ഭ്രൂണഹത്യ നിയമ ഭേദഗതി അഹിംസയുടെ നാട്ടിലെ തീരാക്കളങ്കം  : ആർച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ

 

കൊച്ചി : ഗർഭഛിദ്ര അനുമതി ഭേദഗതി ചെയ്തുകൊണ്ട് കൂടുതൽ മനുഷ്യജീവനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്നും ജീവന്റെ വിലയെ നിസ്സാരമാക്കി കാണരുത് എന്നും വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ .

കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നൽകിയ ഭ്രുണഹത്യ നിയമ ഭേദഗതിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം . ഗർഭച്ഛിദ്രം നടത്താനുള്ള അനുവദനീയമായ കാലയളവ് ഗർഭധാരണത്തിനു ശേഷം 24 ആഴ്ച്ചയായി ഉയർത്താനുള്ള നിയമഭേദഗതിക്കാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത് .

നിലവിൽ ഗർഭഛിദ്രം നടത്താനുള്ള അനുവദനീയമായ കാലയളവ് 20 ആഴ്ച്ചയാണ്  ഇത് ഭേദഗതി ചെയ്‌തുകൊണ്ടുള്ള മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ഭേദഗതി ബിൽ , 2020 ബജറ്റ് സമ്മേളനത്തിൽ പാർലമെന്റിൽ അവതരിപ്പിക്കും . അഞ്ചു മാസം വരെ ഗർഭഛിദ്രം നടത്താൻ അനുമതി നൽകുന്ന 1971 ൽ പാസാക്കിയ നിയമമാണ് രാജ്യത്തു ഇപ്പോൾ നിലവിലുള്ളത്.   2015 ലെ കണക്കനുസരിച്ചു തന്നെ ഇന്ത്യയിൽ 15 .6 മില്യൺ ഗർഭഛിദ്രം ആ വർഷം നടന്നിട്ടുണ്ട് . ഇപ്പോൾ കേന്ദ്ര ഗവണ്മെന്റ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന നിയമഭേദഗതി പ്രാബല്യത്തിൽ വന്നാൽ ഈ സംഖ്യ ഇരട്ടിയായി വർധിക്കും .

അമ്മയുടെ ഉദരത്തിൽ നിന്നും ഉയരുന്ന കുഞ്ഞുങ്ങളുടെ നിശബ്ദ നിലവിളിക്ക്  നമ്മൾ ഉത്തരവാദികൾ ആയിരിക്കും എന്ന് ആർച്ച്ബിഷപ് ഓർമപ്പെടുത്തി . മനുഷ്യജീവന്റെ മഹത്വം അറിയുന്നവർ ഇതിനെതിരെ രംഗത്തു വരണം . അമ്മയുടെ ഉദരത്തിൽ ഒന്ന് ശബ്‌ദിക്കാൻ പോലുമാവാതെ കുഞ്ഞുങ്ങൾ പിടഞ്ഞു മരിക്കുമ്പോൾ നമ്മൾ നിശബ്ദരായി നോക്കി നിൽക്കരുത് .

വിശുദ്ധ ബൈബിളിൽ ഉല്പത്തിയുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഈ കാലഘട്ടത്തിനുവേണ്ടിയുള്ള മുന്നറിയിപ്പാണ് ,” ഓരോരുത്തനോടും സഹോദരന്റെ ജീവന് ഞാൻ കണക്കു ചോദിക്കും . മനുഷ്യരക്തം ചൊരിയുന്നവന്റെ രക്തം മനുഷ്യൻ തന്നെ ചൊരിയും ; കാരണം എൻ്റെ  ഛായയിലാണ് ഞാൻ മനുഷ്യനെ സൃഷ്ടിച്ചത് .” ( ഉല്പത്തി 9 : 6).  മനുഷ്യ ജീവനെ സ്വീകരിക്കുന്ന , ബഹുമാനിക്കുന്ന സംസ്കാരം നമ്മുടെ ഈ അഹിംസയുടെ നാട്ടിൽ എന്നും നിലനിൽക്കണം . തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഇതിനെതിരെ രംഗത്തു വരണമെന്നും അദ്ദേഹം പറഞ്ഞു .


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<