പ്രദര്‍ശനങ്ങളും മേളകളും കൂട്ടായ്മയുടെ സംഗമവേദികള്‍: പാപ്പാ ഫ്രാന്‍സിസ്

 പ്രദര്‍ശനങ്ങളും മേളകളും കൂട്ടായ്മയുടെ സംഗമവേദികള്‍: പാപ്പാ ഫ്രാന്‍സിസ്

വത്തിക്കാൻ :  ഫെബ്രുവരി 6-Ɔο തിയതി വ്യാഴാഴ്ച രാവിലെയാണ് വത്തിക്കാനിലെ ക്ലെമെന്‍റൈന്‍ ഹാളില്‍വച്ച് രാജ്യാന്തര വ്യാപാര മേളയുടെ ഉച്ചകോടിയെ (Union of International Fairs) പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തത്. വിശ്വാസത്തിന്‍റെയും, സംസ്ക്കാരത്തിന്‍റെയും, ജനതകളുടെ കൂട്ടായ്മയുടെയും, ചിന്താധാരകളുടെയും സംഗമവേദിയായ റോമില്‍ ലോക വ്യാപാര മേളയുടെ ഉച്ചകോടി നടക്കുന്നത് പ്രതീകാത്മകമാണെന്ന് പാപ്പാ പ്രസ്താവിച്ചു.

ഈ സംഗമം സവിശേഷമാകുന്നത്, കൂടുതല്‍ നീതിനിഷ്ഠവും തുറവുള്ളതുമായ ആഗോള മാനവിക സമ്പദ് വ്യവസ്ഥ പ്രസ്ഥാനം ലക്ഷ്യംവയ്ക്കുന്നതുകൊണ്ടാണെന്നു പാപ്പാ ആമുഖമായി അനുസ്മരിച്ചു.

ആഗോളവത്കൃതമായ ലോകത്ത് മനുഷ്യജീവിതത്തിന്‍റെ എല്ലാ പ്രവൃത്തികളും അവയുടെ സാമൂഹികവും, സാംസ്കാരികവുമായ തലങ്ങളില്‍ പൂര്‍വ്വോപരി പാരസ്പരികതയുള്ളതാകണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.   ഈ സാമൂഹിക പാരസ്പരികതയാണ് എല്ലാ വ്യാപാര സാമ്പത്തിക വ്യവഹാരങ്ങള്‍ക്കും പ്രചോദനമേകുന്നതും, സാമൂഹികവും സംഘടിതവുമായ വ്യാപാര സംരംഭങ്ങള്‍ക്ക് വേദിയൊരുക്കുന്നതും.

 

വിപണനത്തിന്‍റെ ഔദ്യോഗിക തലത്തില്‍ മേളകളും പ്രദര്‍ശനങ്ങളും പ്രാദേശിക സാമ്പത്തികതയെ പരിപോഷിപ്പിക്കുകയും തൊഴില്‍ സാദ്ധ്യതകള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു, ഒപ്പം വിസ്തൃതമായ ലോകത്തിന് തദ്ദേശീയ സംസ്കാരത്തിന്‍റെയും പരിസ്ഥിതിയുടെയും മനോഹാരിത വെളിപ്പെടുത്തി കൊടുക്കുകയും ചെയ്യുന്നുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടി.

പൊതുനന്മയ്ക്കായുള്ള ഒരു വീക്ഷണത്തോടെ എല്ലാവരുടെയും പാര്‍പ്പിടമായ ഭൂമിയെ സംരക്ഷിക്കുകയും, വ്യക്തികളുടെയും സമൂഹങ്ങളുടെയും സമഗ്രവികസനം കണക്കിലെടുക്കുന്ന ഒരു കാഴ്ചപ്പാട് വ്യാപാര വീക്ഷണത്തിലും പ്രവര്‍ത്തനങ്ങളിലും ഉള്‍ചേര്‍ക്കണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു.

ഭൂമിയോടും ജനങ്ങളോടുമുള്ള ഈ ധാര്‍മ്മിക വീക്ഷണത്തെ രണ്ടാം തരമായി കാണരുത്. മാത്രമല്ല സാമ്പത്തിക വിജയത്തിന്‍റെ അളവുകോല്‍ ലാഭവും, തിരികെ കിട്ടുന്ന നേട്ടങ്ങളും മാത്രമായി കാണരുത്. മേളകളുടെ ആസൂത്രണത്തിലും, നിര്‍മ്മാണത്തിലും നടത്തിപ്പിലും, അവിടങ്ങളില്‍ നടക്കുന്ന തൊഴില്‍ സംവിധാനങ്ങളിലും മാനവികവും പാരിസ്ഥിതികവുമായ ക്രിയാത്മകതയുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കേണ്ടതാണ്.

മേളകളുടെ മുഖ്യഘടകം അതില്‍ ഇടചേരുന്ന മാനവവിഭവ ശേഷിയാണ്. അതിനാല്‍ അവിടെയെത്തുന്ന എല്ലാവരെയും മേളയുടെ താല്ക്കാലിക വിജയത്തിന് ആവശ്യമായ ഘടകം മാത്രമായി കാണാതെ, അതിനുമപ്പുറം നീളുന്ന നീതിനിഷ്ഠമായ മനുഷ്യബന്ധത്തിന്‍റെ പദ്ധതിയായി വ്യാപാരമേളകളെയും രാജ്യാന്തര പ്രദര്‍ശനങ്ങളെയും മൊത്തമായി കാണണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. മേളകളുടെയും പ്രദര്‍ശനങ്ങളുടെയും പദ്ധതികള്‍ പൊതുനന്മയും സമഗ്രവികസനവും ലക്ഷ്യംവയ്ക്കുന്നതാവട്ടെയെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണം ഉപസംഹരിച്ചത്.
 

– ഫാ. വില്യം നെല്ലിക്കല്‍ 
07 February 2020, 11:02, Vatican

admin

Leave a Reply

Your email address will not be published. Required fields are marked *