സാമ്പത്തിക ശക്തികേന്ദ്രങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും മാത്രമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാനാവില്ല : ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

സാമ്പത്തിക

ശക്തികേന്ദ്രങ്ങള്‍ക്കും

താല്പര്യങ്ങള്‍ക്കും

മാത്രമായിസര്‍ക്കാര്‍പ്രവര്‍ത്തി

ക്കുന്നത്  അംഗീകരിക്കാനാവില്ല : ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

 

കൊച്ചി: ഒരു മാനുഷികപ്രശ്‌നം എന്ന നിലയിലാണ് അഥവാ തീരദേശവാസികളുടെയും മൂലമ്പിള്ളി ജനതയുടെയും ജീവല്‍പ്രശ്‌നം എന്ന നിലയിലാണ് ഈ സമരത്തോട് ഐക്യപ്പെട്ടുകൊണ്ട് പൊതുനിരത്തിലിറങ്ങാന്‍ നാം തയ്യാറായിട്ടുള്ളതെന്ന് ജനബോധനയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. പാവപ്പെട്ടവരുടെ നീതിക്കു വേണ്ടിയുള്ളതാണ് ഈ യാത്ര. മൂലമ്പിള്ളിയില്‍ നിന്നു കുടിയിറക്കപ്പെട്ടവര്‍ക്കും വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയ നിര്‍മാണത്താല്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും നീതി ലഭിക്കണം എന്ന ദൃഢനിശ്ചയത്തോടെ നടത്തുന്ന യാത്രയാണിത്. ഇതില്‍ രാഷ്ട്രീയമില്ല. മനുഷ്യന്റെ ജീവല്‍പ്രശ്‌നങ്ങളുയര്‍ത്തി സമരം ചെയ്യുമ്പോള്‍ അതിനോട് മുഖംതിരിഞ്ഞു നില്‍ക്കുന്ന അധികാരികളോട് തീരദേശവാസികള്‍ ഒറ്റയ്ക്കല്ല എന്നോര്‍മ്മപ്പെടുത്താനാണ് ഈ സമരം കൊണ്ട് കേരളസമൂഹം ആഗ്രഹിക്കുന്നത്. നീതി നല്‍കാന്‍ തീരുമാനമെടുക്കുന്ന ഇടങ്ങളില്‍ തീരജനതയ്ക്ക് വേണ്ടിയും കുടിയൊഴിപ്പിക്കപ്പെടുവര്‍ക്ക് വേണ്ടിയും വാദിക്കാന്‍ ആളുകളുടെ എണ്ണം കുറഞ്ഞു എന്നതിന്റെ പേരില്‍ അവര്‍ക്ക് നീതി നിഷേധിക്കുന്നത് ദുഃഖകരമാണ്. പ്രളയകാലത്ത് കേരളത്തിന്റെ സൈന്യം എന്നാണ് മത്സ്യത്തൊഴിലാളികളെ വിശേഷിപ്പിച്ചത് എന്നതു മറക്കരുത്.
വികസന പദ്ധതികള്‍ക്ക് നാം എതിരല്ല. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനു വേണ്ടിയും തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനു വേണ്ടിയും പള്ളിയും സിമിത്തേരിയും വിട്ടുകൊടുത്തവരാണ് നമ്മുടെ പൂര്‍വികര്‍. ഈ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും പൊതു നന്മയ്ക്കും വേണ്ടി നിലകൊണ്ടവരാണ് നമ്മള്‍. എന്നാല്‍ പൊതുനന്മ ലക്ഷ്യമാക്കാതെ സാമ്പത്തികശക്തികേന്ദ്രങ്ങള്‍ക്കും അവരുടെ താല്പര്യങ്ങള്‍ക്കും വേണ്ടി മാത്രമായി സര്‍ക്കാരും അതിന്റെ സംവിധാനങ്ങളും മാറുന്നത് അംഗീകരിക്കാനാവില്ല.
വികസനപദ്ധതികളോടൊപ്പം വികസനത്തിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവരും പരിഗണിക്കപ്പെടണം.
കടലിന്റെ ഏതെങ്കിലും ഒരു മേഖലയില്‍ ആഘാതം ഏല്‍പ്പിക്കുമ്പോള്‍ അതിനെതിരായി ശക്തിയായ പ്രത്യാഘാതം കടലിന്റെ മറുവശത്തുണ്ടാകുമെന്നുള്ള കാര്യം ശാസ്ത്രീയമായി അംഗീകരിക്കേണ്ടതാണ്. ഈ പ്രതിഭാസമാണ് തിരുവനന്തപുരത്തും വിഴിഞ്ഞത്തും കൊച്ചിയില്‍ ചെല്ലാനത്തും സംഭവിച്ചുകൊണ്ടിരിക്കുന്നത്. വന്‍പദ്ധതികള്‍ കടലില്‍ ആവിഷ്‌ക്കരിച്ചപ്പോള്‍ തീരശോഷണം അതിശക്തമായ രീതിയില്‍ സംഭവിച്ചു.
കാര്യങ്ങള്‍ ഇങ്ങനെ ആയിരിക്കെ ഈ സമരത്തെ കണ്ടില്ല എന്ന മനോഭാവത്തോടു കൂടി സര്‍ക്കാരിന് എത്രനാള്‍ മുന്നോട്ടു പോകാന്‍ കഴിയും എന്നത് അധികാരികള്‍ ചിന്തിക്കേണ്ട കാര്യം തന്നെയാണ്. തീരജനതയുടെ ന്യായമായ അവകാശം ജീവനും തൊഴിലിനും സംരക്ഷണം നല്‍കണം എന്നതു തന്നെയാണ്. മൂലമ്പിള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പലവട്ടം ഞാന്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അവിടെ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ നില്‍ക്കുന്നത് നമ്മെ വേദനിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് മൂലമ്പിള്ളി നിജസ്ഥിതി പഠനകമ്മീഷനെ വരാപ്പുഴ അതിരൂപത  നിയമിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ സ്വാതന്ത്യത്തിന്റെ 75 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ജീവിക്കാനും തൊഴിലെടുക്കാനുമുള്ള അവകാശങ്ങള്‍ക്കുവേണ്ടി ജനങ്ങളെ തെരുവിലേക്ക് ഇറക്കുന്നത് അതീവ ദുഃഖകരമാണെന്ന് അടിവരയിട്ടു പറയുന്നു. ആ ദുഃഖത്തില്‍ നിന്ന് ഉണ്ടാകുന്ന പ്രതിഷേധം അതിശക്തമായിരിക്കുമെന്ന് ഓര്‍മപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ജനബോധനയാത്ര അധികാരികളുടെ കണ്ണു തുറക്കാന്‍ സഹായിക്കട്ടെ എന്നു പ്രത്യാശിക്കുന്നതായും ആര്‍ച്ച്ബിഷപ് വ്യക്തമാക്കി.

അതിജീവനത്തിനും ഉപജീവന സംരക്ഷണത്തിനുമായി ഐതിഹാസിക പ്രക്ഷോഭം നയിക്കുന്ന തിരുവനന്തപുരത്തെ തീരദേശ ജനസമൂഹത്തോട് പക്ഷം ചേര്‍ന്നുകൊണ്ട് കെആര്‍എല്‍സിസിയുടെയും ബഹുജനസംഘടനകളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനബോധന യാത്ര സെപ്റ്റംബര്‍ 14ന് ആരംഭിച്ചു. 18ന് തിരുവനന്തപുരം വിഴിഞ്ഞത്ത് സമാപിക്കും. കേരളത്തിന്റെ സൈന്യം എന്നു വിശേഷിപ്പിക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭം സംസ്ഥാനതലത്തിലേക്ക് ഒരു ബഹുജന പ്രക്ഷോഭമായി വളര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് ജനബോധന യാത്ര സംഘടിപ്പിക്കുന്നത്.
വികല വികസനത്തിന്റെ ബാക്കിപത്രമായ വല്ലാര്‍പാടം തുറമുഖ റോഡിനായി മൂലമ്പിള്ളിയില്‍ നിന്നു കുടിയിറക്കപ്പെട്ടവരുടെ പ്രതിനിധികള്‍ കൈമാറിയ പതാക വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോൺ. മാത്യു ഇലഞ്ഞിമറ്റം എന്നിവർ യാത്രയ്ക്ക് നേതൃത്വം നല്കുന്ന കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎല്‍സിഎ ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് എന്നിവര്‍ക്ക് നല്കി തുടക്കം കുറിച്ചു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ പ്രസംഗിച്ചു.
തുടര്‍ന്ന് എറണാകുളം നഗരത്തിലെത്തിയ യാത്രയെ മദര്‍ തെരേസ ചത്വരത്തില്‍ സ്വീകരിച്ചു.
വൈകിട്ട് 4 ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പില്‍ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വൈകിട്ട് 5ന് രാജേന്ദ്ര മൈതാനിയില്‍ ചേര്‍ന്ന ആദ്യദിനത്തിലെ സമാപന സമ്മേളനം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ വൻകിട പദ്ധതികൾ നടപ്പാക്കുമ്പോൾ ശരിയായ പഠനം നടത്താൻ സ്ഥിരം കമ്മറ്റിയെ നിയമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ബോധ്യപ്പെടുന്ന പദ്ധതികളേ നടപ്പിലാക്കാൻ പാടുള്ളൂ. അല്ലെങ്കിൽ ജനാധിപത്യമല്ല ഏകാധിപത്യമാകും നടപ്പാക്കുക. വിഴിഞ്ഞത്ത് ദുരിതമനുഭവിക്കുന്ന തിരജനതക്ക് പുനരധിവാസം ഉറപ്പാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.എം.പി. ഫൈസല്‍ അസ്ഹരി, ഡോ. കെ.എം ഫ്രാന്‍സിസ്, ചാള്‍സ് ജോര്‍ജ്, ഫ്രാൻസിസ് കളത്തുങ്കൽ, പി.ജെ.തോമസ്, റോയ് പാളയത്തിൽ, ബെന്നി പാപ്പച്ചൻ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിനാശകരവും അതിഭയാനകവുമായ തീരശോഷണവും ആണ് തിരുവനന്തപുരം തീരപ്രദേശങ്ങളില്‍ അനുഭവപ്പെടുന്നതെന്ന് ജാഥ നയിക്കുന്ന കെആർഎൽസിസി വൈസ് പ്രസിസന്റ് ജോസഫ് ജൂഡും കെഎൽ സിഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസും വ്യക്തമാക്കി.ആയിരക്കണക്കിന് തീരദേശ കുടുംബങ്ങള്‍ ഇന്ന് ഭൂരഹിതരും ഭാവനരഹിതരും ആയിരിക്കുന്നു. വിഖ്യാതമായ ശംഖുമുഖം കടല്‍ത്തീരവും അന്താരാഷ്ട്ര പ്രശസ്തി ആര്‍ജ്ജിച്ച കോവളം കടല്‍ത്തീരവും ഇന്ന് നാശോന്മുഖമായിരിക്കുന്നു. 2015ല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം ആരംഭിച്ചതിനുശേഷം ആണ് തീരശോഷണം അതിരൂക്ഷമാവുന്നത്. കേരളത്തിന്റെ മറ്റു പ്രദേശങ്ങളിലും തീരശോഷണം ഗുരുതരമായ വിധം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ചെല്ലാനത്ത് ഭാഗികമായി തീരസംരക്ഷണത്തിന് നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും അത് പൂര്‍ണമായി നടപ്പിലാക്കേണ്ടതുണ്ട്. ആലപ്പുഴയിലും കൊല്ലത്തും നിരവധി മേഖലകളില്‍ തീരശോഷണം അതിരൂക്ഷമാണ്.
നിരവധി വര്‍ഷങ്ങളായി സര്‍ക്കാരിനെ പ്രശ്‌നപരിഹാരത്തിനായി നിരന്തരം സമീപിച്ചുവെങ്കിലും സര്‍ക്കാര്‍ നിസംഗത പ്രകടിപ്പിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികളുടെ നിലനില്പിനായുള്ള ഈ പ്രക്ഷോഭത്തിന്റെ ആവശ്യങ്ങളും സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടുകളും പൊതുജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഈ ജനബോധന യാത്രയുടെ ലക്ഷ്യം.
വികസന പദ്ധതികളുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നവരെ ശരിയായ വിധം പുനരധിവസിപ്പിക്കുന്നതിന് കഴിയാത്തത് ഗുരുതരമായ വീഴ്ചയാണ്. മൂലമ്പിള്ളിയിലെ കുടിയിറക്കപ്പെട്ട നിരവധി കുടുംബങ്ങള്‍ ഇന്നും പുനരധിവസിക്കപ്പെട്ടിട്ടില്ല എന്നത് അത്യന്തം ഖേദകരമാണ്. ഈ സാഹചര്യങ്ങളെ കേരളത്തിന്റെ ശ്രദ്ധയിലേക്കും ബോധ്യത്തിലേക്കും കൊണ്ടുവരികയാണ് ജനബോധന യാത്രയുടെ ലക്ഷ്യം.

സെപ്റ്റംബര്‍ 15ന് കൊച്ചി രൂപതയുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തുന്ന യാത്ര പള്ളുരുത്തിയില്‍ നിന്ന് തോപ്പുംപടി ബിഒടി ജംഗ്ഷനിലേക്ക് നടത്തുന്ന പദയാത്രയോടെ സമാപിക്കും. 16ന് മൂന്നാം ദിവസത്തെ യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത് ആലപ്പുഴ രൂപതയാണ്. രാവിലെ ചെല്ലാനത്ത് നിന്നു ആരംഭിക്കുന്ന യാത്ര ഉച്ചയ്ക്ക് മൂന്നിന് ആലപ്പുഴ ടൗണില്‍ എത്തിച്ചേരും. തുടര്‍ന്ന് കത്തീഡ്രല്‍ ക്യാമ്പസില്‍ നിന്നു പദയാത്രയായി പുന്നപ്രയില്‍ എത്തിച്ചേര്‍ന്ന് പൊതുസമ്മേളനം നടത്തും. സെപ്റ്റംബര്‍ 17ന് ശനിയാഴ്ച കൊല്ലം രൂപതയാണ് ജനബോധന യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. ഹരിപ്പാട് നിന്ന് ആരംഭിക്കുന്ന യാത്ര കൊല്ലത്ത് ചിന്നക്കടയില്‍ പൊതുയോഗത്തോടെ സമാപിക്കും.
സെപ്റ്റംബര്‍ 18 ഞായറാഴ്ച തിരുവനന്തപുരം ജില്ലയുടെ തീരദേശ തീരപ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ജനബോധന യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത് തിരുവനന്തപുരം അതിരൂപതയാണ്. വിഴിഞ്ഞം ഫിഷിങ് ഹാര്‍ബറിന് മുന്നില്‍ നിന്ന് ആരംഭിക്കുന്ന ബഹുജന മാര്‍ച്ച് സമരവേദിക്ക് മുന്‍പില്‍ പൊതുയോഗത്തോടെ സമാപിക്കും.
തിരുവനന്തപുരം അതിരുപത മെത്രാപ്പോലീത്ത ഡോ. തോമസ് ജെ. നെറ്റൊ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമരസമിതി ജനറല്‍ കണ്‍വീനര്‍ മോണ്‍. യുജിന്‍ എച്ച്. പെരേര മുഖ്യപ്രഭാഷണം നടത്തും. മത സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ സംസാരിക്കും. കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നും ബഹുജന സംഘടനകളില്‍ നിന്നും പ്രതിനിധികള്‍ ജാഥയില്‍ പങ്കുചേരും.
വിനാശകരവും ഭയാനകവുമായ തീരശോഷണം ഫലപ്രദമായി പ്രതിരോധിക്കണമെന്നും തീരശോഷണത്തിന്റെ പ്രധാന കാരണമായ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് ശാസ്ത്രീയവും സുതാര്യവുമായ പഠനം നടത്തണമെന്നും ആവശ്യപ്പെട്ടാണ് മത്സ്യത്തൊഴിലാളികളും തീരദേശനിവാസികളും കഴിഞ്ഞ 50 ലേറെ ദിവസങ്ങളിലായി പ്രക്ഷോഭം നടത്തുന്നത്. തീരശോഷണത്തിന്റെ ഫലമായി ഭൂമിയും ഭവനവും നഷ്ടപ്പെട്ട് മനുഷ്യോചിതമല്ലാത്ത സാഹചര്യങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങളെ ന്യായമായ നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.
ഏഴ് ആവശ്യങ്ങളാണ് പ്രക്ഷോഭത്തില്‍ ആവശ്യങ്ങളായി പ്രധാനമായും ഉയര്‍ത്തിയിട്ടുള്ളത്. ചില ആവശ്യങ്ങളില്‍ അവ്യക്തമായ ചില ധാരണകള്‍ ഉണ്ടായെങ്കിലും കാതലായ ചില പ്രശ്‌നങ്ങളില്‍ സര്‍ക്കാരിന്റെ നിലപാട് നിഷേധാത്മകമാണ്. കേരളത്തിന്റെ സാമ്പത്തിക – പാരിസ്ഥിതിക ഘടനയില്‍ ദൂരവ്യാപകവും അതീവ ഗുരുതരവുമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതാണ് വിഴിഞ്ഞം തുറമുഖമെന്നത് പകല്‍ പോലെ വ്യക്തമാണ്. ഇത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പഠിച്ച് പരിഹാരം കണ്ടെത്തുന്നതുവരെ തുറമുഖ നിര്‍മാണം നിര്‍ത്തി വയ്ക്കണമെന്നതാണ് പ്രധാന ആവശ്യം.
————————————–
ജോസഫ് ജൂഡ്
ക്യാപ്റ്റൻ,
ജനബോധന യാത്ര
9847237771

അഡ്വ. ഷെറി ജെ തോമസ്
വൈസ് ക്യാപ്റ്റൻ,
ജനബോധന യാത്ര
9447200500

സിബി ജോയ്
മീഡിയ കോ ഓഡിനേറ്റർ
ജനബോധന യാത്ര
9895439775


Related Articles

കോവിഡ് ഹെൽത്തുകിറ്റുമായി കെസിബിസി

കോവിഡ് ഹെൽത്തുകിറ്റുമായി കെസിബിസി   കൊച്ചി : കോവിഡ് 19 പ്രതിരോധത്തിൽ കേരള സർക്കാർ ഇച്ഛാശക്തിയോടെ മുന്നേറുകയാണ്. രണ്ടാം തരംഗത്തിൻ്റെ ഉഗ്രതയിൽ കേരളം തകർന്നടിയാതിരിക്കാൻകേരള ജനതമുഴുവൻ സർക്കാർ

ആര്‍ച്ച്ബിഷപ് ജോസഫ് അട്ടിപ്പേറ്റിയുടെ നാമകരണ നടപടികള്‍ക്കു തുടക്കമായി

കൊച്ചി:  വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ നാമകരണത്തിനായുള്ള കാനോനിക നടപടികള്‍ ആരംഭിക്കാന്‍ വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തില്‍ നിന്ന് അനുമതിയായി. ആ

കോവിഡ് -19 മൂലം മരണമടഞ്ഞവരെ അനുസ്മരിച്ചു

കോവിഡ് -19 മൂലം മരണമടഞ്ഞവരെ അനുസ്മരിച്ചു കൊച്ചി : വരാപ്പുഴ അതിരൂപതയിൽ നിന്നും കോവിഡ് 19 മൂലം മരണമടഞ്ഞവരെ അനുസ്മരിച്ചു കൊണ്ട് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<