്ങളിൽ തന്നെ അതിനു പരിഹാരം ലഭിച്ചു എന്നത് അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടലിന്റെ ഏറ്റവും നല്ല ഉദാഹരണം ആണ് .

കോരിച്ചൊരിയുന്ന മഴയും വീശിയടിക്കുന്ന കാറ്റും വകവെയ്ക്കാതെ കടൽ ക്ഷോഭത്തിന്റെ നൊമ്പരം പേറുന്ന തീരദേശ വാസികളുടെ കുടിലുകൾക്കുമുന്പിൽ , അവരെ ആശ്വസിപ്പിക്കാൻ മഴക്കോട്ടും പ്ലാസ്റ്റിക് തൊപ്പിയും ധരിച്ചു നിൽക്കുന്ന ഡാനിയേൽ പിതാവിന്റെ മുഖം നമുക്ക് എളുപ്പം മറക്കാൻ കഴിയില്ല .

മൂലമ്പിള്ളി പദ്ധതിക്ക് വേണ്ടി ജനങ്ങളെ കുടിയിറക്കിയപ്പോൾ ” എന്റെ മക്കളെ വഴിയാധാരമാക്കരുത് അവർക്കു മാന്യമായി ജീവിക്കാൻ മാർഗം ഉണ്ടാകണം” എന്ന് പറഞ്ഞുകൊണ്ട് അവർക്കു വേണ്ടി ആദ്യം ഉയർന്ന ശബ്ദം അദ്ദേഹത്തിന്റേതായിരുന്നു. അത് അധികാര സ്ഥാനത്തുള്ളവരുടെ കണ്ണ് തുറപ്പിച്ചു .മൂലമ്പിള്ളി പാക്കേജ് പുറത്തു വന്നു. എന്നാൽ ഇന്നും അത് പ്രാവർത്തികമാക്കാതെ സർക്കാരുകൾ ഉരുണ്ടുകളിക്കുന്ന കാഴ്ച ദയനീയമാണ് .

വരാപ്പുഴ അതിരൂപതയുടെ വിദ്യാഭ്യാസ വളർച്ചയുടെ നാഴിക ക്കല്ലായ ‘ നവദർശൻ ‘ തുടങ്ങിയത് അദ്ദേഹത്തിന്റെ കാലത്താണ് . ഇത് മറ്റുപലരും മാതൃകയാക്കുകയും ഏറ്റെടുക്കുകയും ചെയ്തു

എത്ര നാൾ ജീവിച്ചു എന്നതിലല്ല ,എങ്ങനെ ജീവിച്ചു എന്നതിലാണ് ജീവിതത്തിന്റെ മഹത്വം എന്ന് അദ്ദേഹം സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു.

ഓർക്കിഡ് പുഷ്പങ്ങൾ പിതാവിന് വളരെ ഇഷ്ടമാണെന്നു അദ്ദേഹത്തെ അടുത്തറിയാവുന്നവർക്കു നന്നായി അറിയാം. പവിത്രമായ ആ ഓർമകൾക്ക് മുൻപിൽ ഒരായിരം ഓർക്കിഡ് പുഷ്പങ്ങൾ ഞങ്ങൾ സ്നേഹപൂർവ്വം
അർപ്പിക്കുന്നു.

ഫാ. മാർട്ടിൻ തൈപ്പറമ്പിൽ


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<